സ്വപ്നം കണ്ട കാര്യങ്ങളാണ് ജീവിതത്തില്‍ നടന്നതെന്ന് അഖില അനില്‍ പറയും. നമുക്ക് അത്ര പരിചിതമല്ലാത്ത ഫെന്‍സിങ് എന്ന കായിക ഇനത്തില്‍ തായ്ലന്റില് നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് അഖില.
ചിട്ടയായ പരിശീലനവും, ആത്മവിശ്വാസവും, അര്‍പ്പണബോധവും ഉണ്ടെങ്കില്‍ ആര്‍ക്കും നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ സാധിക്കുമെന്നതിന് അഖിലയുടെ ജീവിതം ഉദാഹരണം. പഞ്ചാബ് ഗുരുനാനാക് ദേവ് സര്‍വ്വകലാശാലയില്‍ എംകോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പത്തനംതിട്ട വെട്ടിപ്രം സ്വദേശിനിയായ അഖില. അച്ഛന് അനില്‍കുമാര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാണ്, അമ്മ അനില അദ്ധ്യാപിക. പ്ലസ്ടു വിദ്യാര്‍ത്ഥിയായ സഹോദരന് അഖിലും ചേച്ചിയുടെ പാതയിലാണ്. 2009-ല്‍ തിരുവനന്തപുരം ഫെന്‍സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടൗണ്‍ഹാളില്‍ നടന്ന ഫെന്‍സിങ് മത്സരത്തില്‍ അഖില പങ്കെടുത്തിരുന്നു. അന്നുണ്ടായ താല്പര്യമാണ് വഴിത്തിരിവായത്.
ആദ്യകാലങ്ങളില്‍ പഠനവും കായികവും ഒരുമിച്ച് കൊണ്ടുപോകാന്‍ പാടുപെട്ടിരുന്നു. എന്നാല്‍ അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും പിന്തുണയാണ് സഹായകരമായത്. അമ്മ അദ്ധ്യാപികയായതിനാല്‍ മുടങ്ങിയ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തു. പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തിയ അഖിലക്ക് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. പരിശീലന സൗകര്യാര്‍ത്ഥം തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജിലായിരുന്നു ഡിഗ്രി പഠനം. തലശ്ശേരി സായി സെന്ററിലാണ് അന്നു മുതല്‍ പരിശീലനം നടത്തുന്നത്. തിരുവനന്തപുരം സ്വദേശി മോഹന്‍ദാസായിരുന്നു അദ്യകാല പരിശീലകന്. മഹാരാഷ്ട്ര സ്വദേശി സാഗര്‍.എസ്.ലാഗുവാണ് നിലവിലെ മുഖ്യ പരിശീലകന്.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പേള്‍ വയനാട്ടില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് അഖിലയുടെ മെഡല്‍ വേട്ടയുടെ തുടക്കം. തുടര്‍ന്ന് 2013,14,15 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണ മെഡല്‍ നേടി. 2014 ല്‍ ദേശീയ തലത്തില്‍ നടന്ന ജൂനിയര്‍ വിഭാഗം വ്യക്തിഗത ഇനത്തില്‍ വെള്ളി നേടി ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. 2015 ല്‍ സീനിയര്‍ വിഭാഗത്തിലും വെള്ളി നേടി.
2015 ല്‍ അന്താരാഷ്ട്ര കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഖില നേടിയ വെങ്കല മെഡലാണ് രാജ്യാന്തര തലത്തിലേക്കുള്ള കുതിപ്പിന് വഴിതെളിച്ചത്. തായ്ലന്റില് നടന്ന മത്സരത്തില്‍ ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്ലന്റ്, കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതി അഖില സെമി ഫൈനലില്‍ എത്തി. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഫെന്‍സിംങ് പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അവിടുത്തെ പരിശീലനം രാജ്യാന്തര തലത്തിലുള്ള മത്സരങ്ങള്‍ക്ക് പര്യാപ്തമല്ല.
വിദേശകളിക്കാരുടെ അടവുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന് തങ്ങള്‍ക്കും വിദേശ രാജ്യങ്ങളിലെപരിശീലനം അനിവാര്യമാണെന്ന് അഖില പറയുന്നു. ഇനി വരുന്ന ഏഷ്യന്‍ ഗെയിംസാണ് അഖിലയുടെ ലക്ഷ്യം. അതിനുള്ള തീവ്രപരിശീലനത്തിലാണിപ്പോള്‍. ഡിസംബറില്‍ എറണാകുളത്ത് നടക്കുന്ന 23 വയസ്സിന് താഴെയുള്ളവരുടെ സംസ്ഥാന മീറ്റിലും മത്സരിക്കും. ഫെന്‍സിങിന് വേണ്ടി മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഒളിമ്പിക്സ് യോഗ്യത പോലും കയ്യെത്തും ദൂരത്താണെന്നാണ് അഖിലയുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: