കോട്ടയം: ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന വടവാതൂര്‍ ഡംപിങ് യാര്‍ഡിലെ മാലിന്യപ്രശ്‌നത്തില്‍ വ്യക്തമായ പഠനം നടത്തുന്നതിന് സബ് കമ്മിറ്റി രൂപീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെ മുഖ്യ അജണ്ടതന്നെ വടവാതൂര്‍ ഡംപിങ് യാര്‍ഡിലെ മാലിന്യ പ്രശ്‌നമായിരുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ഭരണപക്ഷ കൗണ്‍സിലര്‍ ഗോപകുമാറാണ് സബ് കമ്മിറ്റി ആശയം കൊണ്ടുവന്നത്. ഇത് അംഗീകരിക്കുന്നതായി ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന അറിയിച്ചു. മാലിന്യപ്രശ്‌നത്തിന്പരിഹാരം കണ്ടെത്താന്‍ ഉടന്‍ തന്നെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി രൂപീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നിലവില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള നല്‍കിയിട്ടുള്ള മൂന്ന് പേരെയും വിളിച്ചുവരുത്തി വിഷയം ചര്‍ച്ച ചെയ്യാനും തീരുമാനമായി.
പല കൗണ്‍സില്‍ യോഗങ്ങളിലും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലുണ്ടാക്കിയ വിഷയമാണ് മാലിന്യപ്രശ്‌നം. മാലിന്യം നീക്കം ചെയ്യുന്നതിന് കഴിഞ്ഞ ജൂലൈയില്‍ ലഭിച്ച മൂന്ന് ഓഫറുകള്‍ പരിഗണിക്കുന്നതിന് നിയമോപദേശം തേടി കൗണ്‍സില്‍ വയ്‌ക്കാന്‍ നേരത്തെ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിനുസരിച്ച് ലഭിച്ച നിയമോപദേശം ചര്‍ച്ച ചെയ്യാനാണ് ഇന്നലെ അടിയന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. എന്നാല്‍ നിയമോപദേശത്തില്‍ വ്യക്തതയില്ലെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. നേരത്തെ മാലിന്യം നീക്കം ചെയ്യുന്നതിന് കരാര്‍ ഉണ്ടാക്കിയ രാംകി കമ്പനിക്കെതിരെ ഇന്നലെയും ശക്തമായ പ്രതിഷേധം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയര്‍ന്നു.
മാലിന്യ നീക്കത്തിന്റെ പേരില്‍ നഗരസഭയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ രാംകി കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിലവിലുള്ള കേസില്‍ കക്ഷിയായ രാംകി കമ്പനി ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കേണ്ടതില്ലെന്നായിരുന്നു നഗരസഭയ്‌ക്ക് ലഭിച്ച നിയമോപദേശം. എന്നാല്‍ ഇതംഗീകരിക്കാതെ നഷ്ടതുക രാംകി കമ്പനിയില്‍ നിന്ന് ഈടാക്കി നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഇതിന് ഭരണപക്ഷത്തിന്റെ പിന്തുണയും ലഭിച്ചു. നാളിതുവരെ വടവാതൂര്‍ പ്രശ്‌നം ആരംഭിക്കുന്നതും അവസാനിക്കുന്നതും രാംകി കമ്പനിയില്‍ തന്നെയാണെന്നും ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ബിജെപി കൗണ്‍സിലര്‍ ടി. എന്‍. ഹരികുമാര്‍ ചൂണ്ടിക്കാട്ടി. അതേ സമയം രാംകി കമ്പനിയുമായുള്ള കരാറിനെക്കുറിച്ച് കൗണ്‍സിലിലെ പുതുമുഖ അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലെന്നത് പ്രകടമായിരുന്നു.
അതേ സമയം, ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എത്താത്തത് ഭരണ-പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയാക്കി. മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥര്‍ ഹാജരാകാത്തത് ഹെല്‍ത്ത് വിഭാഗത്തിന്റെ അനാസ്ഥയാണ് പ്രകടമാക്കുന്നതെന്ന് ഭരണപക്ഷ അംഗങ്ങള്‍ തന്നെ ആരോപണം ഉയര്‍ത്തി.
















