കാഞ്ഞങ്ങാട്: കൃഷിഭവന് മുഖേനയുള്ള പച്ചതേങ്ങ സംഭരണത്തില്‍ വേണ്ടത്ര സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കേരഫെഡിനും കൃഷിഭവനും ലക്ഷങ്ങളുടെ നഷ്ടം. ഇതുവഴി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയാണ് നഷ്ടമുണ്ടാകാന്‍ പോകുന്നത്. സംസ്ഥാനത്തെ നാളികേര കര്‍ഷകരില്‍ നിന്നായി കിലോയ്ക്ക് 25 രൂപ നിരക്കിലാണ് കേരഫെഡ് തേങ്ങ സംഭരിച്ചിരുന്നത്. ഇത് കഴിഞ്ഞ മൂന്നുമാസമായി നിര്‍ത്തിവെച്ചിരുന്നു. കൃഷിഭവനുകളില്‍ നിന്ന് കയറ്റി അയക്കുന്ന തേങ്ങകള്‍ കോഴിക്കോടുള്ള കേരഫെഡ് ആസ്ഥാനത്തായിരുന്ന സംഭരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നുമാസമായി ഗോഡൗണില്‍ സ്ഥലമില്ലാത്തതിനാല്‍ സംഭരണം താല്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കേരകര്ഷകരില് നിന്ന് സംഭരിച്ച തേങ്ങകള്‍ കൃഷിഭവനുകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷമാണുണ്ടായത്. ജില്ലയില്‍ ഇത്തരത്തില്‍ വിവിധ കൃഷിഭവനുകളിലായി കേരഫെഡ് ശേഖരിച്ച 300 ടണ്‍ പച്ചതേങ്ങയാണുള്ളത്.
കാഞ്ഞങ്ങാട് കൃഷിഭവനില്‍ മാത്രം കെട്ടിക്കിടന്നത് 25 ടണ്ണോളം പച്ചതേങ്ങയാണ്. മൂന്നുമാസമായി തേങ്ങ ചാക്കില്‍ കെട്ടിയനിലയില്‍ കൃഷിഭവനുകളുടെ വരാന്തയില്‍ മഴയും വെയിലുമേറ്റ് കിടക്കുന്നു. കഴിഞ്ഞ ദിവസമാണ് തേങ്ങ കയറ്റുമതി നാമമാത്രമായെങ്കിലും പുനരാരംഭിച്ചത്. കാഞ്ഞങ്ങാട് ഇന്നലെ 8 ടണ്‍ കയറ്റുമതി ചെയ്യുമ്പോഴേക്കും 852 കിലോ തേങ്ങയാണ് ചീഞ്ഞ നിലയിലുണ്ടായിരുന്നതെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. ബാക്കി തേങ്ങകൂടി കയറ്റുന്നതോടുകൂടി ഏകദേശം 20 ശതമാനം നഷ്ടം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവഴി 1 ലക്ഷം രൂപയോളം നഷ്ടം കാഞ്ഞങ്ങാട് കൃഷിഭവനില്‍ മാത്രം ഉണ്ടാകും. ഇങ്ങനെ സംസ്ഥാനത്തെ വിവിധ കൃഷിഭവനുകളിലായി കോടികളുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. കെട്ടിക്കിടക്കുന്ന തേങ്ങ കൊപ്രയാക്കാനുള്ള അനുമതി അതാതു കൃഷിഭവനുകള്‍ക്ക് സര്‍ക്കാര്‍ നല്കിയിരുന്നെങ്കില് ഇത്രയും നഷ്ടം സംഭവിക്കില്ലായിരുന്നെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംഭരണം നിര്‍ത്തിവെച്ചതുമൂലം കര്‍ഷകര്‍ക്കും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. പൊതിച്ച തേങ്ങകള്‍ കൂടുതല്‍ കാലം നില്‍ക്കില്ലെന്നതിനാല്‍ കെടുവിലക്ക് വിപണിയില്‍ വില്‍ക്കേണ്ട സ്ഥിതിയുണ്ടായതായി കര്‍ഷകരും പറയുന്നു. 2017 ജനുവരി മാസം വരെ തേങ്ങ സംഭരിക്കാനുള്ള ടോക്കണ്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. 15 രൂപയാണ് വിപണയിലുള്ളത്. കൃഷിഭവന് മുഖേന 25 രൂപ ലഭിച്ച കര്‍ഷകര്‍ 10 രൂപ നഷ്ടത്തിനാണ് പൊതിച്ച തേങ്ങകള്‍ വില്പന നടത്തിയത്. ഉല്‍പ്പാദന ചിലവ് തട്ടിച്ചു നോക്കുമ്പോള്‍ കനത്ത നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: