നിലമ്പൂര്‍: ആദിവാസികള്‍ കൂടുതലുള്ള മേഖലകളിലെ റേഷന്‍കട ഉടമകള്‍ അവരുടെ റേഷന്‍ വിഹിതത്തില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. ഇത്തരത്തില്‍ ലക്ഷങ്ങളാണ് ഇവര്‍ സമ്പാദിക്കുന്നത്. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് പ്രതിമാസം 25 കിലോ അരിയാണ് ലഭിക്കേണ്ടത്. എന്നാല്‍ പല ആദിവാസി കുടുംബങ്ങള്‍ക്കും 16 കിലോക്ക് മുകളില്‍ കട ഉടമകള്‍ നല്‍കാറില്ല.
മണ്ണെണ്ണയും പഞ്ചസാരയും നാമമാത്രമാണ് നല്‍കുന്നത്. ആദിവാസി കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ സുരക്ഷിതമായി തങ്ങളുടെ പക്കല്‍ വച്ചിരിക്കുന്ന കാര്‍ഡ് ഉടമകളും മേഖലയിലുണ്ട്. ആദിവാസി ഊരുകൂട്ടങ്ങളില്‍ ഉയരുന്ന പ്രധാന പരാതികളില്‍ ഒന്ന് റേഷന്‍ കടകളിലെ ചൂഷണമാണ്. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന അരി പൊതുമാര്‍ക്കറ്റില്‍ റേഷന്‍ കട ഉടമകള്‍ മറിച്ച് വില്‍ക്കുന്നത് 16 രൂപ മുതല്‍ 20 രൂപവരെ ഈടാക്കിയാണ്. ഈ ഇനത്തില്‍ ഒരു കാര്‍ഡില്‍ നിന്നുതന്നെ 180 രൂപ റേഷന്‍ കടയുടമയുടെ പോക്കറ്റിലെത്തും.
മണ്ണെണ്ണയിലും പഞ്ചസാരയിലും ഈ വെട്ടിപ്പ് നടക്കുന്നുണ്ട്. കൃത്യമായ റേഷന്‍ വിഹിതം ചോദിക്കുന്ന ആദിവാസികള്‍ക്ക് 22 കിലോവരെ ലഭിക്കുന്നുണ്ടെന്നും ആദിവാസികളില്‍ ചിലര്‍ പറയുന്നു. പത്തു കിലോക്ക് താഴെ അരിലഭിക്കുന്നവരും കുറവല്ല. ആദിവാസികളെ ചൂഷണം ചെയ്ത് റേഷന്‍കട ഉടമകള്‍ ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോഴും സപ്ലൈ ഓഫീസര്‍ അടക്കമുള്ളവര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണ്.
തങ്ങള്‍ക്ക് ലഭിക്കുന്ന തുകയില്‍ ഒരു വിഹിതം കൃത്യമായി മാസപ്പടിയിനത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാണ് റേഷന്‍ കടയുടമകള്‍ ആദിവാസി ചൂഷണം തുടരുന്നത്.
ആദിവാസി ക്ഷേമത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്ന സര്‍ക്കാര്‍ അവര്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിഹിതംപോലും തട്ടിയെടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: