ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിനുമെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.
രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് പാക് മാധ്യമങ്ങള്‍ക്ക് ഭാരതത്തെ ചോദ്യം ചെയ്യാനുള്ള അവസരം ഒരു മുഖ്യമന്ത്രി നല്‍കുന്നത് എന്തിനാണെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ”സൈന്യത്തിന്റെ കഴിവില്‍ കേജ്‌രിവാളിന് വിശ്വാസമില്ലേ. വിശ്വാസമുണ്ടെങ്കില്‍ എന്തിനാണ് പാക്കിസ്ഥാന്റെ പ്രചാരണം ഏറ്റെടുക്കുന്നത്”. മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച കേജ്‌രിവാളിന്റെ പ്രസ്താവന വന്‍ പ്രധാന്യത്തോടെ പാക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
പ്രസ്താവന വേദനിപ്പിക്കുന്നതാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഒരു ഭാരതീയനായിരിക്കെ എങ്ങനെയാണ് പാക്കിസ്ഥാന് നല്‍കിയ തിരിച്ചടിക്ക് പ്രധാനമന്ത്രിയോട് തെളിവ് ചോദിക്കാന്‍ സാധിക്കുന്നത്. സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തരുത്.
രാജ്യം സംരക്ഷിക്കുന്നവരെ ഇകഴ്‌ത്തരുതെന്ന് കേജ്‌രിവാളിനോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു രാജ്യം പോലും പാക്കിസ്ഥാന്‍ പറയുന്നത് വിശ്വസിക്കുന്നില്ല. മിന്നലാക്രമണത്തെ അപലപിക്കാനും ആരും തയ്യാറായിട്ടില്ല. കോണ്‍ഗ്രസും കേജ്‌രിവാളിന്റെ നിലപാട് തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്.
സൈന്യത്തെ അവിശ്വസിക്കുന്ന ചിദംബരത്തിന്റെ നിലപാട് പാര്‍ട്ടി നിലപാടാണോയെന്ന് അധ്യക്ഷ സോണിയ വ്യക്തമാക്കണം. സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണം.
പാക് അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കേജ്‌രിവാളിന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. താന്‍ സര്‍ക്കാരിനെ പിന്തുണക്കുകയാണുണ്ടായതെന്നും പാക്കിസ്ഥാന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കാനാണ് വീഡിയോ പുറത്ത് വിടാന്‍ ആവശ്യപ്പെട്ടതെന്നും കേജ്‌രിവാള്‍ പ്രതികരിച്ചു.
















