അഞ്ചല്‍: അക്രമവും കൊലപാതകവും നടത്തി സിപിഎം പൊതുജനത്തെ വെല്ലുവിളിക്കരുതെന്ന് ബിജെപി പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ്ബാബു പറഞ്ഞു. മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാനവ്യാപകമായി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം അഞ്ചലില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തിലുടനീളം കൊലപാതകപരമ്പരകള്‍ നടത്തി പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ മറയ്‌ക്കാനാണ് ശ്രമം. കണ്ണൂര്‍ ജില്ലയിലെ മാടമ്പിനേതാക്കള്‍ സ്വന്തക്കാരെയും മക്കളേയും സര്‍ക്കാരിന്റെ പ്രധാന തസ്തികകളില്‍ നിയമിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ സാധാരണ പ്രവര്‍ത്തകര്‍ ഇതിനെതിരെ കലാപം ഉയര്‍ത്തിക്കഴിഞ്ഞു. ഇതിനെതിരെ ശ്രദ്ധതിരിച്ചുവിടാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കൊന്ന് രാഷ്‌ട്രീയം കളിക്കുകയാണ് സിപിഎം. അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവണമെന്ന് ഉമേഷ് പറഞ്ഞു. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ആര്‍.ബാബു ഉദ്ഘാടനം ചെയ്തു. പ്രകടനത്തിനും യോഗത്തിനും ആര്‍.രതീഷ്, എന്‍.വേണുഗോപാല്‍, ബി.പ്രകാശ്കുമാര്‍, സതീഷ് തുമ്പോട്, അരുണ്‍ മുരളി, കേസരി അനില്‍, കെ.എസ്.ബാബുരാജ്, ബേബി കളീക്കല്‍,മണിക്കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















