പെരിന്തല്‍മണ്ണ: ലീഗിന്റെ അപ്രമാദിത്യത്തിന് മുന്നില്‍ പ്രതാപം നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്ത കോണ്‍ഗ്രസിനെ പ്രവര്‍ത്തകര്‍ക്കും വേണ്ടെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പതനം ഏകദേശം പൂര്‍ണമായി കഴിഞ്ഞു. ഭരണത്തിന്റെ സുഖം എന്താണെന്ന് ഇതുവരെ അനുഭവിച്ചിട്ടില്ലെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പരിഭവം. നഗരസഭ രൂപീകരിച്ചിട്ട് തെരഞ്ഞെടുപ്പുകള്‍ പലതു കഴിഞ്ഞെങ്കിലും പെരിന്തല്‍മണ്ണ ഭരിക്കാന്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ കഴിഞ്ഞിട്ടില്ല.
നിയമസഭയിലേക്കാകട്ടെ മണ്ഡലം ലീഗിന്റെ കുത്തകയും. ലോകസഭയിലേ കാര്യം പിന്നെ പറയുകയും വേണ്ട. സ്വന്തം അസ്ഥിത്വം പോലുമില്ലാത്ത ഈ പാര്‍ട്ടിയില്‍ എന്തിന് തുടരണമെന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ചോദിക്കുന്നത്. ആകെയുള്ള ഗുണം ഖദര്‍ ധരിച്ചിങ്ങനെ നടക്കാമെന്നത് മാത്രം. പാര്‍ട്ടിയോട് നിസകരണം പ്രഖ്യാപിച്ച് മാറി നില്ക്കുന്ന നേതാക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന ഷീബ ഗോപാല്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയാണെന്ന് നവമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തയായ വനിതാ നേതാവായിരുന്നു ഷീബ. പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ് ഷീബ പുറത്തേക്ക് പോകാന്ഡ കാരണം.
മുന്‍ മന്ത്രി നാലകത്ത് സൂപ്പിയുടെ സഹോദരനും നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന നാലകത്ത് ബഷീറാണ് പാര്‍ട്ടിയെ മൊഴി ചൊല്ലാനൊരുങ്ങുന്ന മറ്റൊരാള്‍. വോളിബോള്‍ അസോസിയേഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍, പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തിയെന്ന് പരിഭവം ഇദ്ദേഹത്തിനുണ്ട്. ലീഗിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലാണ് നാലകത്ത് ബഷീര്‍.
അതേസമയം, അന്ത്യശ്വാസം വലിക്കുന്ന കോണ്‍ഗ്രസിന് തെല്ലൊരാശ്വാസം യുവജനസംഘടനയായ യൂത്ത് കോണ്‍ഗ്രസ് ആണ്. കാരണം നാല്പതും അമ്പതും പിന്നിട്ടവര്‍ യൂത്തന്മാരായി വിലസുന്നുണ്ട്. പോരാത്തതിന് പാര്‍ട്ടിയുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ വല്ലപ്പോഴും ഓരോ സമരവും നടത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: