തിരുവല്ല: പൊടിയാടി കൊച്ചുചിറപ്പടിയില് നിര്‍മ്മിച്ച കലുങ്ക് തുറന്നുകൊടുത്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംയോജിത നീര്‍ത്തട പരിപാലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കലുങ്ക് നിര്‍മ്മിച്ചത്. ബോക്സ് കള്‍വേര്‍ട്ടിന്റെ നിര്‍മ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന് നിര്‍വഹിച്ചു. 10 മീറ്ററോളം വിസ്തൃതിയുള്ള തോടിന് നിലവില്‍ രണ്ടുമിറ്റര് നീളമുളള കലുങ്കാണ് ഇവിടെ ഉണ്ടായിരുന്നത്. അതുമൂലം തോട്ടിലൂടെയുളള നീരൊഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയായിരുന്നു. മഴക്കാലത്ത് കലുങ്ക് വെളളത്തിലാവുകയും യാത്രാക്ലേശം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ കലുങ്ക് യാഥാര്‍ഥ്യമായതോടെ തോടിന്റെ നീരൊഴുക്ക് സുഗമമാവുകയും പൊടിയാടി ജംഗ്ഷനിലേക്കുളള യാത്രാദൈര്‍ഘ്യം കുറയുകയും ചെയ്യുന്നു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ബിനില്‍കുമാര്‍, മെമ്പര്‍ ടി. പ്രസന്നകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ് കുമാര്‍, അംഗങ്ങളായ സന്ധ്യാമോള്‍, ചാക്കോ ചെറിയാന്, അജിത ഗോപി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: