തിരുവനന്തപുരം: മലയാളത്തിലെ പണംവാരി സിനിമകളില്‍ ഒന്നാംസ്ഥാനത്ത് മോഹന്‍ലാലിന്റെ ‘പുലിമുരുകന്’. 25 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം ആദ്യ ആറു ദിവസം കൊണ്ട് മുടക്കുമുതല്‍ പിടിച്ചു. ചിത്രം 10 ദിനം പിന്നിടുമ്പോള്‍ 50 കോടി കടക്കുന്നു. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ വളരെ പെട്ടെന്ന് 100 കോടിയിലെത്തുന്ന ആദ്യ മലയാളചിത്രമാകും ‘പുലിമുരുകന്’. മലയാള സിനിമയിലെ സര്‍വ്വകാല റെക്കോഡാണിത്. പുലിമുരുകനു മുമ്പ് റിലീസായ മോഹന്‍ലാല്‍ ചിത്രം ‘ഒപ്പവും’ വന്‍ കളക്ഷനാണ് നേടുന്നത്. 30 ദിവസം കൊണ്ട് ‘ഒപ്പം’ 45 കോടി നേടി. 6.7 കോടിയാണ് നിര്‍മാണച്ചെലവ്.
അടുത്തകാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍ ‘പ്രേമ’വും ‘ദൃശ്യ’വുമാണ്. ദൃശ്യം തീയറ്റര്‍ വരവും സാറ്റലൈറ്റ് തുകയും ചേര്‍ത്ത് 60 കോടി നേടി. നാലു കോടിയായിരുന്നു നിര്‍മാണച്ചെലവ്. പുതിയ ട്രെന്‍ഡ് സൃഷ്ടിച്ച ‘പ്രേമ’ത്തിന് 67 കോടി കിട്ടി.
നല്ല അഭിപ്രായംകേട്ട സിനിമകള്‍ നിരവധിയുണ്ടെങ്കിലും പണംവാരി ചിത്രങ്ങള്‍ കുറച്ചു മാത്രം. അതില്‍ ആദ്യത്തെ പേര് 1950 ജനുവരി 14ന് റിലീസ് ചെയ്ത ‘ജീവിതനൗക’യാണ്. തുടര്‍ച്ചയായി 284 ദിവസമാണ് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. അഞ്ചു ലക്ഷം രൂപയായിരുന്നു ചെലവ്. കേരളത്തില്‍ നിന്നു മാത്രം 18 ലക്ഷം നേടി. നീലക്കുയില്‍, ഭാര്‍ഗ്ഗവീനിലയം, ചെമ്മീന്‍, ചട്ടക്കാരി, കോളിളക്കം, കാണാമറയത്ത്, മൈഡിയര്‍ കുട്ടിച്ചാത്തന്, ന്യൂദല്‍ഹി, ഒരു വടക്കന്‍വീരഗാഥ എന്നീ ചിത്രങ്ങള്‍ അതത് കാലത്ത് പണംവാരി.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണംവാരിയ രണ്ട് ചിത്രങ്ങളാണ് പ്രിയദര്ശന് സംവിധാനം ചെയ്ത മോഹല്‍ലാല്‍ ചിത്രങ്ങളായ ‘ചിത്ര’വും ‘കിലുക്ക’വും. 365 ദിവസത്തോളം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ അന്നുവരെയുണ്ടായിരുന്ന കളക്ഷന്‍ റെക്കോഡുകളെയെല്ലാം തിരുത്തിക്കുറിച്ച് കോടികളുടെ തിളക്കിത്തിന് മലയാളത്തില്‍ തുടക്കമിട്ടു. 1993ല്‍ തീയറ്ററുകളിലെത്തിയ ‘മണിച്ചിത്രത്താഴാ’ണ് മറ്റൊരു പണംവാരി. സ്ഫടികം, ആറാംതമ്പുരാന്, നരസിംഹം എന്നീ സിനിമകളും തീയറ്ററില്‍ നിന്ന് വലിയതോതില്‍ പണംനേടി.
തളര്‍ച്ചയിലായിരുന്ന മലയാള സിനിമയ്ക്ക് ഊര്‍ജം നല്കിയ സിനിമയാണ് ദിലീപിന്റെ ‘മീശമാധവന്’. താരസംഘടനയായ അമ്മയ്ക്കു വേണ്ടി നടന് ദിലീപ് നിര്‍മിച്ച ‘ട്വന്റി 20’ എന്ന സിനിമ 33 കോടി നേടി. ഏഴു കോടിയായിരുന്നു മുടക്ക്. നാലുകോടി മുടക്കി നിര്‍മ്മിച്ച ‘ക്ലാസ്മേറ്റ്സ്’ 27 കോടിരൂപ നേടി. 2005ല്‍ നാലുകോടി ചെലവില്‍ നിര്‍മിച്ച മമ്മൂട്ടി ചിത്രം രാജമാണിക്യം 19 കോടിരൂപ ലാഭമുണ്ടാക്കി. 4.5 കോടി രൂപ ചെലവിട്ടാണ് ‘മായാമോഹിനി’ ഒരുക്കിയത്. 23 കോടിയുടെ നേട്ടമാണ് ചിത്രത്തിനുണ്ടായത്. ബിജുമേനോന് നായകനായ ‘വെള്ളിമൂങ്ങ’ അപ്രതീക്ഷിത വിജയം സൃഷ്ടിച്ചു. 2.5കോടി മുടക്കി നിര്‍മിച്ച ചിത്രം തീയറ്ററില്‍ നിന്ന് 28 കോടി വാരിക്കൂട്ടി.
ഇതിനെയെല്ലാം കടത്തിവെട്ടിയാണ് മോഹന്‍ലാലിന്റെ ‘പുലിമുരുകന്’ മുന്നേറുന്നത്. വളരെ വേഗം ‘പുലിമുരുകന്’ നൂറുകോടിയിലേക്കെത്തുമ്പോള് മലയാളത്തില്‍ അത് പുതിയ ചരിത്രവുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: