ബത്തേരി : രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ബത്തേരിയില്‍ നടത്തിയ പഥസഞ്ചലനവും പൊതുസമ്മേളനവും സമാജശക്തി വിളിച്ചോതുന്ന വേദിയായി. സംഘത്തിന്റെ തൊണ്ണൂറ്റിയൊന്നാം വയസ്സിന്റെ നിറവില്‍ നടത്തിയ പൊതുപരിപാടി ജില്ലയില്‍ വേറിട്ട കാഴ്ച്ചയായി. മാറിയ ഗണവേഷവുമായി ആയിരകണക്കിന് സ്വയംസേവകരാണ് ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്ന് പൊതുസമ്മേളന നഗരിയായ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. വഴിയിലുടനീളം സ്വയംസേവകരെ വരവേറ്റ് ഒരു സമാജം തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കൃത്യം മൂന്നരയ്ക്കുതന്നെ തുടങ്ങിയ പഥസഞ്ചലനം സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തി.
ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സഹ പ്രാന്തകാര്യവാഹും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ച കമ്മ്യൂണിസ്റ്റുകാര്‍ ഇന്നും അതേ മാനസികാവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. മതേതര-ജനാധിപത്യവാദികളാണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭരണം നഷ്ടമായ എല്ലാ രാഷ്ട്രങ്ങളിലും മത മൗലീകവാദമാണ് തഴച്ചുവളരുന്നത്. ഏഴ് പതിറ്റാണ്ട് കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍കീഴിലിരുന്ന സോവിയറ്റ് യൂണിയനിലെ പല ഭൂപ്രദേശങ്ങളിലും ഇസ്ലാമിക തീവ്രവാദം ഇന്ന് താണ്ഡവ നൃത്തമാടുകയാണ്. ഇന്ത്യയിലും ദേശവിരുദ്ധ ശക്തികള്‍ക്ക് കമ്മ്യൂണിസ്റ്റുകള്‍ നല്കുന്ന ആശയപരമായ സംരക്ഷണമാണ് ജെഎന്‍യുവിലും വടക്കന്‍ കേരളത്തിലും ഇന്ന് കാണാന്‍ കഴിയുന്നത്. ഭാരതത്തിനെതിരെ സായുധ സമരം നയിക്കുമെന്നും രാജ്യത്തെ തുണ്ടംതുണ്ടമായി വിഭജിക്കുമെന്നും ആക്രോശിച്ചവരെ സംരക്ഷിക്കുംവിധമാണ് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെ പേരില്‍ ജെഎന്‍യുവിലെ ദേശവിരുദ്ധര്‍ക്കായി ഇവര്‍ വാദിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സനാതന മൂല്യങ്ങളെയും ദര്‍ശനങ്ങളെയും കമ്മ്യൂണിസ്റ്റുകാര്‍ എക്കാലത്തും അവഗണക്കുകയും ആക്ഷേപിക്കുകയും നമ്മുടെ ആത്മീയ ആചാര്യന്മാരെയും ദേശാഭിമാനികളെയുമെല്ലാം ഇകഴ്ത്തികാട്ടാനുമാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എ മുന്‍ സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ ഡോ. ഇ.പി.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വയനാട് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, കോഴിക്കോട് വിഭാഗ് കാര്യകാരി സദസ്യന്‍, കെ.ജി.സുരേഷ്ബാബു, ജില്ലാ കാര്യവാഹ് എം.രജീഷ് സ്വാഗതവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: