കാസര്‍കോട്: കാസര്‍കോട് കടപ്പുറത്തെ തീരദേശ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭമുയരുന്നു. ബീച്ച് ജംഗ്ഷന് മുതല്‍ പഴയ ഹാര്‍ബര്‍ വരെ റോഡ് പൊട്ടിപ്പോളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത ശേഷം അറ്റകുറ്റപ്പണികള്‍ പോലും ഇതുവരെ നടത്തിയിട്ടില്ല. നിരവധി നിവേദനങ്ങള്‍ സ്ഥലം എംഎല്‍എയ്ക്ക് നല്‍കിയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പത്താം തീയ്യതി മുതല്‍ 15 വരെ ഒപ്പ് ശേഖരിച്ച് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കും. എന്നിട്ടും ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുകയാണെങ്കില്‍ തീവ്രമായ ജനകീയ പ്രക്ഷോഭം ആരംഭിക്കും.
തീരദേശ റോഡുകളുടെ ഉള്‍പ്പെടെ വികസനത്തിനായി സര്‍ക്കാര്‍ നല്കുന്ന തീരദേശ വികസന ഫണ്ടുകളൊന്നും തന്നെ കസബ കടപ്പുറത്ത് എംഎല്‍എ ചിലവഴിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാല് വാര്‍ഡുകളിലായി 1500ലധികം വീടുകള്‍ ഉണ്ട്. ഒന്നര കിലോമീറ്ററിലധികം വരുന്ന റോഡ് തകര്‍ന്ന് കാല് നട യാത്രയ്ക്ക് പോലും സാധ്യമല്ലാതായി കഴിഞ്ഞു. ഓട്ടോ റിക്ഷ പോലും വരാത്തതിനാല്‍ പ്രായമായവരും രോഗികളും വളരെ പ്രയാസമനുഭവിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന രണ്ട് കുട്ടികള്‍ റോഡിലെ വെള്ളം കെട്ടി നിന്ന കുഴിയില്‍ വീണ് കാലൊടിഞ്ഞ് മാസങ്ങളോളം കിടപ്പിലായിരുന്നു.
കഴിഞ്ഞ ബിജെപി കൗണ്‍സിലര്‍മാര്‍ ഫിഷറീസ് മന്ത്രിയെ കണ്ടപ്പോള്‍ സെപ്തംബര്‍ 15 നുള്ളില്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും നല്കിയ വാക്ക് പാലിക്കപ്പെട്ടില്ല. നിലവില്‍ പിഡബ്യൂഡി റോഡായതിനാല്‍ എംഎല്‍എയ്ക്കോ, എംപിക്കോ നന്നാക്കാവുന്ന കാര്യമേയുള്ളു പക്ഷെ വോട്ട് കിട്ടാന്‍ മാത്രമാണ് ഇവര്‍ ഈ പ്രദേശത്ത് കാല് കുത്താറുള്ളുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ടാറിംഗിന് പകരം തീരദേശമായതിനാല്‍ റോഡ് കോണ്‍ക്രീറ്റ ചെയ്യണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. തീരദേശ വികസനത്തിനായി എംഎല്‍എയ്ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ എവിടെ പോയെന്ന് അവര്‍ ചോദിക്കുന്നു. മാലിന്യ നിര്മ്മാര്ജ്ജനത്തിനാകട്ടെ കടപ്പുറത്ത് യാതൊരുവിധ സംവിധാനങ്ങളുമില്ല. അശാസ്ത്രീയമായ നിര്‍മ്മാണവും, റോഡില്ലാത്തതും കാരണം പുലിമുട്ടോടു കൂടി നിര്‍മ്മിച്ച ഹാര്‍ബര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. മാറിമാറി സംസ്ഥാനം ഭരിച്ച് ഇടത് വലത് മുന്നണി സര്‍ക്കാറുകള്‍ തീരദേശ വാസികളോട് കാണിച്ചത് തീര്‍ത്തും അവഗണന മാത്രമാണ്. അവഗണനയ്ക്കെതിരെ ഉയരുന്ന ശക്തമായ ജനകീയ പ്രക്ഷോപങ്ങള്‍ക്ക് ബിജെപി സംസ്ഥാന കമ്മറ്റിയുടെ മുഴുവന്‍ പിന്തുണയും ഉണ്ടെന്ന് രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ ഉമഉണ്ണിക്കൃഷ്ണന്, പ്രേമ കടപ്പുറം, ബിജെപി ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്, കടപ്പുറം ബൂത്ത് ഇന്ചാര്ജ്ജുമാരായ സതീഷ്, ഗണേഷ് യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറി അജ്ജു ജോസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: