ആറന്മുള: കൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആറന്മുള പുഞ്ചയില്‍ നടന്നുവരുന്ന നിലമൊരുക്കലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. മല്ലപ്പുഴശ്ശേരി പന്നിവേലിമൂല തെച്ചിക്കാവ്, ഭാഗത്തെ നിലമൊരുക്കലിന്റെ ഉദ്ഘാടനം ആറന്മുളയിലെ പ്രമുഖ കര്‍ഷക കുടുംബാംഗം ശ്രീമതി സൂസന് ജോണ്‍ തമ്പാന് നിലവിളക്ക് തെളിയിച്ച് നിര്‍വ്വഹിച്ചു. ആറന്മുള പുഞ്ചയുടെ തലക്കുളങ്ങളില്‍ ഒന്നായിരുന്ന പന്നിവേലിമൂല കുളത്തിന് സമീപമുള്ള പാടത്ത് നിരവധി കര്‍ഷകരെയും, വീട്ടമ്മമാരെയും സാക്ഷിയാക്കിയാണ് നിലമൊരുക്കലിന് കാര്‍ഷിക ആചാരപ്രകാരം ഭദ്രദീപം തെളിയിച്ചത്. ക്ഷേത്രാചാരവുമായി ബന്ധമുള്ള തെച്ചിക്കാവുകൊല്ല കൂടി ഒരുക്കുന്നതിന്റെ ഭാഗമായി ആറന്മുള ക്ഷേത്രത്തില്‍ നിന്നെത്തിച്ച പൂമാലകള്‍ ട്രാക്ടറില്‍ ചാര്‍ത്തിയാണ് നിലമുഴുന്നത് ആരംഭിച്ചത്. രണ്ടായിരം ഏക്കറോളം വരുന്ന ആറന്മുള പുഞ്ചയുടെ പ്രധാന ഭാഗമായ പ്ലാംകുന്ന് , പന്നിവേലി മൂല, തെക്കേഭാഗം എന്നീ പാടശേഖരങ്ങളാണ് രണ്ടാം ഘട്ടമായി ഒരുക്കുന്നത്.
രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തംഗം ആര് ഗീതാകൃഷ്ണന്‍, പാടശേഖര സമിതി കണ്‍വീനര്‍ ശശിധരന് നായര്‍ പഞ്ചവടി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജേക്കബ് തര്യന്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജിത് കുറുന്താര്‍, ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതിയംഗം കെ. എസ്. സുരേഷ്, മുന്‍ ഗ്രാമപഞ്ചായത്തംഗം റോയി ജോര്‍ജ്ജ്, മല്ലപ്പുഴശ്ശേരി പള്ളിയോട കരയോഗ സമിതി അംഗം സുരേഷ് മലമേല്‍, കൃഷി വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജി. ജയപ്രകാശ്, സ്പെഷ്യല്‍ കൃഷി ഓഫീസര്‍ ജെ. സജീവ്, പത്തനംതിട്ട ജില്ലാ കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ജോര്‍ജ്ജ് ബോബി എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: