കോഴിക്കോട്: ശാസ്ത്രത്തിന്റെ സുവര്‍ണ കാലഘട്ടമാണിതെന്ന് മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ വിജ്ഞാനമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം എല്ലാ മേഖലകളിലും വളര്‍ന്നു വികസിച്ചിരിക്കുകയാണ്. ആരോഗ്യം, വിവര സാങ്കേതികം തുടങ്ങി ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും പുരോഗതിയാണുള്ളത്. ഒട്ടനവധി അവസരങ്ങളാണ് ഈ മേഖലകളില്‍ യുവാക്കള്‍ക്കായി തുറന്നു വന്നിരിക്കുന്നത്. ഇന്നത്തെ ശാസ്ത്രമേളകളില്‍ പങ്കെടുക്കുന്നവര്‍ നാളത്തെ വാഗ്ദാനങ്ങളായി മാറേണ്ടവരാണ്. ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ എണ്ണം കൂടിവരികയാണ്. ശാസ്ത്ര സംബന്ധിയായി നാം നേടുന്ന അറിവ് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. കഠിനമായ പരിശ്രമവും നിരന്തരമായ നിരീക്ഷണവുെമല്ലാം ഇതിന് ആവശ്യമാണ്. ഉയര്‍ന്ന ചിന്താഗതി വെച്ചു പുലര്‍ത്തേണ്ടത് ആവശ്യമാണ്. മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെപോലെയുള്ളവരുടെ വാക്കുകള്‍ കുട്ടികള്‍ക്ക് എന്നും പ്രചോദനമാകണമെന്നും വി. എസ്. രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കൗണ്‍സിലര്‍ ജിഷഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ശ്രീധരന്‍, ജില്ലാ പ്രസിഡന്റ് പി. ശങ്കരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ.ടി. രഘുനാഥ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സ്വാഗതസംഘം കണ്‍വീനര്‍ വി. ബാലകൃഷ്ണന്‍ സ്വാഗതവും കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മാനേജര്‍ വി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.














