നെന്മാറ: വനം വകുപ്പിന്റെ പരിധിയില്‍ വരുന്ന അല്ലിമൂപ്പന്‍ വനവാസി കോളനിയിലെ അമ്മമാരും കുട്ടികളും ചെമ്മണാമ്പതി കാട്ടുവഴിയില് കുത്തിയിരുപ്പ് സമരം നടത്തുന്നു. വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ചെമ്മണാമ്പതിയില്‍ നിന്നും നടന്നു പോകാറുള്ള അല്ലിമൂപ്പന്‍ കോളനിയിലേക്കുള്ള വഴിമദ്ധ്യേ അമ്മമാരും കുട്ടികളുമൊത്ത് കുത്തിയിരുപ്പ് നടത്തും.
ഇരുപത്തഞ്ചു വര്‍ഷത്തോളമായി ഉന്നയിക്കുന്ന ജനകീയ ആവശ്യത്തിനാണ് പുതിയ സമരത്തിന്റെ മുഖവുമായി അമ്മമാരും കുട്ടികളും കാടിറങ്ങുന്നത്. പിറന്നതുമുതല്‍ മരണം വരെ നടന്നുതന്നെ തീരുന്ന ജീവിതങ്ങളാണ് അല്ലിമൂപ്പന്‍ കോളനിവാസികള്‍. പ്രാചീന ഗോത്രവര്‍ഗ്ഗത്തില്‍പെട്ട മലസര്‍, മലൈമലസര്‍, കാടര്‍ വിഭാഗത്തില്‍പെട്ടവരാണ് ഇവരിലെല്ലാവരും.
പഠനത്തിനായി ഹോസ്റ്റലുകളില്‍ വിടുന്ന പിഞ്ചുകുഞ്ഞുങ്ങളെ ഒന്നുകാണാന്‍ പോലും കിലോമീറ്ററുകള്‍ കാട്ടിലൂടെ നടന്ന് കാടിറങ്ങണം എന്നതാണ് കാട്ടിലെ അമ്മമാരുടെ പരാധി. അല്ലങ്കില്‍ 100 കിലോമീറ്ററോളം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് മുതലമടയിലെത്തണം. കുട്ടികള്‍ക്കുള്‍പ്പെടെ മലമ്പാതകളിലൂടെ വന്യജീവികളെയും ഭയന്ന് കിലോമീറ്ററോളം നടന്നുവേണം കുടികളിലെത്താന്. അല്ലെങ്കില്‍ ചെമ്മണാമ്പതിയിലെ വഴിയിലൂടെ 25 കിലോമീറ്റര്‍ മലകയറണം.
ചെറിയ പനിയോ തലവേദനയോ വന്നാല്‍ അമ്മയെകൊതിക്കുന്ന പിഞ്ചുമക്കളുടെ മനസ്സിനെകുറിച്ചോര്ത്ത് കരഞ്ഞു കല്ലാക്കിയാണ് ഇപ്പോഴത്തെ അമ്മമാരുടെ ജീവിതം. ആശുപത്രിയായാലും അംഗനവാടിയായാലും ആദിവാസികള്‍ക്ക് ഇന്നും കാല്‍നട തന്നെ ശരണം. തൊഴിലുറപ്പിലൂടെയോ വനവകുപ്പിന്റെ പദ്ധതികളിലൂടെയോ ഒരു ജീപ്പ് റോഡ് നിര്‍മ്മിച്ചല്‍ പ്രശ്നത്തിന് പരിഹാരമായി.
ചെമ്മണാമ്പതി വഴി തേക്കടിയിലേക്കും തുടര്‍ന്ന് പറമ്പിക്കുളത്തേക്കും റോഡ് നിര്‍മിക്കാന്‍ തയാറാണെന്ന് ഭരണകൂടം ഉറപ്പ് നല്‍കിയിരുന്നെങ്കിലും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയില്ല. തടസങ്ങള്‍ എന്തൊക്കെയായാലും അത് മാറ്റിക്കൊടുക്കുക എന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് കോളനിക്കാരുടെ പ്രതിനിധി ചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: