സ്വന്തം കാറില്‍ മറ്റേതോ പ്രതിനിധികള്‍ കയറി പോലീസിന്റെ പൈലറ്റ് വാഹനത്തിന്റെ അകമ്പടിയുമായി പോകുന്നത് കണ്ട് ചിരിച്ച് നില്ക്കുന്ന രാജ്യത്തിന്റെ പ്രതിരോധ മന്ത്രി, വാഹനത്തിന് എത്തിപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബീച്ചിലെ ഫുട്പാത്തില്‍ കയറി ബൈക്കിന് കൈനീട്ടാനൊരുങ്ങുന്ന മുന്‍ കരസേനാധിപന് കൂടിയായ കേന്ദ്രമന്ത്രി വി.കെ സിങ്, പൊതുസമ്മേളനം നടക്കുന്ന ബീച്ചിലേക്ക് ജനബാഹൂല്യം കാരണം വാഹനങ്ങളുപേക്ഷിച്ച് ഒന്നര കിലോമീറ്ററിലധികം ദൂരം കാല്‍നടയായി വന്ന വെങ്കയ്യ നായിഡുവും മനോഹര്‍ പരീഖറും രാധാമോഹന്സിങുമടക്കമുള്ള മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, സീറ്റുകള്‍ മതിയാകാതെ വന്നപ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ബീച്ചിലെ മണല്‍പ്പരപ്പില്‍ ഇരിക്കാന്‍ തയ്യാറായ കല്‍രാജ് മിശ്ര അടക്കമുള്ള മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും എംപിമാരും. കേരളത്തിന് ഈ കാഴ്ചകളെല്ലാം പുതിയതാണ്.
ബിജെപി ദേശീയ കൗണ്‍സില്‍ നടന്ന കോഴിക്കോട്ട് നിന്ന് മറക്കാനാവാത്ത കാഴ്ചകളനവധി ഇനിയും ബാക്കിയാണ്. ഇത്രയധികം ദേശീയ നേതാക്കള്‍ ഒരുമിച്ചു സമ്മേളിച്ച കേരളത്തിലെ ആദ്യ പൊതുസമ്മേളനമായിരുന്നു കോഴിക്കോട് ബീച്ചില്‍ ബിജെപി ഒരുക്കിയത്. പ്രധാനമന്ത്രിയുടെ ഒഴികെ മറ്റു മന്ത്രിമാരുടെയെല്ലാം പ്രോട്ടോക്കോളുകള്‍ പലപ്പോഴും അവര്‍ തന്നെ ഒഴിവാക്കി. സാധാരണ ജനങ്ങളിലേക്ക് ആവേശമെത്തിക്കാന്‍ സ്വയം നിയോഗിക്കപ്പെട്ടവരായി ഓരോ കേന്ദ്രനേതാക്കളും മാറുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും ഒഴിവാക്കി പൊതുസമ്മേളനത്തിന് പോകാന്‍ തീരുമാനിച്ച ഇസഡ് പ്ലസും ഇസഡ് കാറ്റഗറി സുരക്ഷയുമുള്ള ദേശീയ നേതാക്കള്‍, തങ്ങള്‍ കേരളത്തിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്ത്തകര്ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കിയത്. ജനലക്ഷങ്ങള്‍ക്കിടയിലൂടെ ഭീകരവാദ ഭീഷണിയും മാവോയിസ്റ്റ് ഭീഷണിയും മറ്റ് സുരക്ഷാ പ്രശ്നങ്ങളുമുള്ള നൂറുകണക്കിന് ദേശീയ നേതാക്കള്‍ സര്‍വ്വസ്വതന്ത്രരായി ആഘോഷിച്ച്, ചിരിച്ചുല്ലസിച്ച് നടന്ന കോഴിക്കോടന്‍ കാഴ്ച ദല്‍ഹിയില്‍ നിന്നെത്തിയ ദേശീയ മാധ്യമ പ്രവര്‍ത്തകരിലെല്ലാം ആകാംക്ഷ ഉണര്‍ത്തി.
വളരെയേറെ പ്രത്യേകതകളും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും ബാക്കിവെച്ചാണ് കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ സമാപിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ള 1,133 പ്രതിനിധികള്‍, ഇതില്‍ 55 കേന്ദ്രമന്ത്രിമാര്‍, 310 എംപിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ 200ലധികം മന്ത്രിമാര്‍, മുന്നൂറോളം എംഎല്‍എമാര്‍ എന്നീ ജനപ്രതിനിധികള്‍ക്കൊപ്പം ബിജെപിയുടെ ദേശീയ, സംസ്ഥാന നേതാക്കളും കോഴിക്കോട്ടെത്തി. മൂന്നുദിവസം അക്ഷരാര്‍ത്ഥത്തില്‍ രാജ്യതലസ്ഥാനമായി മാറുകയായിരുന്നു കോഴിക്കോട്.
വിവിധ തലത്തിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കും കോഴിക്കോട് സാക്ഷ്യം വഹിച്ചു. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനും പ്രധാനമന്ത്രിയും പ്രമുഖ വ്യക്തികളുമായി നടത്തിയ ചര്‍ച്ചകള്‍, ക്ഷേത്ര സന്ദര്‍ശനങ്ങള്‍, എന്‍ഡിഎ ഘടകകക്ഷികളുമായി നടന്ന സംഭാഷണങ്ങള്‍, കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാം കോഴിക്കോട് കേന്ദ്രീകരിച്ചു നടന്നു.
കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ മഹാപ്രയാണത്തിന് തുടക്കമിടുന്നതായി കോഴിക്കോട്ട് നടന്ന ദേശീയ കൗണ്‍സിലെന്ന വിലയിരുത്തലുകളുമുണ്ടായി.
ബിജെപിയോട് എക്കാലവും മുഖം തിരിച്ചു നിന്ന കേരളത്തിലെ മാധ്യമങ്ങളുടെ മനസ്സിലുണ്ടായ മാറ്റമായിരുന്നു ഏറ്റവും ശ്രദ്ധേയം. മാതൃഭൂമിയും മനോരമയും അടക്കമുള്ള മാധ്യമങ്ങള്‍ കൂടുതല്‍ പേജുകള്‍ തന്നെ ദേശീയ കൗണ്‍സിലിനായി മാറ്റി വെച്ചു. പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ മാറ്റിവെച്ച് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലെ മാറ്റം പ്രവചിച്ച് മറ്റ് പത്രങ്ങളും ദേശീയ കൗണ്‍സിലിന് പിന്തുണയുമായെത്തി. പണക്കൊഴുപ്പിന്റെ ആധിക്യമെന്ന ആരോപണങ്ങള്‍ പോലും മാധ്യമങ്ങള്‍ തന്നെ പിന്നീട് തിരുത്തി. വിവിഐപികളുടെ ആധിക്യം കാരണം അടിസ്ഥാന ക്രമീകരണങ്ങളില്‍ പുലര്‍ത്തേണ്ട കാര്യങ്ങള്‍ മാത്രമാണ് കോഴിക്കോട് ഒരുക്കിയത്. സംസ്ഥാനത്തെ നിര്‍ണ്ണായക ശക്തിയായി ബിജെപി ഉയര്‍ന്നുവന്ന കാഴ്ചയാണ് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളനമെന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ വിലയിരുത്തി. കോഴിക്കോട് മഹാനഗരം ഇതുവരെ സാക്ഷിയായിട്ടില്ലാത്തത്ര വലിയ പൊതുസമ്മേളനമാണ് ബിജെപി നടത്തിയതെന്ന് മൂന്നുപതിറ്റാണ്ടായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.
രണ്ടായിരത്തിലധികം വോളണ്ടിയര്‍മാര്‍ ദേശീയ കൗണ്‍സിലിന് വേണ്ടി ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരായി ആഴ്ചകളോളം പ്രവര്‍ത്തിച്ചു. വിവിധ വകുപ്പുകളിലായി പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനമാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുടെ സഹായമില്ലാതെ അതിഗംഭീരമായി ദേശീയ കൗണ്‍സില്‍ വിജയിപ്പിക്കാന്‍ സഹായിച്ചത്. സമ്മേളന പ്രതിനിധികളായെത്തിവര് ചൂണ്ടിക്കാണിച്ച മേന്മയും ഇതുതന്നെ. ഭാഷാ പ്രശ്നങ്ങളെയെല്ലാം മറികടന്ന് വിനയത്തോടെയാണ് വോളണ്ടിയര്‍മാര്‍ തങ്ങള്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തതെന്ന് അരുണാചല്‍ പ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ തപിര്‍ ഗവോയും സംഘവും പറഞ്ഞു.
ജനസംഘം അഖിലേന്ത്യാ അദ്ധ്യക്ഷനായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ തുടക്കമായിരുന്നു കോഴിക്കോട് ദേശീയ കൗണ്‍സില്‍. ഒരു വര്‍ഷം മുഴുവനും ദേശീയ തലത്തില്‍ നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളും ജനക്ഷേമ പദ്ധതികള്‍ക്കുമാണ് ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും അന്ത്യോദയ എന്ന ദീനദയാല്‍ സാമ്പത്തിക ശാസ്ത്രം ലക്ഷ്യമിട്ട് വിവിധ കര്‍മ്മപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജനകീയ പദ്ധതികള്‍ നടപ്പില്‍ വരുത്തി വിജയിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിമാരുടെ സമിതിയാണ് വികസന പദ്ധതികള്‍ തയ്യാറാക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദ്ധതികള്‍ നടപ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും വിശദീകരിച്ചിട്ടുണ്ട്. കേന്ദ്രപദ്ധതികള്‍ എല്ലാം സമ്പൂര്‍ണ്ണമായും സമയബന്ധിതമായും നടപ്പാക്കണമെന്ന് പ്രത്യേക ഉത്തരവ് നല്കി മുന്നോട്ടുപോകുന്ന കേരളത്തിലെ പിണറായി വിജയന് സര്‍ക്കാരിനും ദീനദയാല്‍ ജന്മശതാബ്ദി പദ്ധതികള്‍ മുതല്‍ക്കൂട്ടാകും.
അവസാന വരിയിലെ അവസാന വ്യക്തിയില്‍ വരെ വികസനം എത്തുകയെന്ന ദീനദയാല്‍ സാമ്പത്തിക ശാസ്ത്രമായിരിക്കും ഇനി കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാന പ്രമാണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോഴിക്കോട് മൂന്നുനാള്‍ നീണ്ടു നിന്ന ദേശീയ കൗണ്‍സില്‍ സമാപിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും വികസന പദ്ധതികളിലുമുള്ള സമൂലമായ പൊളിച്ചെഴുത്തിനാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. കേവലം അധികാരത്തിലെത്തുക എന്നതു മാത്രമല്ല, അടിസ്ഥാന ജനവിഭാഗത്തിന്റെ സമൂലമായ പരിവര്‍ത്തനം സാധ്യമാക്കുകയെന്ന ദൗത്യമാണ് ബിജെപിക്കുള്ളതെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദീനദയാല്‍ജി ദേശീയ അദ്ധ്യക്ഷനായ കോഴിക്കോടിന്റെ മണ്ണില്‍ അമ്പതാണ്ടുകള്‍ക്കപ്പുറം നടന്ന ബിജെപി ദേശീയ കൗണ്‍സില്‍. ദേശീയ തലത്തില്‍ രാഷ്ട്രീയത്തിലും സാമൂഹ്യ സാമ്പത്തിക മേഖലകളിലും അതിന്റെ അനുരണങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഒപ്പം ഇനിയങ്ങോട്ട് കേരളത്തില്‍ ഒരിക്കലും മാറ്റിനിര്‍ത്താനാവാത്തവിധം ബിജെപി അതിന്റെ വിശ്വരൂപം കാണിക്കുകയും ചെയ്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: