ബദിയടുക്ക: ചെടേക്കാല്‍ എരുപ്പകട്ടയിലെ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടത്തി. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും പദ്ധതി നടത്തിപ്പ് സംബന്ധിച്ച് രേഖകള്‍ ഏറ്റെടുത്തു. എന്റോസള്ഫാന് പദ്ധതി പ്രകാരമാണ് എര്പ്പുക്കട്ട കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. എര്പ്പുകട്ട പട്ടികജാതി കോളനി ഉള്‍പ്പെടെ 40 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിയുടെ പൈപ്പ്ലൈന് പൂര്‍ത്തിയായിട്ടില്ല. പദ്ധതിക്കുവേണ്ടി ടാങ്ക്, ബോര്‍വെല്‍ എന്നിവ നിര്‍മ്മിച്ചെങ്കിലും ഇത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സ്ഥാപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് വേണ്ടി അഞ്ചു വര്‍ഷം മുമ്പാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. മോട്ടോര്‍ ഷെഡും ടാങ്കും മാത്രമാണ് നിര്‍മ്മിച്ചത്. 18 ലക്ഷം രൂപ ചിലവഴിച്ച് വാട്ടര്‍ അതോറിറ്റി ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ ടാങ്കാകട്ടെ ചോര്‍ച്ചയുള്ളതാണ്.
അഞ്ചു വര്‍ഷമായിട്ടും ഒരു തുള്ളി വെള്ളം പോലും നാട്ടുകാര്‍ക്ക് പദ്ധതിയില്‍ നിന്ന് ലഭിച്ചിട്ടില്ല. 13 വീട്ടുകാര്‍ക്ക് മാത്രമാണ് ഇതിന്റെ കണക്ഷന് നല്‍കിയത്. എന്നാല്‍ വെള്ളം മാത്രം ഇതുവരെ കിട്ടിയില്ല. ഇതുസംബന്ധിച്ച് നാട്ടുകാരനായ മുഹമ്മദ് കുഞ്ഞി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സിഐ ബാലകൃഷ്ണ നായരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ ക്രമക്കേട് വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. പദ്ധതി തുക കരാറുകാരന് ഇനിയും നല്‍കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ബദിയടുക്ക പഞ്ചായത്തിനാണ് കുടിവെള്ള പദ്ധതിയുടെ ഓണര്‍ഷിപ്പ് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: