ബത്തേരി : വയനാടന്‍ ജൈവ മണ്ഡലം മഴക്കുറവും ജലക്ഷാമവും നേരിടുമ്പോള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടിയെത്തുന്ന കാട്ടാനകള്‍ വഴിയാത്രികര്‍ക്ക് നയന മനോഹരകാഴ്ച്ചയാവുകയാണ്. ബത്തേരി -പുല്‍പ്പളളി പ്രധാന പാതയില്‍ പാമ്പ്ര കാപ്പിതോട്ടത്തിന് സമീപമാണ് കാട്ടാ നകളെ കൂടുതലായി കണ്ടു വരുന്നത്. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്ന ചില യാത്രക്കാര്‍ വാഹനം പാതയോരത്ത് നിര്‍ത്തിയശേഷം ആനകളുടെ ഫോട്ടോ എടുക്കുന്നതും സ്ഥിരം കാഴ്ച്ചയാണ്. കര്‍ണ്ണാടകയുടെ ബന്ദിപ്പൂര്‍ വനമേഖലയില്‍ നിന്നും തമിഴ്നാടിന്റെ മുതുമല പ്രദേശത്തുനിന്നുമെല്ലാം വേനല്‍ക്കാലമാകുന്നതോടെയാണ് വയനാടന്‍ വനങ്ങളിലേക്ക് ആനക്കൂട്ടങ്ങള്‍ കൂടുതലായും എത്താറ്. ചെതലയം റെയ്ഞ്ചില്‍പ്പെട്ട ഇരുളം വനത്തില്‍ നാട്ടുകാരോട് സൗഹൃദം പുലര്‍ത്തുന്ന ഒരു കാട്ടാനയും ഉണ്ട്. നാട്ടുകാര്‍ മണിയന് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഈ ആനയാണെന്ന് തെറ്റിധരിച്ച് വാഹനം നിര്‍ത്തിയ യാത്രക്കാരെ കാട്ടാനകള്‍ വിരട്ടിയോടിച്ച സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഈ പാതയില്‍ കുറിച്ച്യാട് റെയ്ഞ്ചില്‍പ്പെട്ട നാലാം മൈലില്‍ വനപാതയിലാണ് ഒരു പിടിയാന വെടിയേറ്റ് ചരിഞ്ഞത്. എന്നാല്‍ സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാകാതെ വനപാലകര്‍ ഇരുട്ടില്‍ തപ്പുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: