ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്. അത് നന്നായി ചെയ്യുമ്പോള്‍, അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ പറയും നല്ലവന്‍, അയാള്‍ക്ക് കാര്യങ്ങള്‍ അറിയാം എന്നൊക്കെ. ദൈവം ഭൂമിയിലേക്ക് എന്‍ഒസി കൊടുത്ത് വിടും മുമ്പ് ടിയാനെക്കുറിച്ചുള്ള സകല വിവരങ്ങളും തലച്ചോറില്‍ ഫീഡ് ചെയ്തിരിക്കും. അത് ഡീകോഡ് ചെയ്തു നോക്കിയാല്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കാം. തലേലെഴുത്തെന്ന് പണ്ടേ നാട്ടുമ്പുറത്തുകാര്‍ പറയുന്ന സാധനം തന്നെയാണത്. കുറച്ചു ശാസ്ത്രീയമാക്കിയാല്‍ ജീനിലുള്ളത് എന്നാവും. അത് ഒന്നുകൂടി മലയാണ്മയിലായാല്‍ പിറവിയില്‍ കിട്ടിയത് ആയി. മേപ്പടി സാധനം ജീവിതാവസാനം വരെ നമ്മെ കെട്ടിപ്പിടിച്ചു തന്നെ കിടക്കും. ഒരു മാറ്റവും വരില്ല. എത്ര മാറ്റാന്‍ നോക്കിയാലും അതിന് വ്യതിയാനമുണ്ടാവില്ല. പത്രക്കാരനായാലും കൊള്ളാം പാത്രക്കച്ചവടക്കാരനായാലും കൊള്ളാം. സ്ഥാനമാനങ്ങളോ, വിദ്യാഭ്യാസമോ, സംഘടനാ ചുമതലയോ ഒന്നും തന്നെ തലവര മാറ്റാന്‍ പര്യാപ്തമാവില്ല എന്നു ചുരുക്കം. ഏത് പദവിയിലുള്ള ആളായാലും നാലക്ഷരം പറയുമ്പോഴേക്കും അല്ലെങ്കില്‍ എഴുതുമ്പോഴേക്കും യഥാര്‍ത്ഥ സ്വഭാവം പിടികിട്ടിയിരിക്കും.
കഴിഞ്ഞ ദിവസം (സപ്തം 27) നമ്മുടെ നിയമസഭയില്‍ നടന്ന പൊട്ടലും ചീറ്റലും കണ്ടവര്‍ക്ക് ഇക്കാര്യം നന്നായി മനസ്സിലായിട്ടുണ്ടാവും. സ്വാശ്രയ കോളജിലെ ഫീസുപ്രശ്നവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്ഗ്രസ്സുകാര് സമരത്തിലാണ്. വെറും സമരമല്ല. നിരാഹാരസത്യഗ്രഹത്തില്‍ വരെ അതെത്തുന്നു. അതിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയും മറ്റും കാണിക്കുന്നു. ഏതായാലും ഇതിനെക്കുറിച്ചൊക്കെ ഷാഫി പറമ്പില്‍ സഭയില്‍ മിനിട്ടുകളോളം കസറി. അതിന് മറുപടി പറയാനെന്ന മട്ടില്‍ എഴുന്നേറ്റ മുഖ്യമന്ത്രിയുടെ ഭാവം തന്നെ പ്രതിപക്ഷത്തിന് പ്രകോപനമുണ്ടാക്കുന്നതായിരുന്നു. പൊലീസുകാര്‍ എഴുതിക്കൊടുത്ത വാചകങ്ങള്‍ വള്ളിപുള്ളി വിസര്‍ഗം വിടാതെ അദ്ദേഹം തട്ടിവിടാന്‍ തുടങ്ങുന്നു. അടങ്ങിയിരിക്കുമോ സുധീരന്റെ പാര്ട്ടിക്കാര്. അതാ അവര്‍ സ്പീക്കര്‍ക്കരികിലേക്ക് നീങ്ങുന്നു, ഒച്ചയായി, കൈയാംഗ്യമായി. പറഞ്ഞുതീര്‍ക്കാനുള്ള വെമ്പല്‍ മുഖ്യന്റെ മുഖത്ത് പ്രകടം. ഇടക്കിടെ സ്പീക്കര്‍ ചൂരല്‍ എടുക്കുന്നുണ്ട്, പേര് വിളിക്കുന്നുണ്ട്, പ്ലീസ് പ്ലീസ് പറയുന്നുണ്ട്. ആരു കേള്‍ക്കാന്‍. ഇതോടെയാണ് മുഖ്യമന്ത്രിയുടെ തനി നിറം പുറത്തുവരുന്നത്. എടോ, അനാവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ട് ഇവിടെ വന്നു പറഞ്ഞിട്ട് കാര്യമില്ല. അതൊന്നും നടക്കാന്‍ പോണില്ലെടോ. പോയിട്ട് വേറെ പണി നോക്ക്. എന്നായി മുഖ്യന്. അതോടെ ബഹളം പാരമ്യത്തില്‍. എന്തുചെയ്യേണ്ടൂ എന്നറിയാതെ സ്പീക്കര്‍. ഏതോ ചാനലുകാര് വാടകക്കെടുത്തവരാണ് എനിക്ക് കരിങ്കൊടി കാട്ടാനായി ഇറങ്ങിത്തിരിച്ചത് എന്നു കൂടി ആയപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകും പോലെയായി. എന്തായാലും ഒരു വിധം മുഖ്യമന്ത്രി പറഞ്ഞൊപ്പിച്ചു.
പിന്നീടാണ് വാക്കൗട്ട് പ്രസംത്തിനായി പ്രതിപക്ഷ നേതാവ് എഴുന്നേറ്റത്. അപ്പോഴും ബഹളം തുടര്‍ന്ന അംഗങ്ങളോട് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോഴും ബഹളമോ എന്നായി സ്പീക്കര്‍. ഒരു വിധം ശാന്തമായപ്പോള്‍ ചെന്നിത്തലയുടെ പൂഴിക്കടകന്‍. മഹാന്മാര് ഇരുന്ന സീറ്റാണ്. സഭയുടെ അന്തസ് പാലിക്കാത്ത പെരുമാറ്റമാണ്. പാര്‍ട്ടി ഓഫീസിലും തെരുവിലും പ്രസംഗിക്കുംപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. അത് കേട്ടതോടെ അല്പമൊന്ന് മുഖ്യമന്ത്രി അയഞ്ഞോ എന്നൊരു സംശയം. ദൈവം കൈയൊപ്പിട്ടുകൊടുത്തത് എങ്ങനെയാണ് മാറ്റാനാവുക. തല്ക്കാലം മുഖ്യമന്ത്രിയുടെ കാര്യം എടുത്തു എന്നേയുള്ളു. ആര്‍ക്കും ഇങ്ങനെ തന്നെയാവും. ഏത് വമ്പന്‍ പദവിയിലിരുന്നാലും എത്രയെത്ര പുസ്തകങ്ങള്‍ വായിച്ചാലും, ഏതൊക്കെ വാര്‍ത്താ സൈറ്റുകള്‍ നോക്കിയാലും ജന്മസിദ്ധമായി കിട്ടിയത് എങ്ങനെ മറക്കാനാണ്. വിക്രമാദിത്യന്റെ തോളില്‍ വേതാളം തൂങ്ങിയ മാതിരി അതങ്ങനെ തൂങ്ങിക്കിടക്കയല്ലേ ! ആരെന്ത് പറഞ്ഞാലെന്ത്, നിര്‍ദ്ദേശിച്ചാലെന്ത്, തന്റെ വഴിക്കേ താന്‍ പോകൂ.
വേതാളത്തിന്റെ കഥ പറഞ്ഞപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എന്ത് ചെയ്താലും കൊടുത്താലും ഒഴിയാബാധ പോലെയൊരാള്‍ പിന്നാലെ കൂടിയതിന്റെ പ്രയാസം ചില്ലറയൊന്നുമല്ല നമ്മുടെ മുഖ്യമന്ത്രി അനുഭവിക്കുന്നത്. ഭരണത്തില്‍ പരിഷ്കാരം കൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടെയാണ് നേരെചൊവ്വെ നടക്കാന്‍ പോലും കഴിയാത്ത വിദ്വാന് ഒരു ആരൂഢം ഒരുക്കിക്കൊടുത്തത്. എന്നാല്‍ അത് മുമ്പത്തെക്കാള്‍ പ്രശ്നമായിരിക്കുകയാണ്. മന്ത്രിമാരുടെ അടുത്ത് തന്നെ നിന്നാലേ പരിഷ്കാരത്തിനൊരു ഉള്ളുറപ്പുണ്ടാവൂ എന്നത്രേ വിദ്വാന് ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ അടുപ്പിച്ചാല്‍ ആപത്താണെന്ന് നേരത്തെ അറിയാവുന്നതിനാല്‍ പല തരത്തിലുള്ള വേലകളും ഒപ്പിച്ചിരുന്നു. എന്നിട്ടും പച്ചപടിച്ചു കിടക്കുകയാണ്. അള മുട്ടിയാല്‍ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. കുറച്ചുകാലം കൊണ്ടു നടന്ന സംവിധാനങ്ങള്‍ മുമ്പിലങ്ങനെ തുള്ളിത്തുടിച്ചു നില്ക്കുമ്പോള് എങ്ങനെയാണ് അതൊക്കെ ഉപേക്ഷിച്ച് നടന്നു നീങ്ങുക? ബക്കറ്റിലെ വെള്ളം എങ്ങനെയൊക്കെ ഇളകിയാലും കടലിലെ തിരയടിയാവുമോ? വെള്ളം എന്ന സാമാന്യ ഘടകം രണ്ടിലുമുണ്ടെന്നത് ശരി തന്നെ. തിരയടി വേറെ, ബക്കറ്റുവെള്ളത്തിന്റെ ഇളക്കം വേറെ.
വേണ്ട സമയത്ത് സ്കൂളില്‍ പോവാതെ മാവിന്റെ മുകളില്‍ കയറിയിരുന്നാല്‍ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ഓര്‍മപ്പെടുത്തുന്നു മ്മടെ സ്വന്തം കണാരേട്ടന് ! അങ്ങനെ ചോദ്യത്തിന് വിക്രമാദിത്യന്റെ യുക്തിസഹമായ മറുപടി കേട്ട് വേതാളം വീണ്ടും അദ്ദേഹത്തിന്റെ തോളില്‍ തൂങ്ങിക്കിടന്നു. എന്താ കാലികവട്ടത്തിന് വേതാളത്തോട് ഇത്ര താല്‍പ്പര്യം എന്നാണോ? അടുത്തിടെയായി കണ്ടുവരുന്ന, അനുഭവിച്ചുവരുന്നവയൊക്കെ വേതാളത്തിന്റെ പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നതാണ്. നേരെ ചൊവ്വെ നാഴി അരി വാങ്ങാന്‍ കെല്‍പ്പില്ലാത്തവനോട് വേദാന്തവും പുരാണവും പറയാന്‍ ഒരുമ്പെട്ടാല്‍ സ്ഥിതിയെന്താവും? ഒരു കാര്യം ചെയ്യാന്‍ ആരെയെങ്കിലും ഏല്‍പ്പിക്കും മുമ്പ് അതെന്തിന്, ആര്‍ക്ക്, ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ എന്നൊന്നും അറിഞ്ഞുകൂടാത്തവര്‍ മേപ്പടി കാര്യം ചെയ്യാത്തതാണ് നന്നെന്ന് പറയുന്നു ലോക ക്ലാസിക് വായിക്കാത്ത, അതെന്താണെന്നുപോലും അറിയാത്ത മ്മടെ കണാരേട്ടന്. വകതിരിവില്ലാതെ ചെയ്താല്‍ വൈകാതെ കിട്ടും മുതുകത്ത് എന്നാണ് കണാരേട്ടന്റെ മതം. അത് അങ്ങനെ തന്നെയാവട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ഈയാഴ്ചത്തേക്ക് വിട. ഒത്താല്‍ അടുത്താഴ്ച കാണാം. ഇല്ലെങ്കില്‍ ഇടയ്ക്കൊന്ന് ഈയുള്ളവനെ ഓര്‍ത്തോളണേ.
തൊട്ടുകൂട്ടാന്‍
മഴക്കാറ്റുടുത്തവള്‍
മിഴികള്‍ പൊത്തിത്തേങ്ങി
വയല്‍ക്കാറ്റ് വന്നെന്റെ
മടിമേലുറങ്ങി
തുലാവര്‍ഷമോണക്കതിര്‍ക്കുലകള്‍
താങ്ങിയൊരു വരവാണ്
അകത്തേക്കുയിര്‍ തണുപ്പിക്കാന്‍
രാഘവന് അത്തോളി
കവിത: ചൊയ
മലയാളം വാരിക daslak@gmail.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: