മലപ്പുറം: ജില്ലയില്‍ സ്കൂള്‍ ബസ് അപകടം തുടര്‍ക്കഥയാകുന്നു. മിക്ക സ്കൂളുകളിലെയും ബസുകള്‍ കാലപഴക്കമുള്ളതാണ്. ഇത് പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ ശ്രമിക്കുന്നില്ല. അന്താരാഷ്ട്ര സ്കൂള്‍ എന്ന് അവകാശപ്പെടുന്ന സ്വകാര്യ സ്കൂളുകളുടേത് പോലും വര്‍ഷങ്ങള്‍ പഴക്കമുള്ള വാഹനങ്ങളാണ്. ഉദ്യോഗസ്ഥരും സ്കൂള്‍ മാനേജ്മെന്റു തമ്മിലുള്ള കൂട്ടുകച്ചവടമാണ് നടപടിയില്ലാതിരിക്കാന്‍ കാരണം. എന്നാല്‍ സര്‍ക്കാര്‍ സ്കൂളിലെ സ്ഥിതി മറിച്ചാണ്. വാഹനം ഓടിക്കാനാവില്ലാത്ത അവസ്ഥയിലായിട്ടും പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമില്ല.
കഴിഞ്ഞ ദിവസം മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ബസ് അപകടത്തില്‍പ്പെട്ട് ഒരു വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. സ്കൂള്‍ വളപ്പിനുള്ളിലാണ് അപകടം നടന്നത്. സ്കൂള്‍ വിട്ട സമയത്ത് കുട്ടികളെ കയറ്റാന്‍ ഡ്രൈവര്‍ വണ്ടി സ്റ്റാര്ട്ടാക്കിയതാണ്, ബ്രേക്ക് നഷ്ടമായ ബസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. ഒരു മരത്തിലിടിച്ച് ബസ് നിന്നെങ്കിലും അപ്പോഴേക്കും സിത്താര പര്വീന്(14) എന്ന വിദ്യാര്‍ത്ഥിനിക്ക് ജീവന് നഷ്ടമായിരുന്നു. ബസിന്റെ ടയറിനും മരത്തിനും ഇടയില്‍പ്പെട്ടാണ് സിത്താര മരിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്.
ജില്ലയിലെ മിക്ക സര്‍ക്കാര്‍ സ്കൂള്‍ ബസുകളുടെയും അവസ്ഥ ഇതുതന്നെയാണ്. പൊളിഞ്ഞ് വീഴാറായ ബസില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന കാഴ്ചയാണ് എവിടെ ചെന്നാലും. സാമൂഹ്യപ്രവര്‍ത്തകര്‍ പലതവണ പരാതി നല്‍കിയിട്ടും ഇതിനൊരു മാറ്റവും ഉണ്ടായിട്ടില്ല. കാലപ്പഴക്കം ചെന്ന ബസുകള്‍ ഉപയോഗിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്വകാര്യ സ്കൂളുകളുടെ അവസ്ഥയും മറിച്ചല്ല. അടുത്ത ദിവസം പാണക്കാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളിന്റെ ബസ് അപകടത്തില്‍പ്പെട്ടു. വലിയൊരു കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇനിയും ഒരു ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: