കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തിരിച്ച് നല്‍കാതെ പിണറായി വിജയന് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്ത് രാജ് സംവിധാനത്തെ അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ രണ്ടായിരത്തി ഇരുപത്തിയേഴ് കോടി എണ്‍പത്തിയഞ്ച് ലക്ഷത്തി മുപ്പത്തിയേഴായിരം രൂപ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതിയിനങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കാതെ അനധികൃതമായി പിടിച്ചുവെച്ചിരിക്കുകയാണ്. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പട്ടികവര്‍ഗ്ഗ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പൊതുവിഭാഗത്തിലെ പദ്ധതികളുടെ 12.12 കോടി രൂപ തിരിച്ചു നല്‍കാതെ ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ മുരടിപ്പിച്ചു. കൂടാതെ റോഡ് വികസനമുള്‍പ്പെടെ ജില്ലാ പഞ്ചായത്തിന്റെ 41 കോടി 22 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ നിയമ വിരുദ്ധമായി കൈവശം വെച്ചിരിക്കുകയണ്.
ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെ 37 കോടി രൂപ പൊതു പദ്ധതികളുടെയും, പട്ടിക വിഭാഗത്തിനായുള്ള 68.5 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ടും തിരിച്ചു നല്‍കിയിട്ടില്ല. ജില്ലാ പഞ്ചായത്ത് ബഡ്ജറ്റില്‍ വിവിധ പദ്ധതികള്‍ ഉല്‍പ്പെടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വികസന വിരുദ്ധ സമീപനം കൊണ്ട് നടപ്പിലാക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. ജില്ലയുടെ വികസനമാകെ പൂര്‍ണ്ണമായി നിശ്ചലമാകുന്ന സാഹചര്യമുണ്ടായിട്ടും ജില്ലാ പഞ്ചായത്ത് ഭരണസമിതി ശക്തമായി ഇടപെടാനോ പ്രതികരിക്കാനോ തയ്യാറാവാത്തത് ദൗര്‍ഭാഗ്യകരമാണ്. ജില്ലാ പഞ്ചായത്തില്‍ ഇടതു വലതു മുന്നണികള്‍ പരസ്പരം രഹസ്യ ധാരണയിലാണെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ജില്ലയില്‍ എല്എസ്ജിഡിയിലെ 20 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ എക്സിക്യുട്ടീവ് എന്‍ജിനീയറെ സ്ഥലം മാറ്റി. പകരം എക്സിക്യുട്ടീവ് ഉദ്യോഗസ്ഥനെ നിയമിക്കാതെയുള്ള ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റുന്ന ഇടതു സര്‍ക്കാരിന്റെ സമീപനം ജില്ലയോടുല്ല അവഗണനയാണ് കാണിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിമാരുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്മാരുടെ ഒഴിവുമൂലം ജില്ലയുടെ വികസനം സ്തംഭവനാവസ്ഥയിലാണ്. ജില്ലയുടെ എംഎല്‍എമാര്‍ ഈ കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണം. റവന്യൂ മന്ത്രിയുടെ ജില്ലയില്‍ തന്നെ റവന്യൂ ഉദ്യോഗസ്ഥന്മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് നരേന്ദ്രമോദിക്കെതിരെ കള്ളപ്രചരണം നടത്തി സമയം കളയുന്നതിന് പകരം വികസന കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. വിവിധ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ ബാക്കി വരുന്ന തുക സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തന്നെ തിരിച്ച് നല്‍കുകയാണ് പതിവ്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ തിരിച്ച് നല്‍കാതെ കോടിക്കണക്കിന് തുകയാണ് പിടിച്ച് വെച്ചിരിക്കുന്നത്. ഇത് കാരണം പണമില്ലാത്തതിനാല്‍ അംഗന്‍വാടികള്‍, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ചിലവഴിക്കാന്‍ പണമില്ലാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്. പണം തിരിച്ച് കിട്ടാന്‍ അടിയന്തരമായി പ്രത്യേക യോഗങ്ങള്‍ ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ശ്രീകാന്ത് കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: