വടകര: അഴിയൂരില്‍ ലീഗ് നേതാവിന്റെ വീടിനു നേരെ ബോംബേറ്. മുസ്ലിം ലീഗ് അഴിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.സി. എച്ച് ലത്തീഫിന്റെ അണ്ടിക്കമ്പനിക്കടുത്തുള്ള വീടിന് നേരെയാണ് ബോമ്പേറുണ്ടായത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വീട്ടില്‍ നിര്‍ത്തിയിട്ട കാറിനും കേടുപറ്റി. ശബ്ദം കേട്ട് ലത്തീഫും കുടുംബവും വീടിനു വെളിയില്‍ വന്നപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞു. അയല്‍ക്കാരും ശബ്ദം കേട്ട് ഓടിയെത്തി.
സിപിഎമ്മുകാരാണ് അക്രമം നടത്തിയതെന്ന് കരുതുന്നതായി ലീഗ് നേതാക്കള്‍ ആരോപിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ റസീഫ് (19), റാഹത്ത് മന്‍സിലില്‍ ഫായിസ് (18) എന്നിവര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റ തുടര്‍ച്ചയായാണ് ലീഗ് നേതാവിന്റെ വീടിനു നേരെ ബോമ്പേറ് നടന്നത്. ബോമ്പേറില്‍ വീടിന്റെ ചുമരിന് വിള്ളല്‍ വീണിട്ടുണ്ട്. കാറിന്റെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. ചോമ്പാല പോലീസ് സ്ഥലത്തെത്തി കേസ്സെടുത്തു.














