തമിഴകത്തിന്റെ മുഖ്യമന്ത്രി, തമിഴരുടെ ‘അമ്മ’ രോഗബാധിതയായി ആശുപത്രിയില്‍ കഴിയുമ്പോഴും തമിഴ്നാടിന്റെ ഭരണ ചക്രം തിരിയുന്നത് സുഗമമായി തന്നെ. തമിഴ് ജനതയുടെ വൈകാരിക പ്രശ്നമായ കാവേരിനദീജല തര്‍ക്കം കത്തിക്കയറിയപ്പോഴും തമിഴ്നാട് സംയമനത്തോടെ അതിനെ നേരിട്ടു. ഭരണ പ്രതിസന്ധിയുണ്ടെന്ന ആരോപണം പ്രതിപക്ഷം പോലും ഉന്നയിക്കുന്നില്ല.
അപ്പോളോ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിത ഇതൊന്നും പക്ഷേ അറിയുന്നില്ല. അറിയുന്നത് ഒരാള്‍ മാത്രം. മലയാളിയായ ഷീലാ ബാലകൃഷ്ണന് എന്ന റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥ. നാലരപ്പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരത്തു നിന്ന് തമിഴ്നാട്ടിലേക്ക് പറിച്ചു നടപ്പെട്ട ഷീലയുടെ കൈകളില്‍ തമിഴ്നാടിന്റെ ഭരണം സുഭദ്രം. മുതിര്‍ന്ന മന്ത്രിമാരും ഐഎഎസ്സുകാരും ഐപിഎസ്സുകാരും ഉദ്യോഗസ്ഥരുമെല്ലാം അവരുടെ കല്പനകള്ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി കാത്തിരിക്കുന്നു. അതനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അവര്‍ക്കെല്ലാം അറിയാം ഷീലയിലൂടെ വരുന്നത് ‘അമ്മ’യുടെ വാക്കുകളാണെന്ന്. ഷീലയ്ക്കറിയാവുന്നത് ഒന്നുമാത്രം, അമ്മ ജയലളിതയുടെ മനസ്!
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിപോലും സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞിട്ടില്ല. എല്ലാം സുഗമമായി നടക്കുമ്പോള്‍ അതെങ്ങനെ പറയാനാകും?. എന്നാല്‍ കരുണാനിധി ഒന്നു പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നത് ജയലളിതയുടെ നിഴലാണെന്ന്. ജയലളിതയുടെ നിഴലായ ഷീലാ ബാലകൃഷ്ണന്.
ഇക്കഴിഞ്ഞ സപ്തംബര്‍ 22 മുതല്‍ ജയലളിത രോഗബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുകയാണ്. അവരുടെ രോഗാവസ്ഥയെ കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ പുറംലോകത്തിനറിയില്ലെങ്കിലും ചികിത്സയ്ക്ക് ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായം ആവശ്യമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ദീര്‍ഘനാളുകള്‍ അവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടിയും വരും. ജയലളിതയ്ക്ക് മുഖ്യമന്ത്രിയെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനോ ഭരണ നിര്‍വ്വഹണത്തിനോ സാധിക്കുന്നില്ല.
ചെറിയ പ്രശ്നത്തിന്റെ പേരിലാണെങ്കിലും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന രാഷ്ട്രീയ സാമുദായിക സാഹചര്യങ്ങളുള്ള തമിഴ്നാട്ടില്‍ ഭരണത്തില്‍ അനിശ്ചിതത്വം ഉണ്ടാകുന്നത് പ്രശ്നങ്ങളുണ്ടാക്കും. എന്നാല്‍ ജയലളിത ആശുപത്രിയിലായതിനു ശേഷം ഭരണത്തില്‍ പിഴവുകളൊന്നുമുണ്ടാകാതിരിക്കുന്നതിനു പിന്നില്‍ ഷീലാബാലകൃഷ്ണന്റെ കരങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ജയലളിതയുടെ വിശ്വസ്തയായ അവര്‍ അപ്പോളോ ആശുപത്രിയിലിരുന്ന് എല്ലാം നിയന്ത്രിക്കുന്നു. ജയയുടെ തോഴി ശശികലയോടും അവര്‍ കൂടിയാലോചന നടത്തുന്നു.
ഭരണപരമായ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം ഷീലയുടേതാണ്. പ്രധാന തീരുമാനങ്ങളെന്തെന്ന് ചീഫ് സെക്രട്ടറിയെ അവര്‍ നേരിട്ടറിയിക്കും. ചീഫ് സെക്രട്ടറി പി. രാമമോഹന്റാവുവും ഡിജിപി ടി.കെ. രാജേന്ദ്രനും ദിവസവും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് ഷീല ബാലകൃഷ്ണനില്‍ നിന്നുമാണ്. മന്ത്രിമാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കും. മുഴുവന്‍ വകുപ്പുകളിലും ഷീലയുടെ നോട്ടവും നിയന്ത്രണവുമുണ്ട്. അതിലാര്‍ക്കും പരാതികളില്ല. കാരണം, എല്ലാവര്ക്കും അറിയാം ഷീലയെന്നാല്‍ ജയലളിതയാണ്. ‘അമ്മ’യുടെ മനസ്സാണ് ഷീലയിലൂടെ വരുന്നത്.
1954ല്‍ തിരുവനന്തപുരത്തു ജനിച്ച ഷീല 1976ലെ തമിഴ്നാട് കേഡര്‍ ഐഎഎസ് ബാച്ചില്‍പ്പെട്ടതാണ്. 22-ാം ആദ്യശ്രമത്തില്‍ തന്നെ വയസില്‍ ഐഎഎസ് കിട്ടി. തഞ്ചാവൂരില്‍ അസിസ്റ്റന്റ് കളക്ടറായാണ് ഷീലയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എം. ജി. രാമചന്ദ്രന് മുഖ്യമന്ത്രിയായിരിക്കെ 1983ല്‍ സാമൂഹ്യക്ഷേമ ഡയറക്ടറായി നിയമിക്കപ്പെട്ടു. ആ സ്ഥാനത്ത് അവര്‍ തന്റെ കഴിവ് തെളിയിച്ചു. നിരവധി വ്യത്യസ്തമായ പദ്ധതികളിലൂടെ സാമൂഹ്യക്ഷേമ രംഗം ഉടച്ചു വാര്‍ക്കപ്പെട്ടു. തമിഴ്നാട്ടില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു. 1996മുതല്‍ ഫിഷറീസ് കമ്മീഷണറായി. പിന്നീട് സാമൂഹ്യക്ഷേമ വകുപ്പിന്റെയും പോഷകാഹാര വിതരണ പദ്ധതിയുടെയും സെക്രട്ടറിയായി. 2001ല്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയായി.
ജയലളിത അഴിമതി കേസുകളില്‍ നിന്നും മുക്തയായി 2002ല്‍ മുഖ്യമന്ത്രിയായി മടങ്ങിയെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ഷീലയെയാണ്. 2006ല്‍ ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയാക്കി ഷീലയെ ഒതുക്കുകയും ചെയ്തു.
2012ല്‍ ചീഫ് സെക്രട്ടറി സ്ഥാനം ഒഴിവുവന്നപ്പോള്‍ സര്‍വീസിലെ മുതിര്‍ന്ന ഐഎഎസുകാരനായ ഷീലയുടെ ഭര്‍ത്താവ് ആര്. ബാലകൃഷ്ണന് നിയമിക്കപ്പെടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ജയലളിത തെരഞ്ഞെടുത്തത് ബാലകൃഷ്ണന്റെ ഭാര്യ ഷീലയെയാണ്. ബാലകൃഷ്ണന് അതില്‍ ഒട്ടും നീരസമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഭാര്യയുടെ കഴിവുകളെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്ന അദ്ദേഹത്തിന് സന്തോഷവുമായിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടര്‍ന്ന് 2014 മാര്‍ച്ചില്‍ ഷീലയെ സര്‍ക്കാരിന്റെ ഉപദേശകയായി നിയമിച്ചു. ആ സ്ഥാനത്ത് ഇന്നും അവര്‍ തുടരുന്നു.
മുഖ്യമന്ത്രി ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുമ്പോള്‍ സംസ്ഥാന ഭരണം എന്തായിത്തീരുമെന്ന ആശങ്ക തമിഴ്നാട് ഹൈക്കോടതിയില്‍ വരെയെത്തി. ഹൈക്കോടതി ആ വിഷയത്തിലിടപെട്ടില്ലെങ്കിലും ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് ചിലരെങ്കിലും പറഞ്ഞു. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. സംസ്ഥാന ഭരണം ഷീലയുടെ കൈകളില്‍ സുഭദ്രമാണെന്ന് വിമര്‍ശിച്ചവര്‍ തന്നെ അംഗീകരിച്ചു.
കേരളത്തില്‍ നിന്നെത്തി തമിഴ്നാട്ടില്‍ വിജയക്കൊടി പാറിച്ച ഷീലയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ വേരുകളില്ല. കേരളത്തിലെ മുതിര്‍ന്ന പല ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും അവരെക്കുറിച്ചുള്ളത് അവ്യക്തവും ഉറപ്പില്ലാത്തതുമായ ധാരണകള്‍ മാത്രം. അവരെല്ലാം ഒന്ന് ഉറപ്പിച്ചു പറയുന്നു. ജയലളിതയുടെ ഭരണ വിജയങ്ങള്‍ക്കു പിന്നില്‍ ഷീലയുടെ കരങ്ങളുണ്ട്. ഷീല ഉണ്ടെങ്കിലേ ജയലളിത പൂര്‍ണ്ണമാകൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: