പരപ്പനങ്ങാടി: നഗരസഭയിലെ ആറാം ഡിവിഷനിലെ ചെട്ടിപ്പടി-ചേളാരി റോഡിനെ സമീപത്തെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. രാത്രിയില്‍ ടാങ്കുകളില്‍ കൊണ്ടുവന്ന് കാട് മുടി കിടക്കുന്ന തോട്ടില്‍ നിക്ഷേപിക്കുകയാണ്. പ്രദേശവാസികള്‍ ഇത് കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഡിവിഷനിലെ വിഷയങ്ങള്‍ കൗണ്‍സിലറെ ധരിപ്പിക്കാനും സാക്ഷ്യപ്പെടുത്തലുകള്‍ക്കും വേണ്ടി ആറ് കിലോമീറ്റര്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ ജനങ്ങള്‍.
മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ചപ്പാത്തി കമ്പനിയിലെ മാലിന്യങ്ങളും റോഡിലേക്കാണ് ഒഴുക്കുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും നഗരസഭ കൈക്കൊണ്ടിട്ടില്ല. രേഖകളും തൊഴിലാളികള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കക്കൂസ് മാലിന്യം നിക്ഷേപം മൂലം ഇവിടത്തെ കിണറുകള്‍ പോലും മലിനമാക്കപ്പെട്ടിരിക്കുകയാണ് ഒഴുക്കില്ലാത്ത തോട്ടില്‍ മാലിന്യ നിക്ഷേപം നടത്തുന്നതാണ് കുടിവെള്ള സ്രോതസുകള്‍ മലിനമാകാന്‍ ഇടയാകുന്നത്.
നഗരസഭയില്‍ അഞ്ച് സാനിറ്ററി ഇന്‍സ്പെക്ടര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത് ആരോഗ്യ-ശുചിത്വ കാര്യങ്ങളുടെ നിര്‍വഹണത്തിന് 45 ഡിവിഷനുകളിലേക്കും കൂടി ആകെ ഒരു ഉദ്യോഗസ്ഥന് മാത്രമാണുള്ളത്. നഗരസഭ ഭരണകാര്യങ്ങളിലെ അലസത വെടിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: