മാനന്തവാടി: കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഏതു സമയവും സംഘര്‍ഷാവസ്ഥ ഉടലെടുക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രശ്നങ്ങളൊന്നുമില്ലാത്ത വയനാട്ടില്‍ പൂജ, മുഹറം അവധി ആഘോഷിക്കാന്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നും വിനോദ സഞ്ചാരി പ്രവാഹം. ജില്ലയിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ഡോര്മിറ്ററികളുമെല്ലാം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. സ്വദേശികളേക്കാള്‍ കൂടുതലായി കര്‍ണാടക, തമിഴ്നാട് സ്വദേശികളാണ് വയനാട്ടില്‍ എത്തിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത ഗുരുതരാവസ്ഥയിലായതിനാല്‍ അങ്ങോട്ടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മരണം സംഭവിച്ചാല്‍ ആഴ്ചകളോളം തമിഴ്നാട്ടില്‍ സംഘര്ഷമായിരിക്കുമെന്നുമാണ് സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കാവേരി നദീ ജല വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലും സ്ഥിതി ശാന്തമല്ല. തമിഴ്നാടിന് ജലം വിട്ടുകൊടുക്കണമെന്ന കോടതി വിധിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പുണ്ടായ സംഘര്‍ഷത്തില്‍ തമിഴ്നാട് രജിസ്ട്രേഷന് വാഹനങ്ങള്‍ കര്‍ണാടകയില്‍ തെരഞ്ഞ് പിടിച്ച് ആക്രമിച്ചിരുന്നു. തമിഴ്നാട്ടില്‍ നേരേ തിരിച്ചും സംഭവിച്ചിരുന്നു. കാവേരി നദീ ജലം തര്‍ക്കം രമ്യമായി പരിഹരിച്ചിട്ടില്ലാത്തതിനാല്‍ സംഘര്‍ഷം ഭയന്ന് ഇരു സംസ്ഥാനങ്ങളിലെയും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ കാരണം ഇപ്രാവശ്യം കര്‍ണാടക, തമിഴ്നാട് സ്വദേശികള്‍ വയനാടിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
മൈസൂര്‍, ഊട്ടി, മസിനഗുഡി, ബന്ദിപ്പൂര്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കിയ അന്യസംസ്ഥാന സഞ്ചാരികള്‍ വയനാട്ടിലാണ് എത്തിയിരിക്കുന്നത്. പതിവില്‍ കൂടുതല്‍ അന്യസംസ്ഥാന സഞ്ചാരികള്‍ എത്തിയത് വയനാട്ടിലെ ഹോട്ടലുകള്‍ക്കും സുഗന്ധവ്യജ്ഞന വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗുണകരമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: