കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ പുരുഷ-വനിതാ ഹോസ്റ്റലുകളുടെ ഉദ്ഘാടനം നാളെ രാവിലെ 10മ ണിക്ക് കേന്ദ്ര മാനവ വിഭവ വികസന വകുപ്പ് സഹമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെ നിര്‍വ്വഹിക്കും. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ശ്രീ.ഈ.ചന്ദ്രശേഖരന്, എം പി.പി.കരുണാകരന് കെ.കുഞ്ഞിരാമന് എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം കേന്ദ്ര മന്ത്രിയുമായി സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും’സാങ്കേതിക വികസനത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ ഒരു മണിക്കൂര്‍ നീളുന്ന സംവാദവും നടത്തും.
നിര്‍മ്മാണം പൂര്‍ത്തിയായ വനിത ഹോസ്റ്റലിന് ‘നിള’എന്നും പുരുഷ ഹോസ്റ്റലിനു ‘പെരിയാര്‍’എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്. ഹോസ്റ്റലുകളുടെ ആകെ നിര്‍മ്മാണ ചെലവ് 34 കോടി രൂപയാണ്. നാല് നിലകളുള്ള ഓരോ ഹോസ്റ്റലുകള്‍ക്കും 53000 ചതുരശ്ര അടിവീതം വിസ്തീര്‍ണ്ണമാണുള്ളത്. ഓരോ ഹോസ്റ്റലിനോടും ചേര്‍ന്ന് അടുക്കള, ഡൈനിംഗ് ഹാള്‍, മെഡിക്കല്‍ റൂം, റിക്രിയേഷന്‍ റൂം, റീഡിംഗ്റൂം, ഗസ്റ്റ്റും തുടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കൂടാതെ ലിഫ്റ്റ് സൗകര്യവും അഗ്നി സുരക്ഷാ സംവിധാനങ്ങളും േഹാസ്റ്റലുകളില് സജ്ജീകരിച്ചിട്ടുണ്ട്. അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള റാംപ്, ടോയ്ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്.
ഉദ്ഘാടനം ചെയ്യപ്പെടുന്ന രണ്ട് ഹോസ്റ്റലുകളിലുമായി 420 വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കുവാന് സാധിക്കും. ഇതിനു പുറമെ പെരിയ ക്യാമ്പസില്‍ നിലവിലുള്ള വനിതാ ഹോസ്റ്റലില്‍ 160 പേര് താമസിക്കുന്നുണ്ട്. അങ്ങനെ ആകെ 580 കുട്ടികള്ക്ക്ഹോസ്റ്റല് സൗകര്യം ലഭ്യമാകും. ഇതോടെ കാസര്‍കോട് വിവിധ സ്ഥലങ്ങളിലായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ഹോസ്റ്റലുകള്‍ ഒഴിവാക്കി കൊണ്ട് പെരിയയിലുള്ള സര്വ്വകലാശാലയുടെസ്ഥിരം ക്യാമ്പസില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം നല്കുവാന് സര്‍വ്വകലാശാലയ്ക്ക് കഴിയും..
ഇതിനു പുറമേ നൂറു പേര്‍ക്കു വീതം താമസ സൗകര്യം നല്കാന് കഴിയുന്ന രണ്ടു പുതിയ പുരുഷ-വനിതാ ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിനു വേണ്ടി കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തില്‍ നിന്നും സര്‍വ്വകലാശാലക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിനുള്ള ഫണ്ടും സര്‍വ്വകലാശാലക്ക് കൈമാറി കഴിഞ്ഞു. പുതിയ ഹോസ്റ്റലുകളുടെ നിര്‍മ്മാണം എത്രയും വേഗത്തിലാരംഭിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെരിയ ക്യാമ്പസില്‍ 8 അക്കാദമിക് ബ്ലോക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. അടുത്ത അദ്ധ്യയനവര്‍ഷത്തിന്റെ ആരംഭത്തോടെ ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതോടെ വിവിധ താല്‍ക്കാലിക ക്യാമ്പസുകളിലായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയിലെ എല്ലാ വകുപ്പുകളും സ്ഥിരം ക്യാമ്പസായ പെരിയയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. പത്രസമ്മേളനത്തില്‍ ഡയരക്ടര്‍ ഓഫ് റിസര്‍ച്ച് പ്രൊഫ.ഡോ. എം.എസ്.ജോണ്‍, സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ.ഡോ.കെ.പി.സുരേഷ്, പരീക്ഷാകണ്‍ട്രോളര്‍ വി.ശശിധരന്, ഫിനാന്‍സ് ഓഫീസര്‍ ഡോ.കെ.ജയപ്രസാദ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, കെ.ജി.രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: