കാഞ്ഞങ്ങാട്: ജില്ലയിലെ ചെറുകിട ക്വാറികളില്‍ ഉല്പാദനം നിര്‍ത്തിവെച്ചതിനാല്‍ നിര്‍മാണ മേഖല പ്രതിസന്ധിയിലാണെന്ന് ക്വാറി അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മാസം 23 മുതലാണ് ക്വാറികളില്‍ ഉല്പാദനം നിര്‍ത്തിവെച്ചത്. ജില്ലയില്‍ ഏതാണ്ട് 150 ക്വറികളുണ്ട്. ഇവയ്ക്ക് 2014 വരെ ജിയോളജി വകുപ്പില്‍ നിന്ന് നിയമപരമായ അനുമതിയും ലഭിച്ചിരുന്നു. പിന്നീട് ലഭിച്ചിട്ടില്ല. ക്വാറികളുടെ ദൂരപരിധി വീട്, റോഡ്, എന്നിവയും നൂറുമീറ്ററില്‍ കുറവാണെന്നതിന്റെ പേരിലാണ് അനുമതി നിഷേധിച്ചത്. 2014 വരെ 50 മീറ്ററായിരുന്നു ദൂരപരിധി. ഇതിന് പുറമെ എക്സ്പ്ലോസീവ് ലൈസന്‍സും ഇല്ല എന്നതും കാരണമായി. എക്പ്ലോസീവ് ലൈസന്‍സിന് 2008 ല്‍ ജില്ലാ കരിങ്കല്‍ ക്വാറി ഓണേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി അപേക്ഷ നല്‍കുകയും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇത് മടക്കുകയുമായിരുന്നു. 2014 ല്‍ വീണ്ടും അപേക്ഷ നല്‍കുകയും അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പോലും ജിയോളജി വകുപ്പ് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നില്ലെന്നും ഭാരവാഹികള്‍ പറയുന്നു.
കഴിഞ്ഞ മാസം 23 ന് ജില്ലയിലെ ക്വാറികളില്‍ ജിയോളജി ഉദ്യോഗസ്ഥരും പൊലീസും റെയ്ഡ് ചെയ്തതോടെയാണ് ഉല്പാദനം നിര്‍ത്തിവെച്ചത്. അതില്‍ പിന്നീട് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. ഇത് മൂലം ക്വാറി നടത്തിപ്പുകാരായ 150 പേരും ഇവരുടെ കീഴിലുള്ള മൂവായിരത്തോളം തൊഴിലാളികളും തൊഴില്‍ രഹിതരായിരിക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയുണ്ടായ നിബന്ധന നൂറുമീറ്റര്‍ ദൂരപരിധി നിലനിര്‍ത്തണമെന്നതാണ് ഇവരുടെ ആവശ്യം. കെട്ടിടം, റോഡ്, നിര്‍മ്മാണങ്ങള്‍ക്ക് വേണ്ട മെറ്റല്‍ ഉല്പാദനം ഭാഗികമായെങ്കിലും നിലച്ച നിലയിലാണ്. ജില്ലയിലെ ക്രഷര്‍ ഉടമകളും പണിമുടക്കിനൊരുങ്ങുകയാണ്. അതോടെ നിര്‍മ്മാണമേഖല പൂര്‍ണമായി സ്തംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്വാറി അസോസിയേഷന് ജില്ലാ സെക്രട്ടറി എ.എം അബ്ദുള്ള, പ്രസിഡന്റ് ടി. മുഹമ്മദ് കുഞ്ഞി, എന്‍.കെ ഉണ്ണിക്കൃഷ്ണന്, ജോസഫ് പരപ്പ, സുകുമാരന്‍ കരിപ്പാടകം എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: