ലോകം ഇനി നേരിടേണ്ടി വരിക ജലത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളെയായിരിക്കുമെന്നാണ് വരുംകാലത്തെക്കുറിച്ച് ചിന്തിക്കുന്നവരുടെ മുന്നറിയിപ്പ്. ഇത് നമുക്ക് കണ്ടില്ലെന്ന് നടിക്കാനോ അവഗണിക്കുവാനോ സാധ്യമല്ല. നാല്പ്പത്തിനാല് നദികളാല്‍ സമ്പന്നമായ കേരളത്തിന്റെ അവസ്ഥ തന്നെ നോക്കു. കടുത്ത വേനല്‍ നീണ്ടുനിന്നാല്‍ വറ്റിപ്പോകാവുന്ന വെള്ളമേ അതിലുള്ളു. മഴപെയ്തുതോര്ന്നാലുടന് തന്നെ ഭൂമി ചുട്ടുപഴുക്കുന്ന അവസ്ഥ. കൊടും വേനലിലേക്കും ജലക്ഷാമത്തിലേക്കുമുള്ള ദൂരം അകലെയല്ല എന്ന് പ്രകൃതിയും ഓര്‍മിപ്പിച്ചു തുടങ്ങി.
ജലക്ഷാമത്താല്‍ വലയുന്ന സംസ്ഥാനങ്ങള്‍ ഭാരതത്തില്‍ നിരവധിയാണ്. കേരളത്തിലെ മിക്ക ജില്ലകളേയും വരള്‍ച്ച കാര്യമായി ബാധിക്കുന്നുമുണ്ട്. ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വലയുന്നത് സ്ത്രീകളാണ്. കുടിക്കുന്നതിനും കുളിക്കുന്നതിനും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാം വെള്ളം തേടി കിലോമീറ്ററുകള്‍ അലയേണ്ടിവരുന്നു. ദീര്‍ഘദൂരം ജലസ്രോതസ്സുകള്‍ തേടിപ്പോകേണ്ടി വരുന്നത് അവരുടെ നിത്യജീവിതത്തെയാകെ ബാധിക്കും. ഗ്രാമീണ സ്ത്രീകളാണ് ഇത്തരത്തില്‍ കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരിക.
കൃഷിയാവശ്യങ്ങള്‍ക്കും വെള്ളം അത്യന്താപേക്ഷിതമാണ്. കുഞ്ഞുങ്ങള്‍ കൂടിയുണ്ടെങ്കില്‍ വെള്ളത്തിന്റെ ആവശ്യം ഇരട്ടിയാകും. വെള്ളം സംഭരിക്കുന്നതിന് വേണ്ടി മണിക്കൂറുകളാണ് വീട്ടമ്മമാര്‍ ചിലവഴിക്കേണ്ടി വരിക. അത് അവരുടെ ആരോഗ്യവും ക്ഷയിപ്പിക്കുന്നു.
വെള്ളം തേടി പത്ത് കിലോമീറ്ററോളം സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകളുടെ കാര്യം ഒന്നാലോചിച്ച് നോക്കൂ. ഓരോ തവണയും ഏകദേശം 15 ലിറ്റര്‍ ജലമാണ് ചുമക്കേണ്ടി വരിക. തലയില്‍ വെള്ളം നിറച്ച കുടവും കൈയില്‍ ബക്കറ്റുമായി നിത്യവും ഇങ്ങനെ അഞ്ചോ ആറോ തവണ നടക്കേണ്ടി വരുന്നത് അവരെ ശാരീരികമായും തളര്‍ത്തുന്നു. മറ്റാവശ്യങ്ങള്‍ക്ക് സമയം തികയാതെ വരുന്നു. മറ്റൊരു തരത്തില്‍ വരുമാനം ഉണ്ടാക്കുന്നതിനോ, കുട്ടികളെ പരിചരിക്കുന്നതിനോ, പെണ്‍കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിനോ ഗ്രാമീണ സ്ത്രീകള്‍ക്ക് സാധിക്കാതെ വരുന്നു. സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവരുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഏറെയാണ് ഗ്രാമീണ ഭാരതത്തില്‍.
ഒരു വര്‍ഷം ചുരുങ്ങിയത് 210 മണിക്കൂറാണ് സ്ത്രീകള്‍ക്ക് വെള്ളം കണ്ടെത്തുന്നതിനും ശേഖരിക്കുന്നതിനുമായി ചിലവഴിക്കേണ്ടി വരുന്നതെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വെള്ളത്തിന്റെ അപര്യാപ്ത ഒരു സമൂഹത്തെ എത്തരത്തിലൊക്കെ ബാധിക്കുന്നു എന്ന്, ജലക്ഷാമം അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് മനസ്സിലാവണം എന്നില്ല.
ജല ദൗര്‍ലഭ്യത്താല്‍ അശുദ്ധ ജലം ഉപയോഗിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇത് മൂലം ജലജന്യ രോഗത്താല്‍ മരിക്കുന്നവരുടെയെണ്ണവും കൂടുതലാണ്.
ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ അത് ഭക്ഷ്യോത്പ്പാദനത്തെയും ബാധിക്കും. വേണ്ടരീതിയില്‍ മൃഗപരിപാലനവും നടക്കില്ല. ആഗോളതലത്തില്‍ 70 ശതമാനം വെള്ളമാണ് കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് 10 ശതമാനവും. ഭക്ഷ്യവിളകളുടെ ഉത്പാദനത്തിലുണ്ടാകുന്ന ഇടിവ് ദാരിദ്രത്തിന് വഴിയൊരുക്കും.
വെള്ളം തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുന്നത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തേയും അവതാളത്തിലാക്കും. സാമ്പത്തിക അഭിവൃദ്ധിക്കും മെച്ചപ്പെട്ട ജീവിത നിലവാരം നിര്‍ണയിക്കുന്നതിനും വെള്ളത്തിന് പ്രധാന പങ്കുണ്ട്. സമൂഹത്തിലെ എല്ലാമേഖലയും അഭിവൃദ്ധി നേടുന്നതിന് ജലം ആവശ്യമാണ്. അല്ലാത്ത പക്ഷം ആ സമൂഹത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നും ജനങ്ങള്‍ ദാരിദ്രത്തിലാണെന്നും അര്‍ത്ഥമാക്കേണ്ടി വരും.
ജലം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക എന്നതും അവബോധം സൃഷ്ടിക്കുകയെന്നതുമാണ് പ്രധാനം. തുടര്‍ച്ചയായി മഴ ലഭിച്ചാലും വെള്ളം ദുരുപയോഗം ചെയ്യന്നതും മഴവെള്ളം സംഭരിക്കാത്തതും ഭാവിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കാനുള്ള സാധ്യതയും പരിശോധിക്കേണ്ടതുണ്ട്.
കേരളത്തില്‍ മാത്രം ഒരു വര്‍ഷം ഒഴുക്കിക്കളയുന്നത് 1.11 ലക്ഷം ഘനമീറ്റര്‍ മഴവെള്ളമാണത്രെ. ഈ പ്രശ്നം പരിഹരിക്കുന്നതിന് മഴക്കുഴികളുടെ നിര്‍മാണത്തിലൂടെ സാധിക്കും. ഭൂമിയില്‍ വീഴുന്ന മഴവെള്ളം വീഴുന്നിടത്തു തന്നെ വിവിധ രീതികളില്‍ ശേഖരിച്ച് ഭൂമിയില്‍ താഴാനുള്ള അവസരമൊരുക്കാനാണ് മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത്. ജലക്ഷാമം പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നതും ഈ രീതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: