കാസര്‍കോട്: തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ അട്ടിമറിച്ച് മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് പിടിച്ചെടുക്കാന്‍ സിപിഎം-കോണ്‍ഗ്രസ്സ് ഗൂഢാലോചന നടത്തുന്നുവെന്ന് സഹകാര്‍ ഭാരതി ജില്ലാ കമ്മറ്റി ആരോപിച്ചു. ഭരണ സ്വാധീനമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നിലവിലെ ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞ 24 ന് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് അനിഞ്ചിതമായി മാറ്റി വെച്ച് അഡ്മിനിസ്ട്രേറ്റര്‍ എന്ന പേരില്‍ സിപിഎം നേതാക്കളുടെ കീഴില്‍ ബാങ്കിന്റെ ഭരണം കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇടത് വലത് മുന്നണികള്‍ നടത്തിയത്.
സംസ്ഥാന മുഖ്യ സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനെ പുറപ്പെടുവിച്ച ശേഷം വോട്ടെടുപ്പിന് തൊട്ട മുമ്പ് മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റി വെച്ച കമ്മീഷണറുടെ നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും, ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും സഹകാര്‍ ഭാരതി ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലായ് 15 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് കാസര്‍കോട് സര്‍ക്കിള്‍ ജനറല്‍ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറെ ഇലക്ടറല്‍ ഓഫീസറായും മഞ്ചേശ്വരം യുണിറ്റ് ഇന്‍സ്പെക്ടറെ വരണാധികാരിയായും നിയമിക്കുകയും ചെയ്തു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് നാമനിര്‍ദേശ പത്രിക സ്വീകരിച്ച് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്. അന്നൊന്നും പരാതിയുമായി രംഗത്ത് വരാത്ത ഇടത് വലത് മുന്നണികളാണ് ഇന്ന് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
പട്ടികജാതി പട്ടിക വര്‍ഗ്ഗ സംവരണ സീറ്റിലെ ശശികുമാറും, ഡെപ്പോസിറ്ററുടെ സീറ്റിലെ അപ്പണ്ണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും സഹകാര്‍ ഭാരതി സ്ഥാനാര്‍ത്ഥികളാണ്. ബാക്കി 11 സീറ്റിലേക്ക് കഴിഞ്ഞ 18 നടക്കേണ്ട തെരഞ്ഞെടുപ്പാണ് നിര്‍ത്തി വെച്ചത്. ബാങ്ക് ഭരണ സമിതി കേരള ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കാലാവധി കഴിയുന്നതി മുമ്പ് പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കാത്തതിന് നിലവിലെ ഭരണ സമിതി ഉത്തരവാദിയല്ലെന്നും അതിനാല്‍ നിലവിലെ ഭരണസമിതിയിലെ മൂന്നു പേരെ പുതിയ ഭരണ സമിതി അധികാരത്തില്‍ വരുന്നത് വരെ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിക്കണമെന്ന് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവിലെ ഭരണ സമിതി പ്രസിഡണ്ട് എസ്.നാരായണ കണ്‍വീനറും ഉമാനാഥ ഭണ്ഡാരി, പി.അപ്പണ്ണ എന്നിവര്‍ അംഗങ്ങളുമായുള്ള അഡ്മിനിസ്ട്രേറേറീവ് കമ്മറ്റിയാണ് ഭരണം നടത്തുന്നത്. നിയമ വിരുദ്ധമായി ബാങ്ക് ഭരണം പിടിച്ചെടുക്കാന്‍ ഇടത് വലത് മുന്നണികള്‍ നടത്തിയ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി.
ഭരണ ഘടന ഭേദഗതിയുടേയും കേരള സഹകരണ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ മുഗു ബാങ്കിലെ വോട്ടര്‍ പട്ടിക ഇലക്ടറല്‍ ഓഫീസറാണ് തയ്യാറാക്കിയത്. തുടര്‍ച്ചയായി മൂന്ന് പൊതുയോഗങ്ങളില്‍ ഹാജരാകാതിരിക്കുകയും രണ്ട് വര്‍ഷം ബാങ്കിന്റെ സേവനങ്ങളൊന്നും കൈപ്പറ്റാതിരിക്കുകയും ചെയ്ത 2012 പേരെ ഒഴിവാക്കി 140 പേരുടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്. വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം ആരോപിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഇടപ്പെട്ട സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി രാഷ്ട്രീയ പ്രേരിതവും, ജനാധിപത്യ വിരുദ്ധവും ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും കോടതി വിധികള്ക്കെതിരുമാണെന്ന് അവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഭരണ സ്വാധീനമുപയോഗിച്ച് സഹകരണ സ്ഥാപനങ്ങളുടെ ഭരണം പിടിച്ചെടുക്കാനുള്ള സിപിഎം ശ്രമം ജനാധിപത്യ വിരുദ്ധമാണ്. മുഗു ബാങ്കില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന് ആവശ്യപ്പെട്ടു. ദേശീയ സമിതിയംഗം ഐത്തപ്പ മൗവ്വാര്‍, ജില്ലാ പ്രസിഡണ്ട് ഗമപതി കോട്ടക്കണി, ജനറല്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട, താലൂക്ക് സെക്രട്ടറി എസ്.നാരായണ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: