ന്യൂദല്‍ഹി: പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ കരസേന നടത്തിയ സൈനിക നടപടിയെ പിന്തുണച്ച് റഷ്യ. ഉറിയില്‍ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നാണെത്തിയതെന്നും റഷ്യ കുറ്റപ്പെടുത്തി. ഭാരതത്തിലെ റഷ്യന്‍ സ്ഥാനപതി അലക്‌സാണ്ടര്‍ എം. കദകിനാണ് പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഭാരതത്തിനെതിരായ ഭീകര പ്രവര്‍ത്തനത്തെ റഷ്യ അപലപിക്കുന്നു. ഇക്കാര്യം തുറന്നു പറയുകയും ചെയ്യും. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ എല്ലാ രാജ്യവും എതിര്‍ത്ത് നിലപാടെടുക്കണം. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും റഷ്യന്‍ സ്ഥാനപതി പറഞ്ഞു.
ഒരു രാജ്യത്തെ ജനങ്ങള്‍ക്കെതിരെ ഭീകരാക്രമണങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്നും റഷ്യ കുറ്റപ്പെടുത്തി. കശ്മീരിലെ പ്രശ്‌നങ്ങളെക്കാള്‍ വലുത് ഇത്തരം നടപടികളാണ്. പാക്-റഷ്യ സൈനിക അഭ്യാസം സാധാരണ നടക്കുന്നത് മാത്രമാണെന്നും ഇക്കാര്യത്തില്‍ ഭാരതത്തിന് ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവിരുദ്ധ പോരാട്ടത്തിനുള്ള സംയുക്ത പരിശീലനമാണ് പാക്-റഷ്യ സൈന്യങ്ങള്‍ നടത്തുന്നത്. സൈന്യത്തെ ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് റഷ്യ, പാക്കിസ്ഥാനെ പഠിപ്പിക്കുകയാണെന്നും റഷ്യന്‍ സ്ഥാനപതി കൂട്ടിച്ചേര്‍ത്തു.
















