ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് അഭിഷേക് ചൗബേയുടെ ഉഡ്ത പഞ്ചാബ് തിയേറ്ററുകളില്‍ എത്തിയത്. സിനിമയിലെ ചില ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് അനാവശ്യമായി കട്ട് ചെയ്തെന്ന പേരിലാണ് ഉഡ്ത പഞ്ചാബ് ആദ്യം ജനശ്രദ്ധയാകര്‍ഷിച്ചത്. ഇതിന്റെ പേരില്‍ കോടതി കയറി. നിരവധി മാധ്യമചര്‍ച്ചകള്‍ നടന്നു. ഇതൊക്കെ ചി്രതത്തിന്റെ കളക്ഷന്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തി.
ചിത്രത്തിലെ അശ്ലീല വാക്കുകളുടെ പ്രയോഗമടക്കം 13 ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിന്റ നടപടിക്കെതിരെ ചലച്ചിത്ര സാമൂഹ്യ സേവന രംഗത്തെ നിരവധിയാളുകള്‍ രംഗതെത്തി. ചിത്രത്തിന്റെ പേരിലുള്ള പഞ്ചാബ് എന്നത് മാറ്റണമെന്നും സംസ്ഥാനത്തെ സ്ഥലങ്ങളുടേയും എംഎല്‍എമാരുടേയും പേര് പ്രതിപാദിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പഹ്ലജ് നിഹലാനി അറിയിച്ചിരുന്നു. എഎപിയുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഇതിനെ രാഷ്ട്രീയവല്കരിക്കുകയും പഞ്ചാബ്- കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ ഇതൊരു ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നടപടി ഉത്തരകൊറിയയിലാണ് നാം ജീവിക്കുന്നതെന്ന പ്രതീതി ഉളവാക്കുന്നെന്നും നിര്‍മ്മാതാവ് അനുരാഗ് കശ്യപ് ഈ വിഷയത്തില്‍ ട്വിറ്ററിലൂടെ പ്രതിഷേധവും അറിയിച്ചു. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിലും ഇത്തരം ട്വീറ്റിട്ട് അനുരാഗ് തന്റെ ദേഷ്യം തീര്‍ത്തു.
എന്നാല്‍ ഉഡ്ത പഞ്ചാബിന്റെ തിരക്കഥ ബെന്‍ എല്‍ട്ടന്‍ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്റെ ഹൈ സൊസൈറ്റി എന്ന പുസ്തകം കോപ്പിയടിച്ചുണ്ടാക്കിയതാണെന്നാണ് പുതിയ വിവാദം. ചിത്രത്തിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ വാദിച്ചതെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ഈ വാര്‍ത്ത. പ്രമുഖ മാധ്യമത്തിന്റെ വെബ്സൈറ്റില്‍ പുസ്തകം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഉഡ്ത പഞ്ചാബിന്റെ പേരുവരെ കോപ്പിയടിയാണെന്ന് പറയുന്നു. ഹൈ എന്നതിന്റെ ഹിന്ദി അര്‍ത്ഥമാണ് ഉഡ്ത, രണ്ടാമത്തെ വാക്കായ സൊസൈറ്റിയെ പഞ്ചാബ് എന്നാക്കി എന്നുമാത്രം.
ബ്രിട്ടീഷ് മയക്കുമരുന്നു സംസ്കാരത്തെ വികലമായ ഹാസ്യത്തില്‍ ചാലിച്ചാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടോമി ഹാന്‍സണ്‍ എന്ന മയക്കുമരുന്ന് അടിമയെ കേന്ദ്രീകരിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജെസ്സി എന്ന പെണ്‍കുട്ടി ലണ്ടനില്‍ നിന്ന് സ്കോട്ട്ലന്‍ഡിലെ തന്റെ വീട്ടിലേക്ക് മടങ്ങവേ മയക്കുമരുന്നു നല്കി വേശ്യാവൃത്തിക്കായി കൊണ്ടുപോവാന്‍ ശ്രമിക്കുന്നതും അതിനിടെ ഹാന്‍സണും ജെസ്സിയും കണ്ടുമുട്ടുന്നതും അടുപ്പത്തിലാവുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇടയില്‍ ബാരി ലെമന്‍ എന്ന പോലീസുകാരനും മുഖ്യകഥാപാത്രമായി എത്തുന്നു.
ഹിന്ദിയില്‍ ഹാന്‍സണിന്റെ കഥാപാത്രത്തിന്റെ പേര് തേജീന്ദര്‍ സിങ് (ഷഹീദ് കപൂര്‍), ജെസ്സിയുടെ കഥാപാത്രം ബൗരിയ (ആലിയ ഭട്ട്), പോലീസായി സര്‍തജ് സിങ് (ദില്‍ജിത് ദോസഞ്ച്) എന്നിവരാണ് അഭിനയിക്കുന്നത്. പഞ്ചാബ് കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന വ്യത്യാസം മാത്രമാണുള്ളതെന്ന് ഒറ്റനോട്ടത്തില്‍ പറയാം. കൂടാതെ ഹൈ സൊസൈറ്റിയില്‍ ബ്രിട്ടണിലെ മയക്കുമരുന്നുകടത്തലും ഉഡ്ത പഞ്ചാബില്‍ പാക്കിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്ക് മയക്കുമരുന്നു കടത്തുന്നതുമാണ്. ഇത്തരത്തില്‍ രാജ്യം മുഴുവന്‍ ചൂടുപിടിച്ച ചര്‍ച്ചക്ക് വഴിവെക്കുകയും സംസ്ഥാന ഭരണത്തെ പ്രതിരോധത്തിലാക്കുകയും ചെയ്ത ചിത്രം അതിന്റെ ചൂടാറുന്നതിനു മുമ്പെ, മറ്റൊന്നിന്റെ കോപ്പിയടിയാണെന്ന് പുറത്തുവന്നത് ഉഡ്ത പഞ്ചാബിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നാണക്കേടായി.
ഹൈ സൊസൈറ്റിയുടെ പ്രേരണയിലാണ് ഉഡ്ത പഞ്ചാബ് എഴുതിയതെന്ന ആരോപണം തിരക്കഥാകൃത്ത് സുദീപ് ശര്‍മ്മ തള്ളി. 2000 ല്‍ പുറത്തിറങ്ങിയ സ്റ്റീവന്‍ സൊദെര്‍ ബെര്‍ഗിന്റെ ട്രാഫിക് എന്ന സിനിമയാണ് ഉഡ്ത പഞ്ചാബിന് പ്രേരകമായതെന്ന് പറയുന്നു. അമേരിക്കക്കും മെക്സിക്കോയ്ക്കുമിടയിലുള്ള മയക്കു മരുന്നു കടത്തലുമായി ബന്ധപ്പെട്ടാണ് ട്രാഫിക് ചിത്രീകരിച്ചിരിക്കുന്നത്. ബെന്‍ എല്‍ട്ടണിന്റെ ഹൈ സൊസൈറ്റി വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ചിട്ടുണ്ട്. എന്നാല്‍ അതിലെ പല ഭാഗങ്ങളും ഓര്‍മ്മയിലില്ലെന്നും ശര്‍മ്മ പറയുന്നു.
ഇതുകൂടാതെ 2012 ല്‍ തെഹല്‍ക്കയില്‍ സായ് മനീഷ് എഴുതിയ പഞ്ചാബ് ഡ്രഗ് ക്രൈസിസ് എന്ന ലേഖനവും ഉഡ്ത പഞ്ചാബിന്റെ തിരക്കഥ നിര്‍മ്മാണത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കണ്ണു തുറപ്പിക്കുന്നതുമായിരുന്നു ലേഖനം. സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ മനീഷിന്റെ സഹായം തേടിയിരുന്നു.
അന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചാബിലെ മയക്കുമരുന്നുകടത്തലുകളെ കുറിച്ചും, അവിടുത്തെ പുനരധിവാസത്തെപ്പറ്റിയും വിശദമായി പഠനം നടത്തി. അതിനുശേഷമാണ് ഉഡ്ത പഞ്ചാബിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്നാണ് ശര്‍മ്മയുടെ പ്രതികരണം. എന്നാല്‍ എന്തുകൊണ്ടൊ സംവിധായകന് ചൗബെ ഇതുസംബന്ധിച്ച് പ്രതികരിക്കാനും മാധ്യമങ്ങളുടെ ഫോണ്‍വിളികള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി പറയാനും ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: