മുക്കം: സ്വകാര്യ റബര്‍ കമ്പനിയിലെ മാലിന്യം വന്‍തോതില്‍ തോട്ടിലേക്ക് ഒഴുക്കുന്നത് മൂലം നാട്ടുകാര്‍ ദുരിതത്തില്‍. കാരശേരി പന്നിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്‌സ് കമ്പനിയിലെ മാലിന്യമാണ് വന്‍തോതില്‍ തോട്ടിലേക്ക് ഒഴുക്കിവിട്ടത്. കൊളമുണ്ടായി, വല്ലത്തായ്‌പാറ, ആക്കോട്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകുന്ന തോടിന ആശ്രയിച്ച് കഴിയുന്നത് നൂറ് കണക്കിന് കുടുംബങ്ങളാണ്. കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന തോട്ടില്‍ മാലിന്യം തള്ളിയതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
വെള്ളത്തിന് പാലിന്റെ നിറമായിട്ടുണ്ട്. നേരത്തെ കനത്ത മഴയുള്ളപ്പോഴായിരുന്നു മാലിന്യം ഒഴുക്കിവിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍ സമയത്തും മാലിന്യം തള്ളിവിടുകയാണ്. തോട്ടിലെ വെളളം ഉപയോഗിച്ചവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. തോടിനെ ആശ്രയിച്ച് നാല്കുടിവെള്ള പദ്ധതികളും നിലവിലുണ്ട്. മാത്രമല്ല തോടില്‍ ചെറിയ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.














