പുല്‍പ്പള്ളി: വരള്‍ച്ചയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് സഹായധനം വിതരണം ചെയ്യാന്‍ നടപടി വൈകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് ഒരുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ വിവിധ കൃഷി ഭവനുകളില്‍ നിന്നെത്തിയ 25 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൃഷി നാശമുണ്ടായ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും സാമ്പത്തിക സഹായം നല്കുന്ന കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമാണ് 5000ത്തോളം കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. എന്നാല്‍ കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഭരണപ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ വരള്‍ച്ച ബാധിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നാലുമാസം കഴിഞ്ഞിട്ടും ഇതിനാവശ്യമായ ഫണ്ട് വകയിരുത്താന്‍ കൃഷിവകുപ്പും റവന്യു വകുപ്പും തയ്യാറാകാത്തത് കാരണം ഈ പണം എന്ന് ലഭിക്കുമെന്ന് കൃഷി ഉദ്യോഗസ്ഥര്‍ക്ക് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യമെന്ന് കര്‍ഷക രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: