കാഞ്ഞങ്ങാട്: എസ്എസ്എയുടെ കീഴില്‍ ജില്ലയിലെ വിവിധ ബിആര്‍സികളില്‍ ബിപിഒ സ്ഥാനത്തേക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം നടത്തി. ഭരണകക്ഷി അധ്യാപക സംഘടനയിലെ അംഗങ്ങള്‍ക്ക് നല്കിയ നിയമനം നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ആക്ഷേപം. ജില്ലയിലെ ഏഴ് ബിആര്‍സികളിലേക്കും ഒരു ബിപിഒ, മൂന്ന് ട്രെയിനര്‍ എന്നീ തസ്തികകളിലേക്കുമാണ് ഇന്റര്‍വ്യു നടത്തി കഴിഞ്ഞ സപ്തംബര്‍ 23ന് ഉദ്യോഗാര്‍ഥികളുടെ നിയമന ഉത്തരവ് ഇറങ്ങിയത്.
ബിപിഒ തസ്തികകളിലേക്ക് പ്രൈമറി പ്രധാനാധ്യാപകരെയോ അല്ലെങ്കില്‍ പ്രവര്‍ത്തി പരിചയമുള്ള ഹൈസ്കൂള്‍ അധ്യാപകരയോ മാത്രമെ നിയമിക്കാവുവെന്നാണ് എസ്എസ്എ ചട്ടം. ഈ ചട്ടം ലംഘിച്ചു കൊണ്ട് പല ബിആര്‍സികളിലേക്കും നിയമിച്ചിട്ടുള്ളത് പ്രൈമറി അധ്യാപകരെയാണ്. മഞ്ചേശ്വരം, ബേക്കല്‍, കുമ്പള ബിആര്‍സികളില്‍ യുപി സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപകര്‍ക്കാണ് ലക്ഷക്കണക്കിന് രൂപയുടെ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന ബിപിഒ തസ്തിക നല്‍കിയട്ടുള്ളത്.
അഭിമുഖത്തില്‍ പങ്കെടുത്ത വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള അധ്യാപകരെ തഴഞ്ഞാണ് പ്രൈമറി അധ്യാപകര്‍ക്ക് നിയമനം നല്‍കിയതെന്നും ആരോപണമുണ്ട്.
29 പേരെയാണ് നിയമിച്ചത്. ഇതില്‍ 25 പേരെ പ്രൈമറി വിഭാഗത്തില്‍ നിന്നും 4 പേരെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നുമാണ് എടുത്തിട്ടുള്ളത്. എസ്എസ്എ നിബന്ധന പ്രകാരം 29 പേരില്‍ നിന്ന് 12 പേരെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും 17 പേരെ പ്രൈമറി വിഭാഗത്തില്‍ നിന്നുമാണ് നിയമിക്കേണ്ടത്. ഇത് പാലിച്ചിട്ടില്ല. കൂടാതെ പ്രൈമറി പ്രധാനാധ്യാപകരെയോ ഹൈസ്കൂള്‍ വിഭാഗം അധ്യാപകരെയോ മാത്രമാണ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ (ബിപിഒ) തസ്തികയില്‍ നിയമിക്കേണ്ടത്. എന്നാല്‍ ഭരണകക്ഷി സംഘടനയില്‍പ്പെട്ടവരെ തിരുകി കയറ്റാന്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുകയായിരുന്നു. എയ്ഡഡ് സ്കൂളില്‍ നിന്നും വന്ന പ്രൈമറി അധ്യാപകനെയാണ് കുമ്പള ബിആര്‍സിയില്‍ ബിപിഒ ആയി നിയമിച്ചിട്ടുള്ളത്.
യോഗ്യതയുള്ള നിരവധി അധ്യാപകരുണ്ടായിരുന്നിട്ടു കൂടി അനധികൃത നിയമനം നടത്തി സിപിഎം പോഷക സംഘടനയിലെ ആള്‍ക്കാരെ മാത്രം നിയമിച്ചത് വിവാദത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: