ജീവിതത്തില്‍ ഭയവും ആശയക്കുഴപ്പവും ഉണ്ടാകുന്നത് പ്രതിബദ്ധതയുടെ അഭാവത്തിലാണ്. പ്രതിബദ്ധതയില്ലാത്ത മനസ്സ് കലുഷിതമായിരിക്കും. പ്രതിബദ്ധമായ മനസ്സ് പ്രതികൂല കാലാവസ്ഥകള്‍ അഭിമുഖീകരിക്കുമെങ്കിലും പരിശ്രമത്തിന്റെ ഫലം മധുരം നിറഞ്ഞതായിരിക്കും.
സന്തോഷവും ഭാഗ്യവുമൊക്കെ അകലങ്ങളിലെവിടെയോ ആണെന്നു മനുഷ്യര്‍ കരുതുന്നു.
എന്നോ വന്നണഞ്ഞേക്കാവുന്ന സൗഭാഗ്യങ്ങള്‍ക്കായി കാത്തിരിക്കുന്നു. സുവ്യക്തവും സമീപസ്ഥവുമായ സൗഭാഗ്യത്തെ അറിയുന്നേയില്ല. ആത്മാവുമായി വളരെ അടുത്താണെങ്കിലും നിങ്ങള്‍ അതറിയാതെ പോകുന്നു. നിങ്ങളിലേക്കു കടക്കുന്ന കല അഭ്യസിക്കേണ്ടിയിരിക്കുന്നു.
















