ദ്രവ്യയജ്ഞം
ധര്‍മ്മാനുസൃതമായിത്തന്നെ ധനം സമ്പാദിക്കണം. ഭാരതഭൂമിയില്‍ പണ്ടുമുതലേ ധനികരായ ജനങ്ങളും രാജാക്കന്മാരും അന്നശാലകളും ആതുരശുശ്രൂഷശാലകളും നടത്തിവന്നിരുന്നു. വിദ്യാമന്ദിരങ്ങളും അന്നാനം, വസ്ത്രദാനം ഇവയും ചെയ്തിരുന്നു. ഇവയെല്ലാം ദ്രവ്യയജ്ഞങ്ങളാണ്. കീര്‍ത്തിക്കുവേണ്ടിയോ രാഷ്‌ട്രീയനേട്ടങ്ങള്‍ക്കുവേണ്ടിയോ ചെയ്താല്‍ അവ യജ്ഞങ്ങളാവുകയില്ല. എല്ലാവരിലും ഭഗവാന്‍ പരമാത്മാവായി ശോഭിക്കുന്നത് ഉറച്ച ജ്ഞാനത്തോടെ ഭഗവത്പൂജയായിതന്നെ ചെയ്യണം.
തപോയജ്ഞങ്ങള്‍
ജീവിതത്തില്‍ ഉന്നതി നേടുക, ഉപരി ദിവ്യലോകങ്ങള്‍ കിട്ടുക എന്നിവ കാംക്ഷിച്ച്, ചാന്ദ്രായണം, ചാതുര്‍മാസ്യം തുടങ്ങിയ വ്രതങ്ങള്‍ സ്വമേധയാ അനുഷ്ഠിക്കുന്നു. കൂടാതെ മൗനവ്രതം, ഉപവാസം, മുടിയും താടിയും നഖവും മുറിക്കാതിരിക്കുക എന്നിവ. ജീവിതത്തിലെ എല്ലാത്തരം സുഖവും ഉപേക്ഷിക്കുക എന്നതാണ് തപസ്സ്. ഇവ ഭഗവാന് ആരാധനയായി ചെയ്താല്‍ യജ്ഞമായി മാറും.
യോഗയജ്ഞങ്ങള്‍
സ്വയം ബ്രഹ്മസായൂജ്യം നേടാന്‍ വേണ്ടിയോ അഷ്‌ടൈശ്വര്യസിദ്ധിക്കുവേണ്ടിയോ അഷ്ടാംഗയോഗം, ഹഠയോഗം മുതലായവ ചെയ്യുന്നു. ഇവയെല്ലാം ഭഗവത് പ്രീതിക്കുവേണ്ടി ചെയ്താല്‍ മാത്രമേ യജ്ഞമായിത്തീരുകയുള്ളൂ.
















