തൃശൂര്‍: സംസ്ഥാനത്ത് നൂറുകണക്കിന് ക്ഷേത്രങ്ങളുടെ അധീനതയിലുള്ള ഭൂമി അന്യാധീനപ്പെട്ട് കിടക്കുന്നത് തിരിച്ചെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അനുവദനീയമല്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി.ശശികല അഭിപ്രായപ്പെട്ടു. എടക്കളത്തൂര്‍ തിരുവമ്പാടി മൂലസ്ഥാനത്തേക്ക് നടന്ന മൂന്നാമത് മഹാതീര്‍ത്ഥാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ക്ഷേത്രസ്വത്തുക്കള്‍ കയ്യേറുവാനുള്ള വ്യാപകമായ ശ്രമങ്ങള്‍ സംസ്ഥാനത്തെമ്പാടും നടക്കുകയാണ്.
ഇതിനെതിരെ പ്രതികരിക്കുവാനോ നടപടിയെടുക്കുവാനോ ഇടതുവലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ഹിന്ദുക്കളോടുള്ള നിഷേധാത്മക നയത്തിന് ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കുകളായി കാണുകയും ഭൂരിപക്ഷത്തെ തള്ളിക്കളയുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. ഇതിനെതിരെ പ്രതികരിക്കാന്‍ ഹൈന്ദവര്‍ സംഘടിച്ചേ മതിയാകൂ.
ന്യൂനപക്ഷ പ്രീണനത്തിനെതിരെ ശക്തമായി പ്രതികരിക്കുവാനുള്ള സംഘടനാ ശേഷി ഹിന്ദുക്കള്ക്കുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ കയ്യേറുന്നതിന് സഹായകരമാകുന്നത് സര്‍ക്കാരുകളുടെ പരോക്ഷമായ പിന്തുണയാണെന്ന് അവര്‍ പറഞ്ഞു.
ഇതേറെ ദുഃഖകരമാണ്. ഇതിന് പ്രതിവിധി സംഘടനാ ശക്തിമാത്രമാണെന്ന് അവര്‍ പറഞ്ഞു. സമാപനസമ്മേളനത്തില്‍ കെ.ശങ്കരന്‍കുട്ടിനായര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്, തീര്‍ത്ഥാടകസമിതി കണ്‍വീനര്‍ അജയന് പി.വി., രഞ്ജിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു. വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച മഹാതീര്‍ത്ഥാടനം ശബരി മല അയ്യപ്പസേവാസമാജം സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍, സെക്രട്ടറി പി.ആര്.ഉണ്ണി, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി ഹരി മുള്ളൂര്‍, വി.ബാബു, ഇന്ദിര, കെ.കേശവന്, ഉണ്ണികൃഷ്ണന് പട്ടത്ത്, സന്തോഷ് പുത്തൂര്‍, എ.വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
തീര്‍ത്ഥയാത്രക്ക് പുഴയ്ക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം, മുതുവറ, വിലങ്ങന്‍, ചീരക്കുഴി സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പേരാമംഗലം, മുണ്ടൂര്‍, ഏഴാംകല്ല്, കൈപ്പറമ്പ്, കൈപ്പറമ്പ് അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: