തിരുവല്ല:താലൂക്ക് ആശുപത്രിയിലെ ലാബില്‍ പരിശോധനകള്‍ക്കായി എത്തണമെങ്കില്‍ രോഗികള്‍ ഒരുപാട് ദുരിതം അനുഭവിക്കണം.ആശുപത്രിയിലെ ഒപിയില്‍ എത്തുന്ന അവശരായ രോഗികള്‍ അടക്കം വളരെ ബുദ്ധിമുട്ടിയാണ് മോര്‍ച്ചറിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ലാബിലേക്ക് എത്തുന്നത്.ലാബിലേക്കുള്ള കുത്തനെ ഉള്ള ഇറക്കത്തില്‍ രോഗികള്‍ കാല്‍തെറ്റി വീഴുന്നതും സ്ഥിരംകാഴ്ചയാണ്.ഏറെ അവശരായവരെ വീല്‍ചെയറുകളില്‍ കൊണ്ടുവന്നാല്‍ തിരികെ പോകുമ്പോഴേക്കും വേദന ഇരട്ടിയാകും.
ഏറെ ബുദ്ധിമുട്ടിയാണ് ലാബിന്റെ പ്രവര്‍ത്തനം നടക്കുന്നത്.താല്കാലിക ജീവനക്കാരായി എട്ട് പേര് ഉണ്ടെങ്കിലും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു .മൂന്ന് ഷിഫ്റ്റുകളായാണ് ഇവരുടെ ജോലി ക്രമീകരിച്ചിരിക്കുന്നത്.എന്നാല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ചുറ്റുമുള്ള പ്രദേശം കാടുകയറി കിടക്കുന്നതിനാല്‍ രോഗികള്‍ക്ക് പുറമെ പാമ്പും പഴുതാരയും മുതലുള്ള ജീവികളും സജീവം.സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടി ഉയര്ത്തപെടുമെന്ന് പ്രതീക്ഷിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് വേണമെന്ന ആവശ്യവും ശക്തമാണ്.4വര്‍ഷം മുമ്പ് ആശുപത്രിക്കനുവദിച്ച ബ്ലഡ് ബാങ്ക് ബ്ലഡ് സ്റ്റോറേജ് യൂണിറ്റായാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഒരു ബ്ലഡ് ബാങ്ക് മതിയെന്ന സര്‍ക്കാര്‍ തീരുമാനമാണ് തിരുവല്ല യൂണിറ്റിന് വിനയായത്. ബ്ലഡ് ബാങ്കിനായി എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ വര്‍ഷങ്ങളോളം ഉപയോഗിക്കാതിട്ടിരിക്കുകയായിരുന്നു. ഇവയില്‍ ചിലത് സ്റ്റോറേജ് യൂണിറ്റിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഒരു ബ്ലഡ് ബാങ്ക് മതിയെന്ന പുതിയ തീരുമാനം വന്നതോടെ താലൂക്കാശുപത്രിയുടെ കാര്യം അനിശ്ചിതത്വത്തിലായി.ഇതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ തരണം ചെയ്യാനുള്ള രക്തം ശേഖരിച്ച് വെ്ക്കാനുള്ള സൗകര്യവും താലൂക്ക് ആശുപത്രിയില്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: