അക്രമം നീതിനിധേഷം: എം. എന്‍. കാരശ്ശേരി
കോഴിക്കോട്: ഭരണഘടനയിലെ നാലാം തൂണായ മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിക്കാതെ നിരന്തരം അക്രമിക്കുന്നതിലൂടെ അഭിഭാഷകര്‍ ചെയ്യുന്നത് നീതി നിഷേധവും നിയമം കയ്യിലെടുക്കലുമാണെന്ന് ഡോ. എം.എന്‍. കാരശ്ശേരി പറഞ്ഞു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ കേരള സാഹിത്യ സമിതിയുടെ പ്രതിമാസ സാഹിത്യ സമീക്ഷയില്‍ പി.എം. നാരായണന്റെ സ്വാതന്ത്ര്യം എന്ന ശാപം ലേഖന ചര്‍ച്ച അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിന് ചാര്‍ലി ഹെബ്‌ദോ എന്ന പാരീസിലെ വാരികക്കു നേരെ മുസ്ലിം ഭീകരര്‍ ആക്രമണം നടത്തി 12 ജീവനക്കാരെ കൊന്നു. ഇന്ന് നബിയുടെ കാര്‍ട്ടൂണ്‍ ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവനുള്ള ആളുകളുടെ മൊബൈലിലും കമ്പ്യൂട്ടറുകളിലുമുണ്ട്.
അവരെയും മതഭീകരര്‍ കൊല്ലാന്‍ തുനിയുമോ എന്ന് അദ്ദേഹം ചോദിച്ചു. മുഖം മൂടി നടക്കുന്ന സ്ത്രീകളും മനുഷ്യരാണെന്ന് മുഖം മൂടാന്‍ പറയുന്ന മതപണ്ഡിതര്‍ ചിന്തിക്കുന്നില്ല. നാളെ തെരുവില്‍ പര്‍ദ്ദ ധരിച്ച സ്ത്രീകളെ കാണാതായാല്‍ അടയാളം പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന നായകര്‍ ഉയര്‍ത്തിപ്പിടിച്ച് നവോത്ഥാന മൂല്യങ്ങള്‍ നശിച്ചു എന്നു പറയുന്ന രാഷ്‌ട്രീയക്കാര്‍ നല്ല രാഷ്‌ട്രീയമാണ് കഴിഞ്ഞ കാലം നടത്തിയിരുന്നതെങ്കില്‍ ഇത്തരം പരിപാടികളുടെ ആവശ്യമില്ലായിരുന്നു. ജാതി, മത, സാമുദായിക, രാഷ്‌ട്രീയ ചിന്തകളില്‍ അടിമപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരി പി. വത്സല അദ്ധ്യക്ഷത വഹിച്ചു. എം.എം. സചീന്ദ്രന്‍, പി. എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീധരനുണ്ണി സ്വാഗതവും കാസിം വാടാനപ്പള്ളി നന്ദിയും പറഞ്ഞു.














