കോട്ടയം ജില്ലയില്‍ പനച്ചിക്കാട് ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രം ”ദക്ഷിണമൂകാംബി” എന്നറിയപ്പെടുന്നു. മറ്റു പല ക്ഷേത്രങ്ങളിലും കാലിക പ്രാധാന്യം കണക്കിലെടുത്ത് നവരാത്രിക്കാലത്ത് മാത്രം സരസ്വതീപൂജ നടത്താറുണ്ടെങ്കിലും സദാസമയവും സരസ്വതീ സാന്നിദ്ധ്യംകൊണ്ട് ധന്യമായിട്ടുള്ളത് പനച്ചിക്കാട് മാത്രമാണ്.
ദക്ഷിണ കേരളത്തില്‍, കോട്ടയത്തുനിന്നും 11 കിലോമീറ്റര്‍ തെക്കുമാറിയാണ് കുടജാദ്രിയെ അനുസ്മരിപ്പിക്കുന്ന പനച്ചിക്കാട് ഗ്രാമം സ്ഥിതിചെയ്യുന്നത്. എം.സി. റോഡില്‍ ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയ്ക്ക് ഉള്ള ചിങ്ങവനത്തുനിന്നും 4 കിലോമീറ്റര്‍ കിഴക്കോട്ടു സഞ്ചരിച്ചാല്‍ പ്രശാന്തസുന്ദരമായ ഈ വിദ്യാനികേതനിലെത്താം.
ക്ഷേത്രഗോപുരത്തില്‍ എത്തിച്ചേരുമ്പോള്‍ ആദ്യം കാണുന്നത് പുരാതനമായ വിഷ്ണു ക്ഷേത്രമാണ്. അതിനു തൊട്ടുതെക്കു താഴെ ഒരു സരസ്സിന്റെ മദ്ധ്യത്തിലാണ് സരസ്വതി കുടിയിരിക്കുന്നത്. ക്ഷേത്രസങ്കല്പത്തിലുള്ള ശ്രീകോവിലോ, നാലമ്പലമോ, മാളികക്കെട്ടോ ഒന്നും ഇവിടെ ഇല്ല. കരിമ്പാറയില്‍ വെട്ടിത്താഴ്ത്തിയ മാതിരി തോന്നിക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള ഒരു കൊച്ചുകുളവും, അതിനകത്ത് നിത്യഹരിതമായ വള്ളിപ്പടര്‍പ്പും കാണാം. വള്ളിപ്പടര്‍പ്പുകള്‍ക്ക് ഉള്ളില്‍ സര്‍വ്വാഭീഷ്ടദായിനിയായ വിദ്യാദേവതയുടെ മൂലവിഗ്രഹം കുടികൊള്ളുന്നു. എന്നാല്‍ ഈ മൂലവിഗ്രഹത്തിന് അഭിമുഖമായുള്ള പ്രതിവിഗ്രഹത്തിലാണ് എല്ലാ കര്‍മ്മാനുഷ്ഠാനങ്ങളും നടത്തുന്നത്.
ഇവിടുത്തെ എടുത്തുപറയത്തക്ക സവിശേഷത ആ വള്ളിപ്പടര്‍പ്പും അതിനിടയില്‍ കാണുന്ന നിര്‍മ്മലമായ നീരുറവയുമാണ്. കാടിനുള്ളിലുള്ള മൂലവിഗ്രഹത്തെ വലയം ചെയ്തു നില്ക്കുന്ന വള്ളികളില്‍ ഒന്ന് അനന്യദൃശ്യവും, അസാധാരണവുമായ സരസ്വതീലതയായിട്ടാണ് കരുതിപ്പോരുന്നത്. നൂറ്റാണ്ടുകളായി ഈ ദിവ്യലത പൊട്ടിമുളച്ച് തഴച്ച് വളര്‍ന്ന് ദേവീ വിഗ്രഹത്തെ ആവരണം ചെയ്തു നില്ക്കുന്നു. വള്ളിക്കുടിലിനുള്ളില്‍ കുടികൊള്ളുന്ന മൂല വിഗ്രഹത്തിന്റെ പാദങ്ങളില്‍ തഴുകിയൊഴുകി വരുന്ന തീര്‍ത്ഥജലം ഒരിക്കലും വറ്റാറില്ല. അങ്ങനെ സരസ്സില്‍ വസിച്ചുകൊണ്ട് ‘സരസ്വതി’ എന്ന പേര് ഇവിടെ അന്വര്‍ത്ഥമാകുന്നു.
പൂജയ്ക്കും മറ്റ് ആവശ്യത്തിനുമുള്ള ജലം ഇതില്‍ നിന്നാണ് എടുക്കുന്നത്. മറ്റു കിണറുകളോ ജല സ്രോതസ്സുകളോ ഇല്ല എന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
സരസ്വതീക്ഷേത്രത്തിന് മുകളില്‍ പടിഞ്ഞാറുഭാഗത്തായി ഇലഞ്ഞിയും ഏഴിലമ്പാലയും തീര്‍ത്ത പ്രകൃതിയുടെ പര്‍ണ്ണശാലയ്ക്കുള്ളില്‍ ക്ഷിപ്രകോപിനിയും, ക്ഷിപ്രപ്രസാദിനിയുമായ യക്ഷി അധിവസിക്കുന്നു. യക്ഷീസമീപം ബ്രഹ്മരക്ഷസ്സും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. മറ്റു ദേവാലയങ്ങളിലും യക്ഷിക്കാവുകള്‍ കാണാറുണ്ടെങ്കിലും പനച്ചിക്കാട് യക്ഷിയുടെ ശക്തിവിശേഷം ഒന്നു വേറെ തന്നെയാണെന്ന് വിശ്വസിച്ചുപോരുന്നു. ശിവന്, ശാസ്താവ്, ഗണപതി, നാഗയക്ഷി, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: