കല്‍പ്പറ്റ : വടക്കേ വയനാട്ടിലെ ബ്രഹ്മഗിരിയിലും മുനീശ്വരന്‍മുടിയിലും വനം വകുപ്പ് നടപ്പിലാക്കിയ ടൂറിസം പദ്ധതികള്‍ക്കും പേരിയ പീക്കിലെ മഹാഗണിത്തോട്ടം നിര്‍മ്മാണത്തിനുമെതിരെ പരിസ്ഥിതി സംഘടനകള്‍ കേന്ദ്ര മന്ത്രാലയങ്ങളെ സമീപിക്കുന്നു. പശ്ചിമഘട്ടത്തിലെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളുടെ ഗണത്തില്‍പ്പെടുന്ന ബ്രഹ്മഗിരി, മുനീശ്വരന്മുടി, പേര്യാ പീക്ക് എന്നിവിടങ്ങളില്‍ വടക്കേവയനാട് വനം ഡിവിഷന് മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികള്‍ക്കെതിരെ സംസ്ഥാന വനം-വന്യജീവി വകുപ്പ് അധികൃതര്‍ക്ക് നല്കിയ പരാതികളില്‍ നടപടി വൈകുന്ന സാഹചര്യത്തിലാണ് പരിസ്ഥിതി സംഘടനകളുടെ നീക്കം. ആദ്യഘട്ടത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി, ജലവിഭവ മന്ത്രാലയങ്ങള്‍ക്ക് നിവേദനം നല്‍കാനാണ് പരിസ്ഥിതി സംഘടനകളുടെ തീരുമാനമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ പറഞ്ഞു. അവശ്യമെന്നുകണ്ടാല് പ്രധാനമന്ത്രിയെയും സമീപിക്കും.
കാവേരിനദിയുടെ പ്രധാന കൈവഴികളിലൊന്നായ കബനിനദിയുടെ വൃഷ്ടിപ്രദേശങ്ങളാണ് ബ്രഹ്മഗിരിയും മുനീശ്വരന്‍ മുടിയും പേരിയയും. കാവേരി ജലത്തില്‍ 20 ശതമാനം വയനാട്ടിലെ നിത്യഹരിത വനങ്ങളുടെയും പുല്‍മേടുകളുടെയും ഉന്നത മലവാരങ്ങളുടെയും സംഭാവനയാണ്. വൃഷ്ടിപ്രദേശങ്ങളിലെ പരിസ്ഥിതിനാശം കബനി നദിയുടെ കൈവഴികളിലേക്കുള്ള നീരൊഴുക്കിനെ ബാധിക്കും. വംശനാശത്തിന്റെ വക്കിലുള്ളതടക്കം അപൂര്‍വയിനം പക്ഷികളുടെ ആവാസകേന്ദ്രവുമായ ബ്രഹ്മഗിരിയിലൂടെയാണ് വയനാട്ടില്‍നിന്നു ആറളത്തേക്കും കര്‍ണാടകയിലെ നാഗരഹോള ദേശീയോദ്യാനത്തിലേക്കുമുള്ള ആനത്താര. എന്നിരിക്കെയാണ് ബ്രഹ്മഗിരിയിലും മുനീശ്വരന്‍മുടിയിലും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു പദ്ധതികള്‍ നടപ്പിലാക്കിയത്. രണ്ടിടങ്ങളിലും ഓരോ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും അഞ്ചുവീതം കോട്ടേജുകളും വനംവകുപ്പ് നിര്‍മ്മിച്ചു. ടൂറിസംപ്രവര്ത്തനത്തിനുനീക്കിവച്ച സ്ഥലം സോളാ ര്‍ വൈദ്യുതവേലി കെട്ടിത്തിരിച്ചു. വാഹനഗതാഗതത്തിനു ഉതകുന്ന റോഡും ടൂറിസം കേന്ദ്രങ്ങളിലേക്ക് പണിതു. നൈസര്‍ഗിക വനംനശിപ്പിച്ചാണ് പാതകള്‍ പണിതത്.
റിസര്വ്വനങ്ങളിലെ പുതിയ നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനപ്രദേശങ്ങളിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം സംബന്ധിച്ച മാനദണ്ഡങ്ങ ള്‍ നിലവിലുണ്ട്. ഇവയെല്ലാം അവഗണിച്ചും സംസ്ഥാന വനംവകുപ്പിന്റെ വര്‍ക്കിംഗ് പ്ലാനിനു വിരുദ്ധവുമായാണ് ബ്രഹ്മഗിരിയിലെയും മുനീശ്വരന്മുടിയിലെയും ടൂറിസം പദ്ധതികള്‍.
മനുഷ്യ-മൃഗ സംഘര്‍ഷത്തിനു കുപ്രസിദ്ധമാണ് വയനാട്. വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ ക്ക് പ്രാണഹാനി സംഭവിക്കുന്നതും ഗുരുതരമായി പരിക്കേല്‍ക്കുന്നതും തുടര്‍ക്കഥയാണ്. പ്രതികാരബുദ്ധിയോടെ മനുഷ്യര്‍ നടത്തുന്ന നീക്കങ്ങളില്‍ കഥാവശേഷമാകുന്ന കാട്ടാനകളടക്കം വന്യജീവികളുടെ എണ്ണവും നിരവധിയാണ്. ആവാസവ്യവസ്ഥകളുടെയും പരമ്പരാഗത സഞ്ചാരപഥങ്ങളുടെയും നാശമാണ് ആനകളടക്കം വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തിപ്പെടുന്നതിനു മുഖ്യകാരണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വിദ്യകളെക്കുറിച്ച് വനം-പരിസ്ഥിതി സംരക്ഷണ രംഗത്തുള്ളവര്‍ തലപുകയ്ക്കുകയാണ്. ഇവരെ പരിഹസിക്കുന്നതുമാണ് ബ്രഹ്മഗിരിയിലെയും മുനീശ്വരന്മുടിയിലെയും ടൂറിസം പരിപാടികള്‍.
വയനാട്ടിലെ ഒരു ലക്ഷം ഹെക്ടര്‍ വരുന്ന വനഭൂമിയില്‍ 35,000 ഹെക്ടറും തേക്ക്, യൂക്കാലിപ്ട്സ്, മഹാഗണി, അക്കേഷ്യ തുടങ്ങിയവയുടെ ഏകവിളത്തോട്ടങ്ങളാണ്. വരണ്ടുണങ്ങി തീറ്റയും വെള്ളവും അന്യമായ ഏകവിളത്തോട്ടങ്ങളാണ് വനാതിര്‍ത്തിഗ്രാമങ്ങളില്‍ വര്‍ധിക്കുന്ന മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ മറ്റൊരു കാരണം. ഈ യാഥാര്‍ഥ്യം വിസ്മരിച്ചാണ് പേരിയ പീക്കില്‍ 220 ഏക്കറില്‍ പുതുതായി മഹാഗണി വൃക്ഷത്തോട്ടം ഉണ്ടാക്കുന്നത്.
പേരിയ പീക്കിലെ ഏകവിളത്തോട്ടനിര്മാണം ഉപേക്ഷിക്കണം. ബ്രഹ്മഗിരിയെയും മുനീശ്വരന്മുടിയെയും ടൂറിസം വിമുക്തമാക്കണം. ഇവിടങ്ങളിലെ കെട്ടിടങ്ങളും കോട്ടേജുകളും സോളാര്വൈദ്യുത വേലികളും പൊളിച്ചുനീക്കണം. ഇക്കാര്യങ്ങളില്‍ അടിയന്തര ഇടപെടലാണ് പരിസ്ഥിതി സംഘടനകള്‍ പൊതുവേദി രൂപീകരിച്ച് കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് നല്കുന്ന നിവേദനങ്ങളിലൂടെ ആവശ്യപ്പെടുക-ബാദുഷയും തോമസും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: