ബത്തേരി : വയനാടിന്റെ പ്രകൃതിയും കാലാവസ്ഥയെയും സംരക്ഷിക്കാന്‍ വയനാട്ടിലെ പൊതു ജനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം സഹകരണം വേണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി പറഞ്ഞു.
ബത്തേരി ഡയറ്റില്‍ ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച യുവതയുടെ ഗാന്ധിയന്‍ അഭിവീക്ഷണങ്ങള് എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശീതമേഖലയായിരുന്ന നാട്ടില്‍ നിന്നും ഇപ്പോള്‍ മഴ പോലും അകലുന്നു. ഒരുകാലത്ത് കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടിക്ക് ഈ വിലാസം പോലും നഷ്ടമായി. പരിസ്ഥിതി നേരിടുന്ന വലിയ ആഘാതങ്ങളുടെ സൂചനയാണിത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വരുകാല വയനാടിന് കൂടുതല്‍ ഭീഷണിയാണ്. പ്ലാസ്റ്റിക് നിരോധനത്തെ അത്തരത്തില്‍ കാണണം. മണ്ണിനും ജൈവലോകത്തിനും ഭീഷണിയായ മാറുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ഏവരും സ്വയം തീരുമാനമെടുക്കണം. തുണി സഞ്ചികളും മറ്റും പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം ഉപയോഗിക്കാം. ആരോഗ്യത്തിന് ഹാനികരമായ കപ്പുകളുടെയും പേപ്പര്‍ ഇലകളുടെയുമെല്ലാം ഉപയോഗം നാള്‍ക്കുന്നാള്‍ കൂടി വരികയാണ്. ഇതില്‍ നിന്നെല്ലാം പിന്മാറി പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപഭോഗത്തിലേക്ക് നാടെല്ലാം മാറണം. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമ സ്വരാജിന്റെ അര്‍ത്ഥവ്യാപ്തിയും ഇതിനെല്ലാം അടിവരയിടുന്നതായും ഡോ.ബി.എസ്.തിരുമേനി പറഞ്ഞു.
ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എം.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡയറ്റിലെ മുന്‍ അധ്യാപകന് സി.ആര്.ബാഹുലേയന് സ്പോണ്സര് ചെയ്ത തുണി സഞ്ചി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്ഡിങ്ങ്കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി വിതരണം ചെയ്തു. ജില്ലാപ്രോഗ്രാംഓഫീസര് ജി.എന്‍.ബാബുരാജ് ഏറ്റുവാങ്ങി. ഡയറ്റിലെ വിദ്യാര്‍ത്ഥികളായ നസ്റിനതബ്സീന്, ആര്യ സുരേഷ്, ടി.ജെ.റോസ്മേരി, എം.എസ്.പ്രണവ് എന്നിവര്‍ സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡയറ്റ്സീനിയര് ലക്ചറര്‍ കെ.കെ.സുരേന്ദ്രന് മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി.റഷീദ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: