പത്തനതിട്ട: കേരളം മാറിമാറിഭരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ആര്‍എസ്എസ് സഹ പ്രാന്തപ്രചാരക് എസ്.സുദര്ശനന് പറഞ്ഞു. ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളത്തിലെ മഹാത്മാ അയ്യങ്കാളി നഗറില്‍ നടന്ന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാശ്മീരില്‍ മാത്രമായി ഭീകരവാദം ഒതുങ്ങുമെന്ന് മുമ്പ് നമ്മള് കരുതിയിരുന്നു. എന്നാല്‍ ഇന്ന് ഐഎസ് തീവ്രവാദികള്‍ നമ്മുടെ സമീപത്തും എത്തിക്കഴിഞ്ഞു. ഇത്തരത്തില്‍ ഭാരതത്തില്‍ സ്വസ്ഥജീവിതം അന്യമായിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷം എല്ലാക്കാലത്തും ദേശത്തിനെതിരായിരുന്നെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇപ്പോഴും അവര്‍ അതേ നിലപാട് തുടരുന്നു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മനുഷ്യന്റെ ആരാധനാ സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുന്നു. ലോകത്ത് ഏറ്റവും വിശിഷ്ടമായതാണ് ഭാരതീയ ദര്‍ശനങ്ങള്‍. സനാതന ധര്‍മ്മമായ ഹിന്ദുത്വം മരിച്ചാല്‍ ഭാരതം ഇല്ലാതാകും. സന്യാസിവര്യന്മാരുടെ തപസും ആദ്ധ്യാത്മികാചാര്യന്മാരുടെ സമര്‍പ്പണവുമാണ് ഭാരത സംസ്ക്കാരത്തിന്റെ അടിസ്ഥാനം. ഇതിന്റെ പിന്തുടര്ച്ചയായ പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്എസ് കഴിഞ്ഞ 90 വര്‍ഷമായി നടത്തുന്നത്. ഒരു മതവിഭാഗത്തേയും സംഘടിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചിട്ടില്ല. നിശബ്ദ പ്രവര്‍ത്തനത്തിലൂടെ ദേശസ്നേഹം ജനമനസ്സുകളില്‍ പകര്ന്നുനല്കാനാണ് ശ്രമിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങളുള്ക്കൊണ്ടാണ് സംഘപ്രവര്‍ത്തനം 90 വര്‍ഷം പിന്നിട്ടത്. പ്രകൃതി ദുരന്തത്തിലും യുദ്ധമുഖത്തും സംഘപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനം മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും അംഗീകരിക്കുന്നു. ഭാരതത്തില്‍ രണ്ട്ലക്ഷത്തില്പരം സേവാകേന്ദ്രങ്ങള്‍ സംഘത്തിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നു. ഭാരതത്തിന് വെളിയില്‍ 40 രാജ്യങ്ങളില്‍ സംഘപ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു. തത്വനിഷ്ഠമായ സംഘപ്രവര്‍ത്തനത്തില്‍ വ്യക്തികള്‍ക്ക് പ്രാധാന്യം ഇല്ല.ഭാരതം ഇന്ന് പുതുപ്രതീക്ഷയിലാണെന്നും ജനമനസ്സുകളില്‍ ദേശസ്നേഹത്തിന്റെ ജ്വാല പകര്‍ന്നു നല്കാന് നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട.സബ് രജിസ്ട്രാര്‍ എം.എ.കബീര്‍ അദ്ധ്യക്ഷതവഹിച്ചു. ഭാരതീയമായ ആഘോഷങ്ങള്‍ മനസ്സിനെ ശുദ്ധീകരിക്കാനുള്ള കര്മ്മപദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. മാനവീകതയില്‍ ഊന്നിയ ദര്‍ശനങ്ങള്‍ക്ക് മാത്രമേ ലോകത്ത് നിലനില്‍പ്പൊള്ളൂ. സര്‍വ്വതിനേയും ഉള്‍ക്കൊള്ളുന്ന ഭാരതീയ ദര്‍ശനങ്ങളിലേക്ക് ലോക രാഷ്ട്രങ്ങള്‍ ആകൃഷ്ടരാകുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമം നടത്തുന്നു. ഇതൊഴിവാക്കാനുള്ള ശ്രമവും സമൂഹത്തില്‍ ആവശ്യമാണ്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഏറെ നന്മകളാണ് നല്‍കുന്നതെന്നും എം.എ.കബീര്‍ പറഞ്ഞു.
തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്, ഉന്നതവിദ്യാഭ്യാസസമിതി സംസ്ഥാന സംഘടനാ സെക്രട്ടറി മോഹന കണ്ണന്, ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന്, ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്, വിഭാഗ് സഹകാര്യവാഹ് ആര്.പ്രദീപ്, വിഭാഗ് കാര്യകാരി സദസ്യന്മാരായ എന്‍.ജി.രവീന്ദ്രന്, പി.സുനില്‍, കെ.സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റിട്ട.ഡെപ്യൂട്ടി കളക്ടര്‍ എന്‍.ബാലകൃഷ്ണപിള്ളയില്‍ നിന്നും വരിസഖ്യ ഏറ്റുവാങ്ങി വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന് കേസരി വാരികയുടെ ജില്ലയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കാര്യവാഹ് എന്‍.വേണു സ്വാഗതവും ജില്ലാ സഹകാര്യവാഹ് ബി.സുരേഷ് നന്ദിയും പറഞ്ഞു.
പൊതുപരിപാടിക്ക് മുന്നോടിയായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിന്നും കുമ്പഴ ചന്ത മൈതാനിയില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനങ്ങള്‍ അബാന്ജംങ്ഷനില് സംഗമിച്ച് സമ്മേളന നഗരിയില്‍ സമാപിച്ചു. പന്തളം, അടൂര്‍ വടശ്ശേരിക്കര താലൂക്കുകളില്‍ നിന്നുള്ള സ്വയംസേവകര്‍ ജില്ലാ സ്റ്റേഡിയത്തിലും കലഞ്ഞൂര്‍, കോന്നി, പത്തനംതിട്ട താലൂക്കുകളില്‍ നിന്നുള്ളവര്‍ കുമ്പഴ ചന്ത മൈതാനിയിലും എത്തിയാണ് പഥസഞ്ചലനത്തില്‍ പങ്കെടുത്തത്. ഗണവേഷധാരികള്ക്ക് പുറമേ സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: