മുക്കം: മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ തെങ്ങിലകടവ് ,ചെറുപ്പ, കുറ്റിക്കടവ് എന്നിവിടങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ആറോളം എം.സാന്റ് യൂനിറ്റുകള്‍ അടച്ചു പൂട്ടിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍, തഹസില്‍ദാര്‍ ഇ .അനില കുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു അധികൃതരാണ് യൂനിറ്റുകള്‍ക്കെതിരെ നടപടിയെടുത്തത്. എംസാന്റ് യൂണിറ്റുകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റി. യൂണിറ്റുകള്‍ പൊളിച്ച് മാറ്റണമെന്നും മാറ്റിയില്ലെങ്കില്‍ പൊളിച്ചു മാറ്റാനുള്ള ചെലവ് ഉടമകള്‍ നല്‍കേണ്ടിവരുമെന്നും ഏപ്രില്‍ അവസാനം ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെ വകവയ്‌ക്കാതെയാണ് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചത്. ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രകൃതി സംരക്ഷണസമിതി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ റവന്യൂ അധികാരികള്‍ സ്ഥലത്തെത്തി യൂണിറ്റുകള്‍ പൊളിച്ചത്. നടപടിയുണ്ടാകുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഒരു യൂണിറ്റിന് പഞ്ചായത്ത് അധികൃതര്‍ തിരക്കിട്ട് ലൈസന്‍സ് നല്‍കിയതായി പ്രകൃതി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഏറ്റവും കൂടുതല്‍ മാലിന്യ പ്രശ്‌നം ഉണ്ടാക്കുന്ന വലിയ യൂണിറ്റിനാണ് തെരക്കിട്ട് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.
അനധികൃതമായി വയല്‍ നികത്തി ജലസ്രോതസ്സുകള്‍ക്കടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഈ യൂനിറ്റുകളുടെ പ്രവര്‍ത്തനം കാരണം മാവൂരിലെ തണ്ണീര്‍തടങ്ങളിലെ ജലജീവികളുടെ ആവാസവ്യവസ്ഥയും തകിടം മറഞ്ഞിരുന്നു. എം. സാന്റ് യൂനിറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുഴയിലേക്കും തണ്ണീര്‍തടങ്ങളിലേക്കും ഒഴുകിയെത്തി തുടങ്ങിയതോടെ കാലങ്ങളായി ഇവിടെ എത്തി കൊണ്ടിരുന്ന നിരവധി ദേശാടന പക്ഷികളുടെ വരവും നിലച്ചിരുന്നു. പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി എടുത്തിരുന്നില്ല. ആര്‍ഡിഒ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഇതൊന്നും വകവെക്കാതെ എം.സാന്റ് യൂനിറ്റുകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതോടെ പൊതു പ്രവര്‍ത്തകനായ സതീഷ് മലപ്രം പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായത്. യൂനിറ്റുകളില്‍ സ്‌റ്റോക്ക് ചെയ്തു വെച്ചിരുന്ന എം സാന്റ് റവന്യൂ അധികൃതര്‍ ലേലം ചെയ്തു.














