ശ്രീനഗര്‍: ഭാരതം നിയന്ത്രണരേഖ കടന്ന് തിരിച്ചടി നല്‍കിയ ദിവസം രാത്രിയില്‍ വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ട്രക്കില്‍ കയറ്റി കടത്തുന്നതും കണ്ടു. നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള ചില ദൃക്‌സാക്ഷികളുടെ വിവരണമാണിത്. അവ രഹസ്യമായി സംസ്‌കരിക്കുകയായിരുന്നു. ഹൃസ്വമെങ്കിലും അതിശക്തമായ വെടിവെപ്പാണ് നടന്നത്. ജിഹാദികള്‍ കഴിഞ്ഞിരുന്ന താത്ക്കാലിക കെട്ടിടങ്ങള്‍ വെടിവെപ്പില്‍ തകര്‍ന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഭാരതം തിരിച്ചടിച്ചില്ലെന്ന പാക്ക് വാദം ഖണ്ഡിക്കുന്നതാണ് ഈ മൊഴികള്‍. മാത്രമല്ല ഇവ, ഭാരതം തിരിച്ചടിച്ചതിന് തെളിവ് നല്‍കണമെന്ന കേജ്‌രിവാളിന്റെയും കോണ്‍ഗ്രസിന്റെയും ആവശ്യങ്ങളുടെ മുനയൊടിക്കുന്നതുമാണ്. തിരിച്ചടിയില്‍ ഭീകരരുടെ ആയുധ ശേഖരങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൂര്‍ണ്ണമായും നശിച്ചിട്ടില്ല (അങ്ങനെ സൈന്യം അവകാശപ്പെട്ടിട്ടുമില്ല) അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ വഴി അതിര്‍ത്തിക്കപ്പുറത്തുള്ള ബന്ധുക്കളില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. അഞ്ചു ദൃക്‌സാക്ഷികളാണ് വിവരങ്ങള്‍ പങ്കുവച്ചത്.
രണ്ടു പേരാണ് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞത്. നിയന്ത്രണ രേഖയ്‌ക്കപ്പുറത്ത് നാലു കിലോമീറ്റര്‍ ഉള്ളിലുള്ള ധുനിയാലിലാണ് ഒരു തിരിച്ചടിയുണ്ടായത്. കുപ്‌വാരക്കടുത്താണ് ഈ സ്ഥലം. അല്‍ ഹവായി പാലത്തിനപ്പുറത്ത് പ്രധാന ചന്തയ്‌ക്കു സമീപം ഒരു വീട് തിരിച്ചടിയില്‍ പൂര്‍ണ്ണമായും കത്തിനശിച്ചത് കണ്ടതായി ഇവരില്‍ ഒരാള്‍ പറഞ്ഞു. സൈനിക ഔട്ട് പോസ്റ്റും ലഷ്‌കര്‍ താവളവും ഉള്ള സ്ഥലമായിരുന്നു ഇത്.
കുപ്‌വാരയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറും മുന്‍പ് ആയുധങ്ങളും മറ്റും കൈമാറുന്ന അവസാന കേന്ദ്രമാണ് ഈ പാലം. രണ്ടു പേരും വലിയ സ്‌ഫോടന ശബ്ദം കേട്ടിരുന്നു. ( 84 എംഎം കാള്‍ ഗുസ്താവ് റൈഫിളുകളില്‍ നിന്നുള്ള ശബ്ദമാകാം) തുടര്‍ച്ചയായി വെടിവെപ്പു ശബ്ദങ്ങളും മുഴങ്ങി. അതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ആരും പുറത്തിറങ്ങിയില്ല. പിറ്റേന്ന് ലഷ്‌കറുകാരാണ് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞത്.
അതിരാവിലെ ഒരിടത്തു നിന്ന് അഞ്ചാറു മൃതദേഹങ്ങള്‍ ട്രക്കില്‍ കയറ്റുന്നത് കണ്ടു. ഝലം നദിക്കടുത്തുള്ള ഏറ്റവും വലിയ ലഷ്‌ക്കര്‍ താവളമായ ചല്‍ഹാനയിലേക്കാകും ഇവ കൊണ്ടുപോയത്. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനക്കിടയില്‍ ഒരു മൗലവി കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നത് കണ്ടതായും ഒരാള്‍ വെളിപ്പെടുത്തി. അവിടെക്കൂടിയ ലഷ്‌കറുകാര്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയാത്ത പാക്ക് സൈന്യത്തെ കുറ്റപ്പെടുത്തുന്നതും കണ്ടു. ഭാരതത്തിന് ഉടന്‍ മറുപടി നല്‍കുമെന്ന സന്ദേശവും കണ്ടു.
നൗഗാമില്‍ നിന്ന് ഉത്ഭവിക്കുന്ന ക്വാസി നാഗ് അരുവിക്കടുത്താണ് തിരിച്ചടി നല്‍കിയ ലീപ. ഇവിടെ 25ഓളം ചെറുഗ്രാമങ്ങളാണ് ഉള്ളത്. ലീപയിലെ ഖൈരതി ബാഗില്‍, ഭീകരര്‍ തമ്പടിച്ചിരുന്ന മൂന്നു നില തടിക്കെട്ടിടം ഭാരതത്തിന്റെ തിരിച്ചടിയില്‍ തകര്‍ന്നായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2003വരെ ലഷ്‌ക്കറിന്റെ സുപ്രധാന ക്യാമ്പായിരുന്നു ഇത്.
ഇവിടെ നടന്ന ആക്രമണത്തില്‍ നാല് ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവര്‍ അടുത്ത വനത്തിലേക്ക് ഓടുന്നതും കണ്ടു. ജില്ലാ ആസ്ഥാനമായ അത്മുഖത്തിലെ നീലം നദിക്കരയിലും വലിയ സ്‌ഫോടന ശബ്ദവും തീപിടിത്തവും കണ്ടു. ഇവിടുത്തെ കാത്ത നഗറിലെ സൈനിക കേന്ദ്രത്തില്‍ പോരാട്ടം നടന്നതായും വ്യക്തമായിട്ടുണ്ട്. നീലം ജില്ലാ ആശുപത്രിയില്‍ പോയിരുന്ന ഒരാള്‍, തലേന്ന് രാത്രിയില്‍ നിരവധി ലഷ്‌ക്കറുകാര്‍ കൊല്ലപ്പെട്ടതായി പറയുന്നത് കേട്ടതായും വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷെ ഇവരെ അവിടെയെങ്ങുമല്ല സംസ്‌കരിച്ചത്. അതിര്‍ത്തി ഗ്രാമങ്ങളിലുള്ള പലര്‍ക്കും ജിഹാദികളോട് താല്‍പ്പര്യമില്ല. ഭീകരര്‍ കാരണം ഭാരത- പാക്ക് വെടിനിര്‍ത്തല്‍ ലംഘിക്കുകയും വീണ്ടും കനത്ത വെടിവയ്‌പ്പ് തുടങ്ങുകയും ചെയ്താല്‍ തങ്ങള്‍ക്കാണ് ജീവന്‍പോകുന്നതെന്ന് അവര്‍ക്ക് അറിയാം. 2003നു മുന്‍പ് നിരവധി ജീവനുകളാണ് ഇങ്ങനെ പൊലിഞ്ഞത്.
2011ല്‍ അത്മുഖിലെ അനവധി സ്ത്രീകളും കുട്ടികളും സൈനിക കേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയിരുന്നു. ജിഹാദികളെ അതിര്‍ത്തി കടത്തിവിടരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
















