വിദ്യാഭ്യാസ വകുപ്പും തപാല്‍ വകുപ്പും സംസ്ഥാന തലത്തില്‍ നടത്തിയ കത്തെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഥ സിബിഎസ്ഇ പാഠ്യവിഷയമാക്കി. വയനാട്ടിലെ മീനങ്ങാടി സര്‍ക്കാര്‍ ഹൈസ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി പൂജാ ശശീന്ദ്രന്റെ കഥയാണ് സിബിഎസ്ഇ ഈ അദ്ധ്യായന വര്‍ഷത്തില്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഇംഗ്ലീഷ് മീഡിയം വിഭാഗത്തിനായാണ് പുസ്തകം തയ്യാറാക്കിയത്. മീനങ്ങാടി വട്ടത്തുവയലിലെ പന്തളത്ത് പുത്തന്‍വീട്ടില്‍ ശശീന്ദ്രന്-ചിത്ര ദമ്പതികളുടെ മകളാണ് പൂജ.
അമ്മയുടെ വേര്‍പാട് അച്ഛനില്‍ ഉണ്ടാക്കുന്ന ചലനങ്ങളാണ് കഥാരൂപത്തില്‍ പൂജ എഴുതിയത്. അമ്മയുടേതായിട്ടുള്ള ഓരോ വസ്തുക്കളും കാണുന്നതും അതിനെ താലോലിക്കുന്നതുമെല്ലാം കഥയിലുണ്ട്. ഇടക്കിടെ ഈറനണിയുന്ന അച്ഛന്റെ മിഴികളും പൂജ കാണുന്നു. കത്തെഴുത്ത് മത്സരത്തിന്റെ കാര്യം തലേന്ന് രാത്രിയിലാണ് പൂജ മാതാപിതാക്കളോട് പറയുന്നത്. അല്‍പ്പം ദേഷ്യപ്പെട്ടിട്ടാണെങ്കിലും അച്ഛനും അമ്മയും രാത്രി മകളുടെ കത്തെഴുത്തിന് കൂട്ടിരുന്നു. രാത്രി പതിനൊന്നരയോടെയാണ് പൂജ കത്തെഴുതി കഴിഞ്ഞത്. പിറ്റേന്നുതന്നെ കത്ത് സ്കൂളിലെത്തിച്ചു. ആ കത്തിനാണ് തപാല്‍ വകുപ്പിന്റെ അംഗീകാരം. എംഎ മലയാളം ബിരുദധാരിയായ അമ്മ ചിത്രയില്നിന്നാണ് പൂജ കഥകളും കവിതകളുമെല്ലാം പഠിക്കുന്നത്. അമ്മയും ഈ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ വിലാപങ്ങള്‍, അയാള്‍ തുടങ്ങി നിരവധി കഥകളും കവിതകളും പല പ്രസിദ്ധീകരണങ്ങളിലും വന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കവിതയെഴുത്ത് മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
ഹയര്‍സെക്കണ്ടറിയില്‍ നിന്ന് വിരമിച്ച പ്രിന്‍സിപ്പല്‍ വല്ലച്ചിറ രാമചന്ദ്രനും തുംപൂര് ലോഹിതാക്ഷനുമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ദയാ ഭായിയുടെ വൃക്ഷ സ്നേഹം ഇതിവൃത്തമായിട്ടുള്ള രചനയും പ്രശസ്ത സംവിധായകന് പ്രിയനന്ദന്റെ ഉച്ചകളെ പിന്തുടരുന്ന ബാല്യവുമെല്ലാം ഈ പുസ്തകത്തിലുണ്ട്. സംസ്ഥാന സിലബസില്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ കഥ സിബിഎസ്ഇക്കുവേണ്ടി തിരഞ്ഞെടുക്കുന്നതിന് പല മാനദണ്ഡങ്ങള്‍ പിന്തുടര്ന്നതായി പ്രസാധകര് പറയുന്നു. ഗ്രാമീണ കുടുംബാന്തരീക്ഷവും കത്തിലൂടെ കഥക്ക് കൈവന്ന മോക്ഷപ്രാപ്തിയുമെല്ലാം പുസ്തകത്തിലുള്‍പ്പെടുത്താന്‍ കാരണമായതായി ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: