മുക്കം: യുഡിഎഫ് നിയന്ത്രണത്തിലുള്ള മുക്കം സര്‍വീസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന പരീക്ഷക്കിടെ സംഘര്‍ഷം . മുസ്ലിം ലീഗിലേയും കോണ്‍ഗ്രസിലേയും ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ലീഗ് നേതാക്കളായ കെ.പി അഹമ്മദ് കുട്ടി, അബു കല്ലുരുട്ടി എന്നിവര്‍ പരീക്ഷാ സ്ഥലത്ത് എതിര്‍പ്പുമായെത്തി. പരീക്ഷ തടയാനെത്തിയവരും ബാങ്ക് ഡയറക്ടര്‍മാരും തമ്മില്‍ കൂട്ടത്തല്ല് നടന്നു. രണ്ട് തവണ വാക്കേറ്റവും കയ്യേറ്റവും നടന്നു. പരീക്ഷക്കെത്തിയ സ്ത്രീകള്‍ അടക്കമുളളവര്‍ക്ക് മുന്നിലായിരുന്നു ഏറ്റുമുട്ടലും അസഭ്യവര്‍ഷവും. പരീക്ഷ തടയാനെത്തിയവരെ ബാങ്ക് അധികൃതര്‍ ഓഡിറ്റോറിയത്തില്‍ പൂട്ടിയിട് പരീക്ഷാര്‍ത്ഥികളെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ലീഗ് നേതാക്കളെ പുറത്താക്കി 11 മണിയോടെ പരീക്ഷ നടത്തി. ഫാര്‍മസിസ്റ്റ്, ഫാര്‍മസി അസിസ്റ്റന്റ് ,ഡ്രൈവര്‍ തസ്തികകളിലേക്ക് നടന്ന എഴുത്തുപരീക്ഷയും നിയമന നടപടികളും നിയമവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി ബാങ്ക് മെമ്പറും മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ കെ.പി.അഹമ്മദ് കുട്ടി കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ കൈപ്പറ്റിയിരുന്നു. പരീക്ഷക്കായി സജ്ജീകരിച്ച മേശയും കസേരയും പ്രതിഷേധക്കാര്‍ വാരിവലിച്ച് പുറത്തിടുകയും ചെയ്തു. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു . കഴിഞ്ഞ ദിവസം കോഴിക്കോട് സഹകരണ ആര്‍ബിട്രേഷന്‍ കോടതി ജഡ്ജി എം.എ കൃഷ്ണനുണ്ണിയാണ് പരീക്ഷ സ്റ്റേ ചെയ്തത്. സഹകരണ നിയമം 80 (5) പ്രകാരം സംവരണം പാലിക്കാതെ നിയമനം നടത്തുവാന്‍ അപേക്ഷ ക്ഷണിച്ചത് നിയമ വിരുദ്ധ നടപടിയാണന്ന് കെ.പി. അഹമ്മദ് കുട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ കനത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. നിയമനവും പരീക്ഷയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.പി.ശംസുദ്ധീന്‍ അറിയിച്ചു. യുഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ മുസ്ലീം ലീഗിലേയും കോണ്‍ഗ്രസിലെ എ.ഐ ഗ്രൂപ്പുകളും ഒരുമിച്ച് രംഗത്തെത്തിയതോടെ ബാങ്ക് ഭരണവും പ്രതിസന്ധിയിലാവും.
















