മാനന്തവാടി: ആരും സഹായിക്കാനില്ലാതെ ആദിവാസി വൃദ്ധ ദമ്പതികളുടെ ജീവിതം ദുരിതപൂര്‍ണമായി മാറുന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശിലേരി അമ്പലമുല തച്ചറക്കൊല്ലി രാമനും(83) ഭാര്യ ഗൗരി(80)യുമാണ് നരകതുല്ല്യമായ ജീവിതം തള്ളിനീക്കുന്നത്. മുമ്പ് ഇവര്‍ രണ്ട് പേരും ജോലിക്ക് പോയാണ് അന്നന്നേക്കുള്ള ആഹാരത്തിന് വക കണ്ടെത്തിയിരുന്നത്. എന്നാല്‍ വിധി ഇവരുടെ ജീവിതം മാറ്റിമറിച്ചു. ഗൗരിക്ക് മാനസിക വൈകല്യം ബാധിക്കുകയും മൂന്ന് മാസം മുമ്പ് രാമന് ബൈക്ക് ഇടിച്ച് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയാണുണ്ടായത്. ശാസ്ത്രക്രിയ കഴിഞ്ഞ് കാലില്‍ കമ്പി ഇട്ടതോടെ രാമന് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി. ഇഴഞ്ഞ് ഇഴഞ്ഞാണ് രാമന് ഇപ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക്പോലും പോകുന്നത്.
റോഡില്‍ നിന്നും 200 മീറ്ററോളം കുത്തനെ കയറ്റം കയറി വേണം ഇവരുടെ വീട്ടിലെത്താന്‍. രാമനെ ചികിത്സക്ക് പോലും കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. വൈദ്യുതിയും വെള്ളവും കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് ഇന്നും അന്യമാണ്. സൗജന്യമായി ലഭിക്കുന്ന റേഷന്‍ അരി മകളുടെ ഭര്‍ത്താവ് വല്ലപ്പോഴും എത്തിക്കുന്നത് കൊണ്ടാണ് ഇവര്‍ രണ്ട് പേരുടെയും ജീവിതം മുന്നോട്ട് നീങ്ങുന്നത്. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ രണ്ട് തവണ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ച് മടങ്ങിയതല്ലാതെ യാതൊരു വിധ ധനസഹായവും ലഭിച്ചില്ലെന്ന് രാമന് പറഞ്ഞു. മക്കളും മരുമക്കളുമെല്ലാം ഉണ്ടെങ്കിലും അവരാരും ഈ വൃദ്ധദമ്പതികളെ തിരിഞ്ഞ് നോക്കാറില്ല. എന്തിനും ആരുടെയെങ്കിലും സഹായം രാമന് ആവശ്യമാണ്. എണീറ്റ് നടക്കാന്‍ വാക്കിംങ്ങ് സ്റ്റിക്ക് എതെങ്കിലും സന്നദ്ധ സംഘടനകള്‍ നല്കിയാല് രാമനത് ഏറെ ഉപകാരപ്രദമാകും. ഇവര്‍ക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കാനോ അല്ലാത്തപക്ഷം ഈ കുന്നിന് മുകളില്‍ നിന്നും മാറ്റി പാര്‍പ്പിക്കാനോ നടപടികള്‍ ഉണ്ടാകണമെന്നാണ് സാമുഹ്യ പ്രവര്‍ത്തകരുടെ ആവശ്യം. ആദിവാസി വിഭാഗത്തിനായി കോടികള്‍ സര്‍ക്കാര്‍ ചെലവഴിക്കുമ്പോഴാണ് കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഈ വൃദ്ധദമ്പതികള്‍ ദുരിതജീവിതം നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: