കരുവാരകുണ്ട്: അധിക ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ച് ബിഎല്‍ഒമാരെ മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി പരാതി. വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ പേരിലാണ് ബിഎല്‍ഒമാരെ അധിക്യതര്‍ ബുദ്ധിമുട്ടിക്കുന്നത്.
അധികജോലികള്‍ ചെയ്യുന്നതിനെല്ലാം ഡ്യൂട്ടിലീവും പ്രത്യേക അലവന്‍സും നല്‍കാറുണ്ട്. എന്നാല്‍ ഭാരിച്ച ജോലിയായിട്ടും ഡ്യൂട്ടിലീവും അലവന്‍സും നല്‍കിയിട്ടില്ല. ബിഎല്‍ഒമാരില്‍ കൂടുതലാളുകളും അദ്ധ്യാപകരായതിനാല്‍ വിദ്യാലയങ്ങളില്‍ നിന്ന് ലീവെടുക്കാനാവുന്നില്ല. വീടുവീടാന്തരം കയറിയിറങ്ങി നടത്തേണ്ട ജോലിയാണിത്.
ഒരു വീട്ടില്‍ തന്നെ ഒരു മണിക്കൂറോളം ചെലവഴിക്കേണ്ടി വരും. അഞ്ഞൂറോളം വീടുകളാണ് ബിഎല്ഒമാര്ക്കുള്ളത്.
അവധിലഭിക്കാത്തതിനാല് ബിഎല്‍ഒമാര്‍ ആരും ജോലി ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് ബിഎല്‍ഒമാരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തത്.
കഴിഞ്ഞദിവസം ബിഎല്‍ഒയായ അങ്കണവാടി അദ്ധ്യാപികയെ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും ചെയ്തു. സ്ത്രിയാണെന്ന പരിഗണനപോലുമില്ലാതെയായിരുന്നു സംസാരം. അധ്യാപകനായ മറ്റൊരു ബിഎല്‍ഒയെ വിളിച്ച് സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്രെ. വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ മാന്യമായി പെരുമാറുമ്പോള്‍ മറ്റു ഓഫീസുകളിലെ ജീവനക്കാരാണ് അപമര്യാദയായി സംസാരിക്കുത്. ഇതിനെതിരെ ബിഎല്‍ഒ മാര്‍ സംഘടിക്കുകയും കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ധ്യാപകരെ മറ്റു ജോലിചെയ്യിപ്പിക്കരുതെന്ന വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇത്തരം ജോലികള്‍ ചെയ്യിപ്പിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനിലും വിദ്യാഭ്യാസവകുപ്പ് അധിക്യതര്‍ക്കും പരാതി നല്‍കുമെന്നും ബിഎല്‍ഒമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: