കന്നിമാസത്തില് ശുക്ലപക്ഷത്തിലെ പ്രഥമ മുതല്‍ നവമിവരെയുള്ള ഒന്‍പത് രാത്രികളില്‍ കൊണ്ടാടുന്ന ആഘോഷമാണ് നവരാത്രി മഹോത്സവം. അടുത്ത ദിവസം ദശമി അല്ലെങ്കില്‍ ദസറ. നവരാത്രി ആഘോഷം കേരളത്തില്‍ പ്രധാനമായും നവരാത്രി സംഗീതോത്സവം എന്ന പേരില്‍ സംഗീതസദസ്സുകളും പ്രഭാഷണങ്ങളുമായാണ് ആഘോഷിച്ചുവരുന്നത്. ഓരോ ദിവസവും ദേവിക്ക് ഓരോ ഭാവമാണ്. ഓരോ ഭാവത്തിനും അനുസൃതമായ രാഗങ്ങളാണ് സംഗീതസദസ്സുകളില്‍ സംഗീതജ്ഞര്‍ ആലപിക്കുന്നത്.
ഒന്നാം ദവസം- സര്‍വ്വശക്തി സ്വരൂപിണിയായ കുമാരിയായും (ശങ്കരാഭരണം) രണ്ടാം ദിവസം- ജ്ഞാനസ്വരൂപിണിയും ത്രൈലോക്യവന്ദ്യയുമായ ത്രിമൂര്‍ത്തിയായും (കല്യാണി) മൂന്നാം ദിവസം- കാരുണ്യഹൃദയവും കല്യാണ ജനനിയുമായ കല്യാണിയായും (സാവേരി) നാലാം ദിവസം-അനന്ത ശക്തിമയിയായ രോഹിണിയായും (തോഡി) അഞ്ചാം ദിവസം- കാലചക്രസ്വരൂപിണിയായ കാളികയായും (ഭൈരവി) ആറാം ദിവസം-ചണ്ഡവീരയും ചണ്ഡമുണ്ഡപ്രഭജ്ഞയുമായ ചണ്ഡികയായും (പന്തുവരാളി) ഏഴാം ദിവസം- സദാനന്ദകാരിണിയായ ശാംഭവിയായും (ശുദ്ധസാവേരി) എട്ടാം ദിവസം-ദുര്ഗ്ഗമവും ദുസ്തരവുമായ കര്‍മ്മങ്ങളില്‍ സഹായമരുളുന്ന ഭവദുഃഖ വിനാശിനിയായ ദുര്‍ഗ്ഗയായും (നാട്ടക്കുറുഞ്ചി) ഒന്‍പതാം ദിവസം- സുഖസൗഭാഗ്യദായിനിയായ സുഭദ്രയായും (ആരഭി) സങ്കല്‍പ്പിച്ചുകൊണ്ടാണ് സംഗീതാരാധന നടത്തുന്നത്. പത്താം ദിവസം വിജയദശമി ആചരിച്ചുകൊണ്ട് വിദ്യാരംഭം കുറിക്കുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഉല്പത്തിയെക്കുറിച്ച് പല കഥകളും പുരാണങ്ങളിലുണ്ട്. ധനു എന്ന അസുരന്റെ പുത്രന് രംഭന് അഗ്നിദേവനില്‍നിന്ന് ത്രൈലോക്യ വിജയിയായ പുത്രന് ജനിക്കുന്നതിനുള്ള വരം സമ്പാദിച്ചു. വരഫലം പോലെ രംഭന് തന്നില്‍ കാമമുണര്‍ത്തിയ എരുമയില്‍ ഒരു പുത്രന് ജനിച്ചു. അതാണ് മഹിഷന്.
മഹിഷന് അസുരന്മാരുടെ രാജാവായി. സ്വര്‍ഗ്ഗലോകം കൈക്കലാക്കുന്നതിനുവേണ്ടി ദേവന്മാരുമായി യുദ്ധം ആരംഭിച്ചു. ഒന്‍പതു ദിവസം നീണ്ടുനിന്ന ഘോരയുദ്ധത്തില്‍ ദേവന്മാരെ പരാജയപ്പെടുത്തി മഹിഷാസുരന് സ്വര്‍ഗ്ഗലോകം കീഴടക്കി ദൈത്യപതാക പാറിച്ചു.
ദേവന്മാര് മഹാവിഷ്ണുവിനെ കണ്ട് സങ്കടം ബോധിപ്പിച്ചു. മഹിഷാസുരനെ വധിക്കാന്‍ ഒരുപായം നിര്ദ്ദേശിച്ചുതരണമെന്നപേക്ഷിച്ചു.
ബ്രഹ്മാവ് കൊടുത്തിരിക്കുന്ന വരമനുസരിച്ച് പുരുഷനെക്കൊണ്ട് മഹിഷാസുരനെ വധിക്കാന്‍ സാധിക്കുകയില്ലെന്നും സ്ത്രീക്ക് മാത്രമേ അതിന് കഴിയൂ എന്നും വിഷ്ണു ദേവന്മാരെ അറിയിച്ചു. ദേവന്മാരുടെ അംശമായി അവരുടെ തേജസ്സോടും ശക്തിയോടും കൂടിയ സ്ത്രീയെ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ ആ ശക്തിസ്വരൂപിണി മുഖാന്തിരം നമുക്ക് മഹിഷാസുരനെ വധിക്കാന്‍ സാധിക്കും.
അതിന് നമ്മുടെ തേജസെല്ലാം ഒന്നായിച്ചേര്‍ത്ത് സ്ത്രീയെ സൃഷ്ടിക്കുകയും നമ്മുടെ ആയുധങ്ങളെല്ലാം അവള്‍ക്ക് നല്കി കരുത്തേകുകയും വേണമെന്ന് മഹാവിഷ്ണുവിന്റെ അരുളപ്പാടുണ്ടായപ്പോള്ത്തന്നെ ബ്രഹ്മിവില് നിന്നും ശിവനില്‍ നിന്നും വിഷ്ണുവില് നിന്നും ഇന്ദ്രനില് നിന്നും കുബേരന്, അഗ്നി, വരുണന്, സൂര്യചന്ദ്രന്മാര്, അഷ്ടവസുക്കള്‍ എന്നീ ദേവന്മാരില് നിന്നെല്ലാം അവരവരുടെ ശക്തിക്കും അവസ്ഥക്കും അനുസരണമായ തേജോജ്വാലകള് ഒന്നായിച്ചേര്‍ന്ന് വിന്ധ്യാപര്‍വ്വതത്തിന്റെ കൊടുമുടിയിലുള്ള കാര്‍ത്യായന മഹര്‍ഷിയുടെ ആശ്രമത്തെ പ്രാപിച്ചു. മഹര്‍ഷിയുടെ തേജസ്സും ദേവതേജസ്സോടുചേര്ന്ന് ആയിരം സൂര്യന്മാരെപ്പോലെ ജ്വലിച്ചുനിന്നു.
പണ്ട് ശിവന് പാര്‍വ്വതിയെ കാളിയെന്ന് വിളിച്ചത്, കറുത്തവളായതുകൊണ്ട് തന്നെ ആക്ഷേപിക്കാനാണെന്ന് ധരിച്ച്-‘ ഈ കറുത്ത നിറവുമായി ഞാനിനി അങ്ങയെ സമീപിക്കുകയില്ല’ എന്ന് പ്രതിജ്ഞയെടുത്ത് മഹാകാനനത്തിലെത്തി ഒറ്റക്കാലില്‍ നിന്ന് നൂറുവര്‍ഷം കഠിനതപസ്സാരംഭിച്ചു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് ഇഷ്ടവരം നല്കി അനുഗ്രഹിച്ചു. നിന്റെ കറുത്ത നിറം നീങ്ങി താമരപ്പൂവിന്റെ അല്ലിയുടെ നിറം വന്നുചേരുമെന്നും ആ ഗൗരവര്‍ണം നിമിത്തം നിന്നെ ലോകം ഇനി മുതല്‍ ഗൗരി എന്നുവിളിക്കുമെന്നും അരുളി ചെയ്തു. അപ്പോള്‍ കാളിയുടെ കറുത്ത പുറംതൊലി അഴിഞ്ഞ് നിലത്തുവീണു.
ആയിരം സൂര്യതേജസ്സോടെ ജ്വലിച്ചുനിന്ന ദേവന്മാരുടെ മഹാതേജസ്സെല്ലാം കൂടി കാളിയുടെ ദേഹത്തുനിന്ന് ഉരിഞ്ഞുവീണ കരിന്തൊലിയെ പ്രാപിച്ചപ്പോള്‍ കാര്‍ത്യായനിയെന്ന ഉഗ്രമൂര്‍ത്തി രൂപംകൊണ്ടു. ഓരോ ദേവതേജസ്സും കാര്‍ത്യായനിക്ക് ഓരോരോ അവയവങ്ങളായി ഭവിച്ചു. ഓരോ ദേവന്മാരും അവരവരുടെ ആയുധങ്ങളും ആഭരണങ്ങളും സമ്മാനിച്ചു.
ദേവന്മാരാല് സ്തുതിക്കപ്പെട്ട ദേവി സിംഹത്തിന്റെ പുറത്തുകയറി വിന്ധ്യാചലത്തിന്റെ കൊടുമുടിയിലേക്ക് പോയി. അവിടെ വാസം ആരംഭിച്ചു. കാര്‍ത്യായനിയില്‍ അനുരക്തനായി വിവാഹഭ്യര്‍ത്ഥന നടത്തിയ മഹിഷാസുരനോട് ദേവി പറഞ്ഞു. ‘ എന്നെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നവനെ ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കും. അതാണ് ജാതിമര്യാദ’.
അതനുസരിച്ച് സര്‍വ്വ സന്നാഹങ്ങളുമായി മഹിഷന് യുദ്ധസന്നദ്ധനായി. അതിഭയങ്കരമായ യുദ്ധത്തില്‍, ദേവി കുന്തംകൊണ്ട് കുത്തി മഹിഷാസുരനെ വധിച്ചു.
ദേവി വിജയം വരിച്ച ദിവസമാണ് വിജയദശമി. തിന്മക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ ആഘോഷം. അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ നിന്ന് വിജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് പ്രവേശിക്കുന്ന ദിവസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: