മാനന്തവാടി : ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ഊരുകൂട്ടങ്ങളെ ശക്തിപ്പെടുത്താനും ആരോഗ്യ പോഷണത്തിനായി ലഹരി ഉപഭോഗത്തില്‍ നിന്നു പിന്മാറാനും ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സെമിനാര്‍ ആഹ്വാനം ചെയ്തു. മാനന്തവാടിയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ആരോഗ്യ ജീവനം എന്ന സെമിനാറിലാണ് വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ സമൂലമായ പരിവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്ന വിഷയാവതരണം നടന്നത്. 130 ലധികം പ്രമോട്ടര്‍മാരും കണ്ണൂര്‍ യൂണിവേഴ്സിറ്റി മാനന്തവാടി കാമ്പസിലെ ട്രൈബല്‍ സോഷ്യോളജി വിഭാഗത്തിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും ഐ.ടി.ഡി.പി ,എക്സൈസ് ഉദ്യോഗസ്ഥരും സെമിനാറില്‍ പങ്കെടുത്തു.
ആദിവാസികളുടെ ജീവിതത്തില്‍ കാലാനുസൃതമായ പരിവര്‍ത്തനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചില പ്രാക്തന വിഭാഗക്കാര്‍ മാറ്റങ്ങളെ ഉല്‍ക്കൊള്ളാന്‍ ഇപ്പോഴും തയ്യാറാവാത്തത് കാലഘട്ടത്തിന്റെ ന്യൂനതയാണെന്ന് ആദിവാസി ജീവിതങ്ങളെ അപഗ്രഥിച്ച് ക്ലാസ്സെടുത്ത മുന്‍ ഐ.റ്റി.ഡി.പി ജോയിന്റ് ഡയറക്ടര്‍ ഇ. ജി.ജോസഫ് പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ ജീവിത പുരോഗതിക്കായി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അനുവദിക്കാറുണ്ട്. മിക്കപ്പോഴും തുക പരമാവധി ചെലവഴിക്കപ്പെടുമ്പോഴും ഇവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ അതേ പോലെ നിലനില്‍ക്കുന്ന അവസ്ഥകളുണ്ട്. പലതരത്തിലുള്ള ചൂഷണത്തിന് വിധേയമാകുന്നതും പതിവുകാഴ്ചയാണ്. ഇതിനെല്ലാം പിന്നില്‍ അവകാശബോധത്തിന്റെ അഭാവമുണ്ട്. സ്വയം തിരിച്ചറവിന്റെ പാതയിലേക്ക് ഇവരെല്ലാം നയിക്കപ്പെടണം. ആദിവാസി കോളനികളുടെ ചുറ്റുവട്ടങ്ങളെക്കുറിച്ചുള്ള പഠനം ഇന്ന് അനിവാര്യമാണ്. ബാഹ്യമായ ഇടപെടലുകള്‍ ഇവരുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന കാര്യങ്ങളെക്കുറിച്ച് ജാഗ്രത വേണം. ദേശീയ തലത്തില്‍ പഞ്ചവല്‍സര പദ്ധതികളില്‍ പോലും മാറ്റം വരികയാണ്. എന്നാല്‍ സംസ്ഥാനം അടുത്ത പഞ്ചവത്സര പദ്ധതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിലൂന്നിയ വികസന സങ്കല്പമാണ് ഈ നാടിന് ആവശ്യമാണ് എന്ന തിരിച്ചരിവാണ് ഇതിനുപിന്നില്‍. ജനാധിപത്യ സംവിധാനത്തിന്റെ മഹനീയ മാതൃകപോലും ആദിവാസി ഊരുകളില്‍ നിന്നും സ്വാംശീകരിച്ചതാണ്. ഇപ്പോള്‍ മൂപ്പന്മാര് പോലും ഇല്ലാത്ത കോളനികളാണ് പെരുകുന്നത്. ഈ സാഹചര്യത്തില്‍ ഊരുകൂട്ടത്തെ ശക്തിപ്പെടുത്തുക എന്നതായിരിക്കണം ലക്ഷ്യം.പെസ്സ പോലുള്ള നിയമങ്ങളുടെ പിന്തുണ ആദിവാസി മേഖലകളില്‍ കൂടുതല്‍ അധികാര വികേന്ദ്രീകരണം നടത്താന്‍ സഹായകമാകുമെന്നും സെമിനാര്‍ വിലയിരുത്തി.
മദ്യം കോളനികളെ വിഴുങ്ങുന്നതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്ന് ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഗസ്റ്റിന് ജോസഫ് പറഞ്ഞു.’ആദിവാസികളും ലഹരി ഉപഭോഗവും’ എന്ന വിഷയത്തില്‍ എക്സസൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്.ബൈജു ക്ലാസ്സെടുത്തു. ആദിവാസികളെ ചൂഷണം ചെയ്യുന്നത് ഇന്ന് ഏറെയും മദ്യവും ലഹരി വസ്തുക്കളും വാഗ്ദാനം ചെയ്താണ്. മദ്യാപാനാസ്കതി ആരോഗ്യത്തിലുപരി സാമൂഹിക അന്തരീക്ഷം കൂടി തകര്‍ക്കുകയാണ് .ഇവര്‍ക്കിടയിലിറങ്ങി ബോധവത്കരണത്തിലൂടെ പടിപടിയായുള്ള മാറ്റത്തിന് തുടക്കമിടുകയാണ് ജനമൈത്രി എക്സെസ് സേനയും. ഇതിനോട് സഹകരിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ജീവിത ഘട്ടങ്ങളില്‍ അടുക്കും ചിട്ടയുമുള്ള സമൂഹമായിരുന്നു ആദിവാസികളുടെത്. ബാഹ്യമായ ഇടപെടലുകള്‍ ഇതിനെ വിള്ളലേല്‍പ്പിച്ചത് ഈ സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിച്ചെന്നും കണ്ണൂര്‍ സര്‍വകലാശാല ട്രൈബല്‍ സോഷ്യോളജി റൂറല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പി.ഹരീന്ദ്രന്‍ പറഞ്ഞു. മദ്യപിക്കുന്ന സമൂഹമെന്ന കാഴ്ചപ്പാടില്‍ നിന്നും ഇവരെ മോചിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: